| Friday, 23rd August 2024, 1:46 pm

അനിൽ അംബാനിയെ സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് അഞ്ച് വർഷത്തേക്ക് വിലക്കി സെബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: വ്യവസായി അനിൽ അംബാനി, റിലയൻസ് ഹോം ഫിനാൻസിൻ്റെ മുൻ പ്രധാന ഉദ്യോഗസ്ഥർ ഉൾപ്പെടെ മറ്റ് 24 സ്ഥാപനങ്ങളെ അഞ്ച് വർഷത്തേക്ക് സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് വിലക്കി സെബി. കമ്പനിയിൽ നിന്നുള്ള ഫണ്ട് വഴിതിരിച്ചുവിട്ടതിനാണ് മാർക്കറ്റ് റെഗുലേറ്റർ സെബി ഇവർക്ക് വിലക്കേർപ്പെടുത്തിയത്.

സെബി അംബാനിക്ക് 25 കോടി രൂപ പിഴ ചുമത്തുകയും ഏതെങ്കിലും ലിസ്‌റ്റഡ് കമ്പനിയുടെ ഡയറക്ടറോ കീ മാനേജർ പേഴ്‌സണലോ അല്ലെങ്കിൽ മാർക്കറ്റ് റെഗുലേറ്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏതെങ്കിലും ഇടനിലക്കാരനോ വഴി സെക്യൂരിറ്റീസ് മാർക്കറ്റുമായി ബന്ധപ്പെടുന്നതിൽ നിന്ന് അദ്ദേഹത്തെ അഞ്ച് വർഷത്തേക്ക് വിലക്കുകയും ചെയ്തു. കൂടാതെ റിലയൻസ് ഹോം ഫിനാൻസിനെ ആറ് മാസത്തേക്ക് സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് വിലക്കുകയും ആറ് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

റിലയൻസ് ഹോം ഫിനാൻസിൻ്റെ പ്രധാന മാനേജരുമായി ചേർന്ന് അനിൽ അംബാനി റിലയൻസ് ഹോം ഫിനാൻസിൽ നിന്ന് പണം തട്ടാൻ പദ്ധതിയിട്ടതായി കണ്ടെത്തിയെന്ന് സെബി തന്റെ 222 പേജുള്ള ഉത്തരവിൽ പറഞ്ഞു. അനിൽ അംബാനിയുടെയും മറ്റ് പ്രധാന വ്യക്തികളുടെയും നേതൃത്വത്തിൽ, വായ്പാ വിതരണത്തിലൂടെ കമ്പനിയിൽ നിന്ന് ഗണ്യമായ ഫണ്ട് തട്ടിയെടുത്തിരുന്നു. ഇത് ഓഹരി ഉടമകൾക്ക് വലിയ നഷ്ടമുണ്ടാക്കി.

റിലയൻസ് ഹോം ഫിനാൻസ് ആയിരക്കണക്കിന് കോടികളുടെ നിരവധി ഗ്യാരണ്ടി പേയ്‌മെൻ്റ് ക്രെഡിറ്റ് (GPC) വായ്പകൾ പല കമ്പനികൾക്കും അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്‌തതായി സെബി കണ്ടെത്തി. ഈ വായ്‌പകൾ അനുവദിച്ചത് രേഖപ്പെടുത്തിയിരിക്കുന്ന ഈടുകളോ സെക്യൂരിറ്റിയോ ഇല്ലാതെയാണ്. അതും വായ്‌പകൾ ലഭിക്കാനുള്ള യോഗ്യത ഇല്ലാത്ത കമ്പനികൾക്കാണ് വായ്‌പകൾ അനുവദിച്ചിരിക്കുന്നത്.

2019 ഫെബ്രുവരി 11ന്, ജെ.പി.സി ലോൺ നൽകുന്നത് അവസാനിപ്പിക്കാൻ റിലയൻസ് ഹോം ഫിനാൻസിൻ്റെ ബോർഡ് വ്യക്തമായി നിർദേശം നൽകി.
പക്ഷെ , ഗ്രൂപ്പ് തലവൻ എന്ന നിലയിൽ അനിൽ അംബാനി അനുവദിച്ച വായ്പകൾ ഉൾപ്പെടെ കമ്പനി ഈ വായ്പകൾ തുടർന്നും നൽകി. ബോർഡ് നിർദേശങ്ങളോടുള്ള അവഗണന കമ്പനിക്കുള്ളിലെ നിയന്ത്രണ പരാജയങ്ങളുടെ തീവ്രത വ്യക്തമാക്കുന്നു.

എ.ഡി.എ ഗ്രൂപ്പിൻ്റെ ചെയർമാനും ആർ.എച്ച്.എഫ്.എല്ലിന്റെ ഹോൾഡിങ് കമ്പനിയുടെ പ്രധാന പ്രൊമോട്ടറും എന്ന നിലയിൽ, വഞ്ചനാപരമായ വായ്പകൾ സംഘടിപ്പിക്കുന്നതിൽ അനിൽ അംബാനി നിർണായക പങ്ക് വഹിച്ചു സെബി പറഞ്ഞു. അദ്ദേഹത്തിത്തിന്റെ സ്വാധീനം ഉപയോഗിച്ച് നിരവധി ലോണുകൾ ആണ് വിവിധ കമ്പനികൾക്ക് ലഭിച്ചത്.

അനിൽ അംബാനിയെക്കൂടാതെ അമിത് ബപ്‌നയ്‌ക്ക് 27 കോടി രൂപയും രവീന്ദ്ര സുധാൽക്കറിന് 26 കോടി രൂപയും പിങ്കേഷ് ഷായ്‌ക്കെതിരെ 21 കോടി രൂപയുമാണ് സെബി ചുമത്തിയിരിക്കുന്നത്. കൂടാതെ, തട്ടിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങൾക്ക് 25 കോടി രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട് .

Content Highlight: SEBI bans Anil Ambani, 24 others including Reliance Home Finance official from security market for five years

We use cookies to give you the best possible experience. Learn more