മുംബൈ: റിലയന്‍സ് ഹോ ഫിനാന്‍സ് ലിമിറ്റഡില്‍ നിന്നും പണം വകമാറ്റിയതുമായി ബന്ധപ്പെട്ട് അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ വിലക്ക്. നേരിട്ടോ അല്ലാതെയോ ഓഹരി വിപണിയില്‍ ഇടപെടുന്നതില്‍ നിന്നുമാണ് അനില്‍ അംബാനിയെ സ്റ്റോക് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) വിലക്കിയിരിക്കുന്നത്.
അംബാനിക്ക് പുറമെ കമ്പനിയിലെ മറ്റ് മൂന്ന് വ്യക്തികളെയും വിലക്കിയിട്ടുണ്ട്. റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിലെ സീനിയര്‍ എക്‌സിക്യുട്ടീവുമാരായ അമിത് ബപ്ന, രവീന്ദ്ര സുധാകര്‍, പിങ്കേഷ് ആര്‍. ഷാ എന്നിവരാണ് വിലക്കപ്പെട്ട മറ്റ് മൂന്ന് പേര്‍. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവകരെ വിലക്ക് തുടരും എന്നാണ് സെബി അറിയിച്ചിരിക്കുന്നത്.
ഏതെങ്കിലും ലിസ്റ്റഡ് കമ്പനിയുമായോ ബ്രോക്കര്‍മാരുമായോ പൊതുകമ്പനിയുമായി ബന്ധപ്പെട്ടോ ധനസമാഹരണം നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
കമ്പനി ഫണ്ട് വകമാറ്റി ഉപയോഗിക്കല്‍, സാമ്പത്തിക രേഖകളില്‍ കൃത്രിമം കാട്ടല്‍, സാമ്പത്തിക രേഖകളില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് സെബി ആരോപിച്ചിരിക്കുന്നത്.
തുടരന്വേഷണവും തുടര്‍ നടപടിയും ഉണ്ടാവാതിരിക്കണമെങ്കില്‍ കാരണം വിശദമാക്കാനും സെബി ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതു ആവശ്യങ്ങള്‍ക്കായി റിലയന്‍സ് ഹോം ഫിനാന്‍സിന്റെ പേരില്‍ വായ്പയെടുത്ത തുക വകമാറ്റി പ്രൊമോട്ടര്‍ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് നല്‍കിയെന്ന് ഓഡിറ്റില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഗ്രൂപ്പിന്റെ നഷ്ടം നികത്താനും മറ്റു വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയാകാതിരിക്കാനും ഈ തുക വിനിയോഗിച്ചെന്നും, ഇത് കമ്പനിയുടെ സാമ്പത്തിക ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടെന്നും സെബി പറയുന്നു.
അനില്‍ അംബാനിയടക്കമുള്ള ടോപ്പ് മാനേജ്മന്റിന് തട്ടിപ്പ് നടത്താന്‍ ഉദ്ദേശമുണ്ടെന്നാണ് ആരോപണം. എന്നാല്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അംബാനിക്ക് പുറമെയുള്ള മൂന്ന് പേര്‍ എന്നിവര്‍ ടോപ് മാനേജ്‌മെന്റിന്റെ തെറ്റായ നീക്കങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കിയെന്നാണ് സെബിയുടെ കുറ്റപ്പെടുത്തല്‍. കണക്കുകളില്‍ കള്ളത്തരം കാട്ടി പൊതുജനത്തെ ഇവര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപണമുണ്ട്.