| Monday, 11th December 2023, 8:17 pm

ഹുറികെയ്ന്‍സിന്റെ ഫ്യൂസ് ഊരി ഹ്യൂസ്; സിഡ്‌നി സിക്‌സേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം

സ്പോര്‍ട്സ് ഡെസ്‌ക്

2023 ബിഗ് ബഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം വിജയം. ഹൊബാര്‍ട്ട് ഹുറികെയ്ന്‍സിനെതിരെ ആറ് വിക്കറ്റിനാണ് സിക്‌സേഴ്‌സ് വിജയം ഉറപ്പിച്ചത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹുറികെയ്ന്‍സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിക്‌സേസ് 19.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

സിഡ്‌നി സിക്‌സേഴ്‌സിന്റെ ഓപ്പണര്‍മാരായ കാലേബ് ജുവന്‍ 13 പന്തില്‍ 16 റണ്‍സ് നേടിയപ്പോള്‍ ജെയിംസ് വിന്‍സ് എട്ടു പന്തില്‍ 5 റണ്‍സ് നേടി മോശം തുടക്കമായിരുന്നു ചെയ്‌സിങ്ങില്‍ നല്‍കിയത്. എന്നാല്‍ അതിനുശേഷം ഇറങ്ങിയ ഡാനിയേല്‍ ഹ്യൂസ് 50 പന്തില്‍ ഒരു സിക്‌സറും നാലു ബൗണ്ടറിയുമടക്കം 60 റണ്‍സ് നേടി പുറത്താകാതെ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ടീമിനെ വിജയത്തില്‍ എത്തിച്ചത്. മോയിസസ് ഹെന്‍ട്രിക്‌സ് 24 പന്തില്‍ 20 റണ്‍സ് നേടിയും ജോര്‍ദാന്‍ സില്‍ക്ക് 19 പന്തില്‍ 23 റണ്‍സ് നേടിയും ഹ്യൂസിന് മികച്ച പിന്തുണ നല്‍കിയപ്പോള്‍ ടീം അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.

ഹോബാര്‍ട്ടിന് വേണ്ടി ബൗള്‍ ചെയ്ത കോറി ആന്‍ഡേഴ്‌സണ്‍സ് 10 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകള്‍ നേടിയിരുന്നു. റിലെ മെറിഡിത്ത് ഒരു ഓവര്‍ മൂന്നു ബോള്‍ എറിഞ്ഞ് ഒമ്പത് റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയപ്പോള്‍ നാഥന്‍ എല്ലിസ് 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത ചുഴലിക്കാറ്റുകളെ സ്‌കോര്‍ ഉയര്‍ത്താന്‍ സമ്മതിക്കാതെ സമ്മര്‍ദത്തില്‍ ആക്കുകയായിരുന്നു സിഡ്‌നി സിക്‌സേഴ്‌സ്. ഓപ്പണര്‍ ആയ മാത്യു വേര്‍ഡ് 11 റണ്‍സില്‍ പുറത്തായപ്പോള്‍ കാലേബ് ജുവല്‍ 24 പന്തില്‍ ഒരു സിക്‌സറും ഏഴു ബൗണ്ടറിയും നേടി 42 റണ്‍സിന്റെ മികച്ച സംഭാവനയാണ് ടീമിന് നല്‍കിയത്. ടോം കുറാന്‍ ജുവലിനെ പറഞ്ഞയച്ചപ്പോള്‍ ബെന്‍ മക്‌ഡേര്‍മോട്ട് 11 റണ്‍സ് നേടിയും പുറത്തായി. പിന്നീടങ്ങോട്ട് വന്‍ ബാറ്റിങ് തകര്‍ച്ചയായിരുന്നു. മധ്യനിരക്ക് ശേഷമാണ് സ്‌കോര്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായത്. കോറി ആന്‍ഡ്‌സണ്‍ 27 പന്തില്‍ 17 റണ്‍സും ക്രിസ് ജോര്‍ദാന്‍ 21 പന്തില്‍ 16 റണ്‍സും പാട്രിക് ഡൂലി 18 പന്തില്‍ 19 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം.

Content Highlight: Second consecutive win for Sydney Sixers

We use cookies to give you the best possible experience. Learn more