| Thursday, 8th April 2021, 9:03 am

21 വര്‍ഷം മുന്‍പുള്ള കേസില്‍ കുരുക്ക് വീണു; അംബാനി കുടുംബത്തിനെതിരെ കോടികളുടെ പിഴ ചുമത്തി സെബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അംബാനി സഹോദരന്മാര്‍ക്ക് കോടികളുടെ പിഴ വിധിച്ച് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി. അനില്‍ അംബാനിയും മുകേഷ് അംബാനിയുമടക്കം റിലയന്‍സ് ഗ്രൂപ്പിലെ അംഗങ്ങളായ അംബാനി കുടുംബത്തിലെ നിരവധി പേര്‍ക്കെതിരെയാണ് 25 കോടിയുടെ പിഴ വിധിച്ചിരിക്കുന്നത്.

അംബാനി കുടുംബവും റിലയന്‍സിന്റെ ഭാഗമായ സ്ഥാപനങ്ങളുമടക്കം 34 കക്ഷികള്‍ ചേര്‍ന്ന് പിഴയൊടുക്കണമെന്ന് സെബിയുടെ ഉത്തരവില്‍ പറയുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ(ആര്‍.ഐ.എല്‍) 12 കോടിയുടെ ഓഹരികളുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സെബി നടപടി സ്വീകരിച്ചിരിക്കുന്നത്. 2000 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ആര്‍.ഐ.എല്‍ 12 കോടിയുടെ ഷെയറുകള്‍ റിലയന്‍സ് ഗ്രൂപ്പിലെ തന്നെ 38 സ്ഥാപനങ്ങള്‍ക്ക് വീതിച്ചു നല്‍കിയെന്നാണ് സെബിയുടെ ഉത്തരവില്‍ പറയുന്നത്. ആര്‍.ഐ.എല്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് ഈ ഓഹരി വില്‍പന നടന്നത്.

നിയമപ്രകാരം അഞ്ച് ശതമാനം ഓഹരികള്‍ മാത്രമേ പ്രൊമോട്ടര്‍മാര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ അംബാനി കുടുംബം 6.83 ശതമാനം ഏറ്റെടുക്കുകയും ഇതേകുറിച്ചുള്ള വിശദാംശങ്ങള്‍ മറച്ചുവെക്കുകയും ചെയ്തുവെന്ന് സെബിയുടെ ഉത്തരവില്‍ പറയുന്നു.

കര്‍ഷക പ്രതിഷേധത്തില്‍ ജിയോ ബഹിഷ്‌കരിക്കണമെന്ന ആവശ്യമുയര്‍ന്നതിന് പിന്നാലെ പരുങ്ങലിലായ റിലയന്‍സിന് സെബിയുടെ നടപടി ആഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ മറ്റൊരു കേസിലും സെബി മുകേഷ് അംബാനിയ്ക്ക് 70 കോടിയുടെ പിഴ ചുമത്തിയിരുന്നു. റിലയന്‍സ് പെട്രോളിയത്തിന്റെ ഓഹരികള്‍ വില്‍പന നടത്തിയതിലാണ് സെബി ക്രമക്കേട് കണ്ടെത്തിയത്.

2007ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ബന്ധപ്പെട്ട സ്ഥാപനങ്ങളും റിലയന്‍സ് പെട്രാേളിയവുമായി വ്യാപാരം നടത്തുകയും കൊള്ളലാഭം നേടുകയും ചെയ്തുവെന്നാണ് സെബിയുടെ റിപ്പോര്‍ട്ട്.

മൂന്ന് പാര്‍ട്ടികളെയാണ് സംഭവത്തില്‍ കുറ്റക്കാരായി കണ്ടെത്തിയിരുന്നത്. റിലയന്‍സ് പെട്രോളിയം 25 കോടിയും കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി 15 കോടിയും നവി മുംബൈ എസ്.ഇ.ഇസഡ് 20 കോടിയും മുംബൈ എസ്.ഇ.ഇസഡ് 10 കോടിയും പിഴയടക്കണമെന്നാണ് ഉത്തരവിട്ടിരുന്നത്.

ഓഹരി വില്‍പ്പനയിലെ ക്രമക്കേടും കബളിപ്പിക്കലും നിക്ഷേപകര്‍ക്ക് മാര്‍ക്കറ്റിലെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും ഉത്തരവില്‍ സെബി കുറ്റപ്പെടുത്തിയിരുന്നു. ചെയര്‍മാനും മാനേജിങ് ഡയറക്ടുമായ മുകേഷ് അംബാനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടത്തിയ ക്രമക്കേടുകള്‍ക്ക് ഉത്തരവാദിയെന്നും അന്നത്തെ ഉത്തരവില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Sebi fines Ambani brothers Rs 25 crore in 21-year-old case

Latest Stories

We use cookies to give you the best possible experience. Learn more