| Tuesday, 18th September 2018, 4:20 pm

ദിലീപിനു പിന്നാലെ ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിച്ചും സെബ്യാസ്റ്റ്യന്‍ പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബലാത്സംഗം ചെയ്‌തെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെടുന്നവര്‍ക്കെതിരെ സെബാസ്റ്റ്യന്‍ പോള്‍. ബിഷപ്പിനെതിരായ കേസില്‍ കോടതി പരാമര്‍ശം എടുത്തു പറഞ്ഞാണ് സെബ്യാസ്റ്റ്യന്‍ പോളിന്റെ വിമര്‍ശനം.

“ആരുടെയെങ്കിലും അറസ്റ്റിനുവേണ്ടി ആള്‍ക്കൂട്ടം ആര്‍പ്പുവിളിക്കുന്നതിലെ അപകടം ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിനൊപ്പം ദുരുപദിഷ്ടമായ അറസ്റ്റിനുള്ള ശിക്ഷ നമ്പി നാരായണന്റെ മര്‍ദകര്‍ക്ക് സുപ്രീം കോടതി നല്‍കി” എന്നാണ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിച്ചുകൊണ്ട് സെബാസ്റ്റിയന്‍ പോള്‍ എഴുതിയത്.

“ചാരമായത് ചാരക്കേസല്ല, സദാചാരമാണ്” എന്ന തലക്കെട്ടില്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് സെബാസ്റ്റ്യന്‍ പോള്‍ ഇത്തരമൊരു നിലപാട് ഉയര്‍ത്തുന്നത്.

Also Read:“ജസ്റ്റിസ് ഫോര്‍ പ്രണയ്”: ഭര്‍ത്താവിന് നീതി ലഭിക്കാന്‍ ഫേസ്ബുക്ക് ക്യാംപയിന്‍ തുടങ്ങി അമൃത വര്‍ഷിണി; പോരാട്ടം അച്ഛന്‍ അഴിയെണ്ണും വരെ

നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അനുകൂലിച്ചുള്ള സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം വിവാദമായിരുന്നു. “സഹാനുഭൂതി കുറ്റമല്ല; ദിലീപിനുവേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം” എന്ന തലക്കെട്ടിലായിരുന്നു സെബ്യാസ്റ്റ്യന്‍ പോളിന്റെ ലേഖനം. നടി ചൂണ്ടിക്കാട്ടിയ പ്രതികള്‍ ജയിലിലുണ്ടെന്നും അവര്‍ക്കെതിരെ തെളിവുകള്‍ ശക്തമാക്കി പരമാവധി ശിക്ഷ ഉറപ്പിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടതെന്നായിരുന്നു ദിലീപിനെ ന്യായീകരിച്ചുകൊണ്ട് സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞത്.

ലേഖനത്തില്‍ ദിലീപിനെ മഅ്ദനിയുമായും സക്കറിയയുമായും താരതമ്യപ്പെടുത്തുന്ന സെബാസ്റ്റ്യന്‍ പോള്‍ ജയിലില്‍ ദീലീപിനെ സന്ദര്‍ശിച്ച ജയറാമിനെയും പിന്തുണച്ച് സംസാരിച്ച ഗണേശിന്റെ നടപടിയെയും സദ്പ്രവര്‍ത്തിയായി വിലയിരുത്തിയിരുന്നു. ഈ ലേഖനത്തിന്റെ പേരില്‍ സെബാസ്റ്റ്യന്‍ പോളിനെതിരെ വലിയ വിമര്‍ശനമുയരുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബിഷപ്പ് ഫ്രാങ്കോയെ ന്യായീകരിച്ച് സെബാസ്റ്റിയന്‍ പോള്‍ രംഗത്തുവന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more