| Wednesday, 5th May 2021, 5:59 pm

രണ്ടാമത്തെ ഡോസ് വാക്‌സിന്‍ മൂന്ന് മാസം കഴിഞ്ഞെടുക്കുന്നതാണ് ഗുണകരം; തിരക്കുകൂട്ടേണ്ടെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡിനെതിരെയുള്ള രണ്ടാമത്തെ വാക്‌സിന്‍ മൂന്ന് മാസം കഴിഞ്ഞെടുക്കുന്നതാണ് ഏറ്റവും ഗുണകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം കൊവിഡിനെതിരെയുള്ള രണ്ടാമത്തെ ഡോസ് വാക്‌സിന്‍ മൂന്ന് മാസം കഴിഞ്ഞെടുക്കുന്നതാണ് ഏറ്റവും ഗുണകരം. അതിനായി തിരക്കുകൂട്ടേണ്ട സാഹചര്യമില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് രോഗവ്യാപനം അതീവഗുരുതരമായി തുടരുകയാണെന്നും വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണെന്നും അതിന്റെ കാരണങ്ങള്‍ പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ റിക്കവറി നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളില്‍ നിന്ന് കുടിശ്ശിക നോട്ടീസ് അയക്കുന്നത് നിലവിലെ സാഹചര്യത്തില്‍ നിര്‍ത്തിവെയ്ക്കാനും ഉത്തരവിട്ടതായി അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Second Dose Vaccine After 3 Months Is Better Says Pinarayi Vijayan

Latest Stories

We use cookies to give you the best possible experience. Learn more