“പിണറായിയെ ഇന്ദിരയോട് ഉപമിച്ചത് കടുത്തു പോയി”
സി.പി.ഐ.എം സഹയാത്രികനും മാധ്യമ നിരൂപകനും പാര്‍ട്ടി ടിക്കറ്റില്‍ എം.പിയുമായ വ്യക്തിയാണ് ഡോ. സെബാസ്റ്റിയന്‍ പോള്‍. സി.പി.ഐ.എമ്മും പാര്‍ട്ടി സെക്രട്ടറിയും മാധ്യമങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളെ അദ്ദേഹത്തിന് വിമര്‍ശിക്കേണ്ടി വന്നു. വിമര്‍ശനങ്ങളെ പാര്‍ട്ടി അസഹിഷ്ണുതയോടെ നേരിട്ടപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയെ തെറ്റിദ്ധരിപ്പിക്കുന്ന ഉപചാപക വൃന്ദത്തെക്കുറിച്ച് അദ്ദേഹത്തിന് പറയേണ്ടി വന്നു. ഈ ഉപചാപകരില്‍ ചിലരുടെ പേരു കൂടി അദ്ദേഹം വെളിപ്പെടുത്തിയതോടെ വിവാദ രംഗത്തേക്ക് കൂടുതല്‍ പേര്‍ കടന്നു വരികയാണ്. സി.പി.ഐ.എമ്മിലും കേരള രാഷ്ട്രീയത്തിലും വരും ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടേക്കാവുന്ന വിഷയത്തില്‍ ഇന്ത്യാവിഷന്‍ ചാനലില്‍ വെള്ളിയാഴ്ച നടന്ന “ന്യൂസ് അവര്‍” ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണിവിടെ. ഡോ. സെബാസ്റ്റിയന്‍ പോള്‍, എന്‍ മാധവന്‍കുട്ടി, അഡ്വ. കെ ജയശങ്കര്‍, ബി,ആര്‍.പി ഭാസ്‌കര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ചോദ്യം: നികേഷ് കുമാര്‍ – എന്ത് കൊണ്ടാണ് താങ്കള്‍ പിണറായിക്ക് ചുറ്റുമുള്ള ഉപചാപക വൃന്ദത്തോടൊപ്പം ഡോ. മാധവന്‍ കുട്ടിയെ എണ്ണിയത്.
ഡോ. സെബാസ്റ്റിയന്‍ പോള്‍: മാധവന്‍ കുട്ടി പലപ്പോഴായി പ്രകടിപ്പിക്കുന്ന അഭിപ്രായം തന്നെയാണ് അതിന് കാരണം. സമീപകാലത്തെ മാധ്യമ ചര്‍ച്ചകളില്‍ അത് വ്യക്തമാണ്. കൈരളി ദേശാഭിമാനി ഗ്രൂപ്പില്‍പെടുന്ന ചിലര്‍ പാര്‍ട്ടി സെക്രട്ടറിയെ തെറ്റിദ്ധരിപ്പിക്കുന്നു. തനിക്ക് ചുറ്റും പടുത്തുയര്‍ത്തുന്ന തിരശ്ശീല കാണാന്‍ പിണറായിക്ക് കഴിയും. എന്നാല്‍ ഏത് ശക്തനായ നേതാവും ചിലപ്പോള്‍ ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ടു പോകും. താന്‍ പിണറായിക്ക് ഒരു മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്തത്.
മാധവന്‍കുട്ടി: തനിക്കെതിരെ എവിടെ നിന്നാണ് സെബാസ്റ്റ്യന്‍ പോളിന് വിവരം കിട്ടിയതെന്ന് അറിയില്ല. തനിക്ക് ഈ വിവാദങ്ങളെക്കുറിച്ച് ഒന്നും അറിയില്ല. സെബാസ്റ്റിയന്‍ പോളിനോട് സഹതാപമാണ് തോന്നുന്നത്. അദ്ദേഹം മികച്ച മാധ്യമ നിരൂപകനാണ്. എന്റെ രാഷ്ട്രീയ നിലപാട് പരസ്യമാണ്. എനിക്കെന്തിന് ഉപചാപം നടത്തണം. പാര്‍ട്ടിയും മറ്റുള്ളവരും എന്നോട് എഴുതാനും പ്രസംഗിക്കാനും മാത്രം അങ്ങനെ ചെയ്യുന്നയാളാണ് ഞാന്‍. എനിക്ക് ഒരു രാഷ്ടീയമുണ്ട്. പിണറായിയെ പരസ്യമായി പ്രതിരോധിക്കാന്‍ എനിക്ക് എന്റെ രാഷ്ട്രീയം മതി.
പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ അത് ചെയ്യും. എനിക്ക് സെബാസ്റ്റ്യന്‍ പോളിനെക്കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ല. എല്ലാ ചന്തയിലും കയറിയിറങ്ങുന്നവനല്ല ഞാന്‍. എനിക്കും പിണറായിക്കും ഒരു രാഷ്ട്രീയ നിലപാട് ആകുന്നത് ശരിയല്ലെന്നാണോ നിങ്ങള്‍ പറയുന്നത്. കേരളത്തില്‍ സി.പി.ഐ.എമ്മിനെതിരെ മാധ്യമങ്ങള്‍ ആക്രമണം നടത്തുകയാണ്. സി.പി.എമ്മിനെ ആക്രമിക്കാന്‍ ഇപ്പോള്‍ സെബാസ്റ്റിയന്‍ പോളിനെയാണ് നിങ്ങള്‍ക്ക് ലഭിച്ചത്. പാര്‍ട്ടിക്കെതിരെ എനിക്ക് ചില വിമര്‍ശനങ്ങള്‍ ഉണ്ട്. അത് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല.
അഡ്വ. ജയശങ്കര്‍: അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിക്ക് ഏറെ അധികാരമുണ്ടായിരുന്നു. ഇന്ന് പിണറായിക്ക് അത്ര അധികാരമില്ല. അദികാരമില്ലാത്തത് കൊണ്ടാണ് ആക്രമണത്തിന്റെ തീവ്രത കുറയുന്നത്. ഇന്ദിരാഗാന്ധിയുടെയും പിണറായിയുടെയും നിലപാടുകള്‍ സ്വേച്ഛാധിപത്യപരമാണ്.
സെബസ്റ്റ്ന്‍ പോള്‍: അടിയന്തിരാവസ്ഥക്ക് തൊട്ട് മുമ്പ് തന്നെ ഇന്ദിരാഗാന്ധി പത്രങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ശേഷം ഏകാധിപതിയെപോലെയാണ് പത്രങ്ങളെ നേരിട്ടത്. പത്രങ്ങള്‍ക്കു നേരെ പിണറായി നടത്തുന്ന നിരന്തര ആക്രമണങ്ങള്‍ കാണുമ്പോള്‍ അടിയന്തരവാസ്ഥയുടെ മാറ്റൊലി കേള്‍ക്കുന്നു. അടിയന്തിരാവസ്ഥയുടെ ഇരയാണ് പിണറായി. ചരിത്രപരമായ ഓര്‍മ്മപ്പെടുത്തലാണ് താന്‍ നടത്തിയത്. എന്നാല്‍ പിണറായിയെ ഇന്ദിരാഗാന്ധിയോട് ഉപമിച്ചത് അല്‍പം കടുത്തതായിപ്പോയെന്ന് എനിക്ക് തോന്നുന്നുണ്ട്. ചില കാര്യങ്ങള്‍ കടുപ്പത്തില്‍ പറയേണ്ടതിനാലാണ് അങ്ങനെ പറഞ്ഞത്.
ബി.ആര്‍.പി ഭാസ്‌കര്‍: ഊഹാപോഹങ്ങളെ അദികരിച്ച് മറുപടി പറയാന്‍ എനിക്ക് താല്‍പര്യമില്ല. സെബാസ്റ്റ്യന്‍ പോളിന്റെ മാതൃഭൂമിയിലെ ലേഖനവും അതിന് മറുപടിയായി ദേശാഭിമാനയില്‍ വന്ന ലേഖനവും സെബാസ്റ്റ്യന്‍ പോളും പാര്‍ട്ടിയുമായുള്ള ബന്ധം ഇല്ലാതാകുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. അദ്ദേഹം നേരത്തെ പാര്‍ട്ടിയുടെ ഭാഗമായിരുന്നു. ഇപ്പോള്‍ മാറിയതിന് കാരണം എന്തെന്ന് പോളും പാര്‍ട്ടിയുമാണ് പറയേണ്ടത്.
അഡ്വ. ജയശങ്കര്‍: കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ എറാകുളത്ത് സെബാസ്റ്റ്യന്‍ പോളായിരുന്നു മത്സരിച്ചതെങ്കില്‍ പരാജയപ്പെടില്ലായിരുന്നു. സെബാസ്റ്റ്യന്‍ പോളിനെക്കുറിച്ച് പൊതു വേദിയില്‍ പിണറായി നടത്തിയ പരാമര്‍ശം നേരത്തെ തന്നെ പാര്‍ട്ടിയുമായുള്ള ബന്ധം വഷളാക്കിയിരുന്നു. സ്വതന്ത്ര ചിന്തയുള്ള ഒരാള്‍ക്ക് സ്റ്റാലിനിസ്റ്റ് പാര്‍ട്ടിയില്‍ അധിക കാലം നിലനില്‍ക്കാനാവില്ല. വിജയന്‍മാഷിനും കടമ്മനിട്ടക്കും ഇതു തന്നെയാണ് സംഭവിച്ചത്. സെബാസ്റ്റ്യന്‍ പോള്‍ ഇപ്പോള്‍ പറയുന്ന ഉപചാപകന്‍മാര്‍ അടിയന്തരാവസ്ഥക്കാലത്തുമുണ്ടായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ ഇതുണ്ടാവുമായിരുന്നതാണ്.
മാധവന്‍കുട്ടി: സെബാസ്റ്റ്യന്‍ പോള്‍ ആരെയാണ് കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. നിങ്ങള്‍ക്ക്(മാധ്യമങ്ങള്‍ക്ക്) എപ്പോഴും ഉപയോഗിക്കാനാവുന്നയാളുകളുണ്ട്. എന്നെ വെറുതെ വിടൂ. പാര്‍ട്ടി ഒദ്യോഗിക വിഭാഗം ശരിയാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഞാന്‍ വ്യക്തിപരമായ ഒരു ശിപാര്‍ശക്കും പോകാത്തയാളാണ്. സെബാസ്റ്റിയന്‍ പോളിന് സീറ്റ് നിഷേധിക്കാന്‍ കാരണം ഞാനാണെന്ന് പറയുന്നത് വിഢ്ിത്തമാണ്.
അഡ്വ. ജയശങ്കര്‍: ദേശാഭിമാനിയിലെ പ്രഭാവര്‍മയുടെ ലേഖനം വായിച്ചു. സെബാസ്റ്റ്യന്‍ പോളിനെതിരെ വരാന്‍ പോകുന്ന വലിയ ആക്രമണത്തിന് മുന്നോടിയാണിത്.
ബി.ആര്‍.പി ഭാസ്‌കര്‍-ദേശാഭിമാനിയെക്കുറിച്ചും സി.പി.എമ്മിനെക്കുറിച്ചും അറിയുന്നവര്‍ക്ക് അറിയാം. ദേശാഭിമാനിയില്‍ ലേഖനം വരുന്നത് പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമാണ്. ദേശാഭിമാനി സെബാസ്റ്റിയന്‍ പോളിനെതിരെ തിരിഞ്ഞത് ബോധപൂര്‍വമാണ്.
അഡ്വ. ജയശങ്കര്‍: അദ്ദേഹം പാര്‍ട്ടിക്കകത്തുള്ളപ്പോള്‍ തന്നെ അദ്ദേഹത്തെ എനിക്കറിയാം. അദ്ദേഹം ഏത് കാലത്തും സ്വതന്ത്ര അഭിപ്രായമുള്ളയാള്‍. അദ്ദേഹം കൃത്യമായ ഇടതുപക്ഷ സഹയാത്രികന്‍ പോലുമല്ല. സ്പീക്കറുടെ നിലപാട് അപമര്യാദയോടെയാണെന്ന് പറഞ്ഞയാളാണ്. വ്യക്തിപരമായ പ്രശ്‌നമല്ല.
മാധവന്‍ കുട്ടി: സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞതില്‍ ഒറു കാര്യത്തില്‍ മാത്രമേ എനിക്ക് സങ്കടമുള്ളൂ. പോള്‍ വിമര്‍ശിച്ചതു കൊണ്ട് പിണറായില്‍ നിന്ന് കൂടുതല്‍ ആനുകൂല്യം ലഭിക്കുമെന്ന രീതിയില്‍ അദ്ദേഹം സംസാരിക്കുന്നു. അങ്ങനെയാണെങ്കില്‍ എനിക്ക് ചെക്ക് വാങ്ങിയാല്‍ പേരെ. ഇത് സെബാസ്റ്റ്യന്‍ പോളിന് മനസിലാകില്ല. പിണറായിയുടെ ആക്രമണങ്ങള്‍ ഉണ്ടാവുമ്പോള്‍ ഞാനതിനെ എതിര്‍ക്കുന്നു. വി എസിനെ അറിയാവുന്നത് കൊണ്ടാണ് ഞാന്‍ പിണറായിക്കൊപ്പം നില്‍ക്കുന്നത്.