ഇനിയൊരു ജിഗ്നേഷ് മെവാനി ഉണ്ടാവണമെന്നില്ല; യു.എ.പി.എ ഭേദഗതി ഇങ്ങനെയാണ്
FB Notification
ഇനിയൊരു ജിഗ്നേഷ് മെവാനി ഉണ്ടാവണമെന്നില്ല; യു.എ.പി.എ ഭേദഗതി ഇങ്ങനെയാണ്
സെബിന്‍ എബ്രഹാം ജേക്കബ്
Saturday, 27th July 2019, 3:31 pm

യു.എ.പി.എ ഭേദഗതി ബില്ലില്‍ നാലു പ്രധാന പ്രശ്‌നങ്ങളാണുള്ളത്. ഒന്ന്, സംഘടനകളെ മാത്രമല്ല, വ്യക്തികളെയും terrorists ആയി പ്രഖ്യാപിക്കാം എന്ന വകുപ്പ്. രണ്ട്, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു കാരണമാകുന്ന തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരും അത്തരം സാഹിത്യം കൈവശം വയ്ക്കുന്നവരും അടക്കം – അവര്‍ യാതാലൊരു ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്തില്ലെങ്കില്‍ പോലും – മേല്‍നിര്‍വചനത്തിന്റെ ഉള്ളില്‍ വരുമെന്നതാണ്. മൂന്നാമത്തേത്, സംസ്ഥാനങ്ങളുടെ വിവേചനാധികാരത്തിനു മീതെ എന്‍.ഐ.എയ്ക്ക് ഏതു കേസും ഭീകരവാദ കേസായി പ്രഖ്യാപിക്കാനും അന്വേഷണം തുടങ്ങാനും ഏതു സംസ്ഥാനത്തുമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാനും അനുമതി ലഭിക്കുന്നു എന്നത്. നാല്, യു.എ.പി.എ ചാപ്റ്റര്‍ നാല്, ആറ് എന്നിവ പ്രകാരമുള്ള കേസുകള്‍ അന്വേഷിക്കാനുള്ള ചുമതല ഡി.എസ്.പിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരുന്നുവെങ്കില്‍ ഇനിമുതല്‍ അതിന് ഇന്‍സ്‌പെക്റ്റര്‍ റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥന്‍ മതി എന്നത്.

ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നയാളുകളെ ശിക്ഷിക്കാന്‍ നിലവിലെ നിയമത്തില്‍ വകുപ്പുണ്ട്. അതുകൂടാതെ, അവര്‍ക്ക് എക്കാലത്തേക്കുമായി ‘आतंकवादी’ എന്ന പട്ടംകൂടി ഔദ്യോഗികമായി കല്പിച്ചു നല്‍കുകയാണ്. Somebody is going to become a designated terrorist!

ഭീകരനെ പിന്നെ അച്ചായോ എന്നു വിളിക്കണോ എന്ന ചോദ്യം വരുമെന്നറിയാം. എന്നാല്‍ ഒരു ഭരണകൂടസംവിധാനം ഒരാളെ ഭീകരന്‍ എന്നു വിളിക്കുന്നതിന്റെ ഭവിഷ്യത്ത് എന്താണെന്നു മനസിലാവാത്തവരോട് സംസാരിച്ചിട്ടു കാര്യമില്ല. രാജ്യസഭയില്‍ കൂടി ബില്‍ പാസായാല്‍ തുടക്കമെന്ന നിലയില്‍ ഹാഫിസ് സയീദിനെയും മസൂദ് അസറിനെയും ദാവൂദ് ഇബ്രാഹാമിനേയും തീവ്രവാദികളായി പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മുന്നോട്ട് അതങ്ങനെയാവില്ല എന്ന് ഏറെക്കുറെ ഉറപ്പാണ്.

ഡോ. ബിനായക് സെന്നിനേയും സുധാ റെഡ്ഢിയേയും പ്രൊഫ. സായ്‌നാഥിനെയും ഒക്കെയാണ് നിങ്ങള്‍ ഈ ചാപ്പയടിക്കാന്‍ പോകുന്നത് എന്ന് അറിയാത്തവരല്ല, നിങ്ങള്‍ പോലും. ഭീകരര്‍ പോയിട്ട്, തീവ്രവാദ ആശയഗതിക്കാര്‍ പോലുമല്ല, അവരാരും. വൈദ്യ സഹായത്തിലൂടെയും നിയമപോരാട്ടങ്ങളിലൂടെയും കഷ്ടതയനുഭവിക്കുന്ന ആദിവാസികളെയും പ്രാന്തവത്കൃതരേയും സഹായിക്കുക എന്നതില്‍ കവിഞ്ഞ് ഒരു തീവ്രവാദ / ഭീകരവാദ പ്രവര്‍ത്തനത്തിലും അവരാരും ഏര്‍പ്പെട്ടിട്ടില്ല. എന്നാല്‍ യു.എ.പി.എ പ്രകാരം അറസ്റ്റിലാവുന്ന, വിചാരണപോലുമില്ലാതെ തടങ്കലില്‍ കഴിയുന്ന, ആരെയും ഇനി ആ ചാപ്പയടിക്കാന്‍ കഴിയും. വിവരാവകാശ പ്രവര്‍ത്തകര്‍ക്കു നേരെ പോലും ആ ചാപ്പ നീളാം.

തോക്കിന്‍മുനമ്പിലൂടെയല്ല, ആരും ഭീകരവാദിയാകുന്നത് എന്നാണ് ബില്‍ അവതരിപ്പിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. അമിത് ഷായേക്കാള്‍ അക്കാര്യം അറിയാവുന്ന മറ്റാരുണ്ട്!

അന്താരാഷ്ട്ര നിയമങ്ങളുടെ ചുവടുപിടിച്ചാണ്, ഈ മാറ്റമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മസൂദ് അസറിനു യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് ചൈനയുടെ പ്രതികരണം, ഇന്ത്യ അതിന് എന്തു നടപടിയെടുത്തു എന്നായിരുന്നുവത്രേ. അതിനാലാണ്, ഈ നിയമഭേദഗതി കൊണ്ടുവരുന്നത് എന്ന് ഭരണകൂടം ന്യായീകരിക്കുന്നു. ഇത്തരം ഒരു സ്‌പെസിഫിക്ള്‍ ആവശ്യത്തിനു പുറത്ത് ഒരു ഭേദഗതി അവതരിപ്പിക്കുമ്പോള്‍ ആ ഭേദഗതിയിലെ വകുപ്പുകള്‍ അസ്പഷ്ടം (vague) ആവാതെ ഇരിക്കേണ്ടതല്ലേ? എന്നാല്‍ അങ്ങനെയല്ല, തികച്ചും വിശാലമായി, എങ്ങനെയും വലിച്ചുനീട്ടാവുന്ന വിധത്തിലാണ് ആശയപ്രചാരണത്തെ, ചിന്തയെ, സാഹിത്യത്തെ പോലും കുറ്റകൃത്യത്തിന്റെ പരിധിയിലേക്കു നീക്കിയിരുത്തുന്നത്.

വേഴ്സ്റ്റ് കെയ്‌സ് സിനേരിയോ അതൊന്നുമല്ല. പ്രതിരോധങ്ങളുടെ നേര്‍ക്കുപോലും യു.എ.പി.എ ചാര്‍ത്തപ്പെടാം എന്നതും അത് സ്വഭാവികമായി ഉയര്‍ന്നുവരാവുന്ന പ്രതിഷേധങ്ങളുടെ നായകത്വത്തെ പിറവിയിലെ നുള്ളിക്കളയുമെന്നുമുള്ളതാണ്. ഇത് ജനാധിപത്യത്തിന്റെ കടയ്ക്കല്‍ തന്നെ കത്തിവയ്ക്കുന്നതുമാണ്.

ഉദാഹരണത്തിന് ഉനയിലേതു പോലെ ഒരു സംഭവത്തില്‍ ഇനിയൊരു ജിഗ്‌നേഷ് മേവാനി ഉണ്ടായിവരണമെന്നില്ല. തന്നെയുമല്ല, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ കൈവശം വച്ചുവെന്ന പേരിലോ മാവോയുടെ റെഡ് ബുക്ക് കൈവശം വച്ചുവെന്ന പേരിലോ മാത്രമല്ല, ഭരണകൂടത്തിന് അനിഷ്ടകരമായ ഏതു പ്രസിദ്ധീകരണത്തിന്റെ പേരിലും, ആയത് തീവ്രവാദ ആശയങ്ങളെ ഒളിച്ചുകടത്തുന്നതാണെന്ന ന്യായത്തില്‍ അത് കൈവശമുണ്ടായിപ്പോയ മനുഷ്യര്‍ക്കെതിരെ നടപടി സ്വീകരിക്കാം. അവരെ തീവ്രവാദിയാക്കാം.

അര്‍ബന്‍ മാവോയിസ്റ്റ് എന്ന പ്രയോഗം തന്നെ അമിത് ഷാ ഉപയോഗിച്ചിരുന്നു എന്നത് കാണാതിരുന്നുകൂടാ. ആ പ്രയോഗം ആരെയാണ് ഉന്നംവയ്ക്കുന്നത് എന്ന് അറിയാത്തവരല്ലല്ലോ നമ്മളാരും. കോടതി ജാമ്യം അനുവദിച്ചിട്ടും നടപടിക്രമത്തിലെ കാലതാമസം മൂലം കഴിഞ്ഞ അഞ്ചുമാസമായി തടവില്‍ തുടരുന്ന മുരളി കണ്ണമ്പള്ളി എന്ന മാവോയിസ്റ്റ് നേതാവ്, അജിത്ത് എന്ന കള്ളപ്പേരിലെഴുതിയ കേരളത്തിലെ കാര്‍ഷിക പ്രശ്‌നത്തെ അവലംബിച്ചുള്ള ഭൂമി, ജാതി, ബന്ധനം എന്ന പുസ്തകം കേരളത്തില്‍ പല പ്രമുഖരുടെയും ശേഖരങ്ങളില്‍ ഉണ്ടാവും. അവരെ ആരെ വേണമെങ്കിലും എന്‍.ഐ.എയ്ക്ക് ഇനി തീവ്രവാദ ആശയഗതിക്കാര്‍ എന്ന ന്യായത്തില്‍ ടെററിസ്റ്റ് ആയി ചാപ്പകുത്താം.

കേരളത്തില്‍ ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ചിലവ തെരഞ്ഞുപിടിച്ച് ഏകപക്ഷീയമായി യു.എ.പി.എ ചാര്‍ജ്ജ് ചെയ്യുകയും ശരിക്കും മതതീവ്രവാദ ബന്ധമുള്ള ചിലവയെ പരിപൂര്‍ണ്ണമായി ഒഴിവാക്കുകയും ചെയ്ത കാര്യങ്ങള്‍ നമ്മുടെ കണ്മുന്നിലുണ്ട്. അതായത്, കേന്ദ്രത്തിലെ പൊളിറ്റിക്കല്‍ മെഷീനറിയുടെ കൈവശമുള്ള ഏറ്റവും മൂര്‍ച്ചയേറിയ ആയുധമാണ് ഇപ്പോള്‍ തന്നെ യു.എ.പി.എ. അതിനെയാണ്, ഇനിയും കൂടുതല്‍ വഷളാക്കാന്‍ പോകുന്നത്. ഈ ബില്ലിനെതിരെ എന്തുകൊണ്ടാണ്, പറയത്തക്ക രോഷമൊന്നും ഉയരാത്തത് എന്ന്, എന്തുകൊണ്ട് ഇതു കാര്യമായി വാര്‍ത്താമാദ്ധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നില്ല എന്ന് മനസ്സിലാകുന്നില്ല.

 

സെബിന്‍ എബ്രഹാം ജേക്കബ്
മാധ്യമപ്രവര്‍ത്തകന്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രസിഡന്റ്