[] കൊച്ചി: മാനേജ്‌മെന്റുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യാവിഷന്‍ വിട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ മാധ്യമ നിരീക്ഷകനും പ്രസ്‌കൗണ്‍സില്‍ അംഗവുമായിരുന്ന ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ നേതൃത്വത്തില്‍ പുതിയ മാധ്യമസംരംഭം ആരംഭിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ഇന്ററാക്ടീവ് ന്യൂസ് പോര്‍ട്ടലുകള്‍, മലയാളം വാര്‍ത്താ ചാനല്‍, മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ എന്റര്‍ടെയ്ന്‍മെന്റ് പോര്‍ട്ടലുകള്‍, മാധ്യമ പഠനകേന്ദ്രം എന്നിവ ആരംഭിക്കാനാണ് പദ്ധതി. സൗത്ത്‌ലൈവ് നെറ്റ്‌വര്‍ക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി ആരംഭിക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടമായി ന്യൂസ് പോര്‍ട്ടലായ സൗത്ത്‌ലൈവ്.ഇന്‍ സെപ്തംബര്‍ ഒന്നിന് ലഭ്യമാകും. കമ്പനിയുടെ ചെയര്‍മാന്‍ ഡോ. സെബാസ്റ്റിയന്‍ പോളാണ്. ഇന്ത്യാവിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം.പി ബഷീറാണ് സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എഡിറ്റര്‍-ഇന്‍-ചീഫും.
വിവിധ ടെലിവിഷന്‍ പരിപാടികളുടെ നിര്‍മാതാവായ സാജ് കുര്യനാണ് മാനേജിങ് ഡയറക്ടര്‍.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുന്‍ എഡിറ്റോറിയല്‍ ഇന്‍ചാര്‍ജ്ജും ഇന്ത്യാവിഷന്റെ ആവിഷ്‌കാരഘട്ടം മുതല്‍ അസോസിയേറ്റ് എഡിറ്ററുമായിരുന്ന എ സഹദേവനാണ് സൗത്ത് ലൈവിന്റെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍. ഇന്ത്യാവിഷനിലെ അഴിമതി ചൂണ്ടിക്കാണിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു എ സഹദേവനും ഇന്ത്യാവിഷനില്‍ നിന്ന് വിരമിച്ചത്.
ഇന്ത്യാവിഷന്‍ വാര്‍ത്താ വിഭാഗം കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ വി ഉണ്ണിക്കൃഷ്ണന്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ എന്‍.കെ ഭൂപേഷ്, ഇന്ത്യാവിഷന്‍ ഓണ്‍ലൈനി്‌ലെ പി. മന്‍സൂര്‍, സിപി സത്യരാജ് എന്നിവര്‍ ഉള്‍പ്പടെയുള്ള സംഘമാണ് നവമാധ്യമ രംഗത്തെ പുതിയ സംരംഭത്തിന്റെ നേതൃനിരയില്‍.
ഇന്ത്യാവിഷന്‍ മാനേജ്‌മെന്റിന്റെ അഴിമതിയും കെടുകാര്യസ്ഥതയും അന്വേഷിക്കണമെന്ന് എംപി ബഷീറിന്റെ നേതൃത്വത്തിലുള്ള വാര്‍ത്താ വിഭാഗം ഡറക്ടര്‍ ബോര്‍ഡില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതികാര നടപടികള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് വാര്‍ത്താവിഭാഗത്തിലെ വലിയ സംഘം മാര്‍ച്ച് 13ന് ഇന്ത്യാവിഷന്‍ വിട്ടു.
അന്ന് എട്ട് മണിക്കൂറിലേറെ ചാനലില്‍ വാര്‍ത്ത സംപ്രേക്ഷണം നിലച്ചിരുന്നു. മാനേജ്‌മെന്റ് നിലപാടുകളില്‍ പ്രതിഷേധിച്ച് പിന്നീട് പ്രമുഖ വാര്‍ത്താ അവതാരകന്‍ ഇ സനീഷ് ഇന്ത്യാവിഷന്‍ വിട്ട് മീഡിയ വണ്‍ ചാനലില്‍ ചേര്‍ന്നിരുന്നു.
വാര്‍ത്ത വിഭാഗത്തിലെ പ്രമുഖര്‍ ചാനല്‍ വിട്ടത് ഇന്ത്യാവിഷന്റെ പ്രേക്ഷക സ്വീകാര്യതയെ ബാധിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഇന്ത്യാവിഷന്‍ ചാനല്‍ നല്‍കുന്നത് പ്രമുഖ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ നിര്‍ത്തിയിരുന്നു.
ഇതിനിടെ മുസ്‌ലീം മാനേജ്‌മെന്റിന്റെ കീഴില്‍ ഒരു വാര്‍ത്താ ചാനല്‍ ഉണ്ടാകേണ്ട ആവശ്യകത പ്രചരിപ്പിച്ച് മന്ത്രി എംകെ മുനീറിന്റെ നേതൃത്വത്തില്‍ ഗള്‍ഫില്‍നിന്ന് വീണ്ടും പണം പിരിക്കാനുള്ള ശ്രമവുമുണ്ടായി. എന്നാല്‍, അതും വേണ്ടത്ര ഫലം ചെയ്തില്ലെന്നാണ് അറിയുന്നത്. ഇതോടെ എംപി ബഷീറിന് പകരം വാര്‍ത്താ വിഭാഗത്തിന് നേതൃത്വം നല്‍കിയവര്‍ക്കിടയില്‍ തന്നെ കടുത്ത രോഷവും അഭിപ്രായ ഭിന്നതയും ഉടലെടുത്തതായാണ് ജീവനക്കാര്‍ പറയുന്നത്.
ജനാധിപത്യവല്‍ക്കരണത്തിന് സ്വയം വിധേയമാകാന്‍ തയ്യാറാകുകയും, അതേസമയം മാധ്യമ രംഗം ഇക്കാലമത്രയുമുള്ള പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത ഉന്നതമായ പ്രവര്‍ത്തന മാനദണ്ഡങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതുമായ ഓണ്‍ലൈന്‍ മാധ്യമമായിരിക്കും, സൗത്ത്‌ലൈവ് എന്ന് ചെയര്‍മാന്‍ സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു. കൊച്ചി ആസ്ഥാനമായി സൗത്ത് ലൈവിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സെപ്തംബര്‍ ആദ്യവാരത്തോടെ സൗത്ത് ലൈവ് ന്യൂസ് ഇന്ററാക്ടീവ് ലഭ്യമാകുമെന്ന് ചെയര്‍മാന്‍ ഡോ. സെബാസ്റ്റിയന്‍ പോളും എഡിറ്ററും സിഇഒയുമായ എംപി ബഷീറും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.