രണ്ടാം മറാട് കലാപം: 22 പ്രതികള്‍ക്ക് ജാമ്യം
Daily News
രണ്ടാം മറാട് കലാപം: 22 പ്രതികള്‍ക്ക് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th July 2014, 2:00 pm

suprem-court-of-india[] കോഴിക്കോട്: രണ്ടാം മാറാട് കലാപത്തിലെ പ്രതികള്‍ക്ക് ജാമ്യം. വിചാരണ കോടതി ശിക്ഷിച്ച 22 പ്രതികള്‍ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു.

ജാമ്യ വ്യവസ്ഥകള്‍ വിചാരണകോടതിയ്ക്ക് തീരുമാനിക്കാമെന്ന് ജസ്റ്റിസ് എസ്.ജെ മുഖോപാദ്ധ്യയയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

2003ല്‍ എട്ടു പേര്‍ കൊല്ലപ്പെട്ട രണ്ടാം മാറാട് കലാപക്കേസില്‍ 63 പേരെയാണ് വിചാരണക്കോടതി 2012 ആഗസ്റ്റില്‍ തടവിന് ശിക്ഷിച്ചത്. ഇവരില്‍ 22 പേര്‍ക്ക് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ 2012ല്‍ ഹൈക്കോടതി ശരിവെച്ചിരുന്നു.

ഇവര്‍ക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.  പതിനൊന്നു വര്‍ഷമായി തങ്ങള്‍ ജയില്‍വാസം അനുഭവിക്കുകയാണെന്നും മാനുഷിക പരിഗണനവച്ച് ജാമ്യം അനുവദിക്കണമെന്നും പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടു.

കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് കേരളസര്‍ക്കര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ വീണ്ടും സംഘര്‍ഷമുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.