ന്യൂദല്‍ഹി: പാംഗോങ് തടാകക്കരയില്‍ വീണ്ടും പാലം നിര്‍മിച്ച് ചൈന. സൈനികരുടെയും വാഹനങ്ങളുടെയും സഞ്ചാരത്തിനായി കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന്റെ മറുകരയില്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി രണ്ടാമത്തെ പാലം നിര്‍മിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നു.
പുതിയ പാലം നിര്‍മിക്കുന്നതിലൂടെ ഫിംഗര്‍ എട്ട് ഏരിയയിലേക്ക് ചൈനക്ക് നേരിട്ട് എത്താനാവും. ഈ ഭാഗം ഇന്ത്യാ-ചൈന അതിര്‍ത്തിയിലുള്ള ബഫര്‍ സോണാണ്. തര്‍ക്കത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും സേനാ പിന്മാറ്റത്തിന് ധാരണയിലെത്തിയ സ്ഥലമാണിത്.
2020 മെയില്‍ കിഴക്കന്‍ ലഡാക്കില്‍ ചൈന കടന്നുകയറിയതിനെ തുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷത്തിന് ഇതുവരെയും അന്തിമപരിഹാരം കാണാനായിട്ടില്ല. ഈ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കേയാണ് വീണ്ടും ചൈനയുടെ പ്രകോപനം. ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ സേന അറിയിച്ചു.
കഴിഞ്ഞ മാസം സൈനികര്‍ക്കും ചെറുവാഹനങ്ങള്‍ക്കും കടന്നു പോകാന്‍ കഴിയുന്ന ചെറുപാലം ചൈന നിര്‍മിച്ചിരുന്നു. ഇതിന് സമീപമാണ് പുതിയ പാലത്തിന്റെ നിര്‍മാണം. ഈ ഭാഗം തങ്ങളുടേതാണെന്നും 1962 മുതല്‍ ചൈന കയ്യടക്കി വെച്ചിരിക്കുകയാണെന്നുമാണ് ഇന്ത്യയുടെ വാദം. ഇവിടുത്തെ ചൈനയുടെ നിര്‍മാണങ്ങള്‍ ഇന്ത്യ അംഗീകരിക്കുന്നില്ല.
പുതിയ പാലം നിര്‍മിക്കുന്നതോടെ ചൈനീസ് സേനക്ക് ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന തടാകത്തിന്റെ മറുകരയിലേക്ക് എത്താനാവും. റോഡുമാര്‍ഗം വഴിയുള്ള 100 കിലോമീറ്ററിലധികം ദൂരം ഇതോടെ ലാഭിക്കാന്‍ പറ്റും.
രണ്ടാമത്തെ പാലത്തിന് 10 മീറ്റര്‍ വീതിയും 450 മീറ്റര്‍ നീളവുമുണ്ടാകുമെന്നാണ് ഉപഗ്രഹചിത്രങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. പാലത്തിന്റെ രണ്ടറ്റവും ബന്ധിപ്പിക്കുന്ന റോഡ് കണക്റ്റിവിറ്റി ജോലികള്‍ സമാന്തരമായി ആരംഭിച്ചിട്ടുണ്ട്.
Content Highlight: Second bridge over the Pangong River, China’s provocation on the border again