| Wednesday, 3rd July 2024, 7:55 am

അദാനിക്കെതിരായ അഴിമതി റിപ്പോര്‍ട്ട്; ഹിന്‍ഡന്‍ബര്‍ഗിന് 'സെബി'യുടെ കാരണംകാണിക്കല്‍ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്റ്റോക്ക് മാര്‍ക്കറ്റില്‍ ക്രമക്കേടുകള്‍ നടത്തിയെന്നാരോപിച്ച് അദാനി ഗ്രൂപ്പിനെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ട യു.എസ് ആസ്ഥാനമായ ഹിന്‍ഡന്‍ബര്‍ഗിന് ‘സെബി’യുടെ കാരണംകാണിക്കല്‍ നോട്ടീസ്. ഹിന്‍ഡന്‍ബര്‍ഗ് തന്നെയാണ് നോട്ടീസ് ലഭിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

2023 ജനുവരിയില്‍ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികള്‍ ഓഹരി വിപണിയില്‍ കൃത്രിമത്വവും തട്ടിപ്പും നടത്തിയെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. റിസേര്‍ച്ച് സ്ഥാപനത്തിന്റെ കണ്ടെത്തല്‍ അദാനി ഗ്രൂപ്പ് തള്ളുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ കാരണംകാണിക്കല്‍ നോട്ടീസ്.

സെബിയുടെ നീക്കം അസംബന്ധമാണെന്നും ഇന്ത്യയിലെ സാമ്പത്തികമായി ഏറ്റവും ശക്തിയുള്ള വ്യക്തികളുടെ അഴിമതി ചൂണ്ടിക്കാട്ടുവരെ അടിച്ചമര്‍ത്താനുള്ള ശ്രമമാണെന്നും ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞു. കാരണംകാണിക്കല്‍ നോട്ടീസ് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനയിലാണ് സ്ഥാപനത്തിന്റെ പ്രതികരണം. കാലങ്ങളായി അദാനി ഗ്രൂപ്പ് നടത്തിവന്ന അഴിമതികളെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് സ്ഥാപനം പുറത്തുവിട്ടതെന്ന് ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കി.

ഒന്നരവര്‍ഷത്തെ അന്വേഷണത്തെ തുടര്‍ന്നാണ് സ്ഥാപനം അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതില്‍ വസ്തുതാ വിരുദ്ധമായ വിഷയങ്ങള്‍ ഉണ്ടെന്ന് സെബി കണ്ടെത്തിയിട്ടില്ലെന്നും ഹിന്‍ഡന്‍ബര്‍ഗ് പ്രസ്താവനയില്‍ പറഞ്ഞു. അഴിമതിക്കാരായ സെബി അദാനിയെ പോലുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന ഒരു വ്യക്തിയുടെ ആരോപണം റിപ്പോര്‍ട്ടില്‍ ഹിന്‍ഡന്‍ബര്‍ഗില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് സെബിയെ ചൊടിപ്പിച്ചെന്നും റിസേര്‍ച്ച് സ്ഥാപനം വ്യക്തമാക്കി.

തങ്ങളുടെ ഓഹരികളുടെ വില ഇടിയുമെന്ന് അദാനി കമ്പനികള്‍ക്ക് ഉറപ്പായിരുന്നു. അതിനാലാണ് ഗ്രൂപ്പ് ‘ഷോര്‍ട്ട് സെല്ലിങ്’ നടത്തിയത്. വലിയ ലാഭങ്ങള്‍ ഒന്നും തന്നെ കമ്പനികളുടെ ഓഹരികളില്‍ നിന്ന് അദാനി ഗ്രൂപ്പിന് നേടാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടി. ഷോര്‍ട്ട് സെല്ലറുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട വഞ്ചന അടക്കമുള്ള പരാതികള്‍ പരിഹരിക്കുന്നതില്‍ അദാനി ഗ്രൂപ്പ് പരാജയപ്പെട്ടുവെന്നും ഹിന്‍ഡന്‍ബര്‍ഗ് പ്രതികരിച്ചു,

അദാനി ഗ്രൂപ്പ് ഒരു ഓഹരി പങ്കാളിയുമായി ചേര്‍ന്ന് നടത്തിയ ഇടപാടില്‍ 4.1 മില്യണ്‍ ഡോളറും കമ്പനിയുടെ യു.എസ് ബോണ്ടുകളിലൂടെ 31,000 ഡോളറുമാണ് നേടിയത്. ഈ ഓഹരി പങ്കാളിയുടെ പേര് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിട്ടില്ല.

Content Highlight: SEBI issues show-cause notice to Hindenburg after issuing report against Adani Group for alleged stock market irregularities

We use cookies to give you the best possible experience. Learn more