| Tuesday, 21st December 2021, 12:09 pm

'മാമനെ പോലെ ലോക്കലല്ല, ഇന്റര്‍നാഷണലാ', വഴി തെറ്റിയ 'തണ്ടര്‍ വുമണ്' വഴി കാട്ടി മിന്നല്‍ മുരളി; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി രണ്ടാമത്തെ കോമികും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിന്നല്‍ മുരളിയുടെ ആദ്യ കോമിക് പ്രൊമോഷന്‍ ഹിറ്റായതിന് പിന്നാലെ രണ്ടാമത്തെ കോമിക് പ്രൊമോഷനും പുറത്ത്. മലയാള മനോരമ പത്രത്തിലാണ് ഇന്നും കോമിക് വന്നിരിക്കുന്നത്. ഹോളിവുഡ് സൂപ്പര്‍ ഹീറോ ചിത്രമായ വണ്ടര്‍ വുമണിനോട് സാദൃശ്യമുള്ള തണ്ടര്‍ വുമണ്‍ കേരളത്തില്‍ വരുന്നതാണ് രണ്ടാമത്തെ കോമികിന്റെ ഇതിവൃത്തം.

തണ്ടര്‍ വുമണിന്റെ കല്ല്യാണമുറപ്പിച്ചെന്നറിഞ്ഞ് നിരാശനായ മിന്നല്‍ മുരളിയോട് സാരമില്ല മാമ നമുക്ക് വാനിഷിംഗ് വനജയെ സെറ്റാക്കാമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയാണ് പെങ്ങളുടെ മകന്‍.

എസ്.ഐ സാജനെ ഇടിച്ച് കിണറ്റിലിടുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കോമികില്‍ ഉണ്ടായിരുന്നത്. വമ്പന്‍ ഹൈപ്പുമായി എത്തുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് മലയാളികള്‍ കാത്തിരിക്കുന്നത്. ഓരോ ദിവസവും ഇറങ്ങുന്ന പ്രൊമോകളും ചിത്രത്തിന്റെ ഹൈപ്പ് ഉയര്‍ത്തുന്നതേയുള്ളൂ.

ഗ്രേറ്റ് ഖാലിയോടൊപ്പമുള്ള പ്രൊമോ വീഡിയോയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മിന്നല്‍ മുരളിയുടെ സ്റ്റിക്കര്‍ ഒട്ടിച്ചു കൊണ്ടാണ് പ്രൊമോഷന് തുടക്കം കുറിച്ചത്.

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന മിന്നല്‍ മുരളി സംവിധാനം ചെയ്തത് ബേസില്‍ ജോസഫാണ്. ടൊവിനോ തോമസിനെ കൂടാതെ അജു വര്‍ഗീസ് , തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: second domic of minnal murali

We use cookies to give you the best possible experience. Learn more