തിരുവനന്തപുരം: യു.എ.പി.എ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ടുചെയ്യാത്തതിന് സി.പി.ഐ.എം വിശദീകരണം ചോദിച്ചിരുന്നുവെന്ന് മുന്‍ എം.പി സെബാസ്റ്റ്യന്‍ പോള്‍. ‘എന്റെ കാലം എന്റെ ലോകം’ എന്ന തന്റെ ആത്മകഥയിലാണ് സെബാസ്റ്റ്യന്‍ പോളിന്റെ വെളിപ്പെടുത്തല്‍.
വ്യാഴാഴ്ചയാണ് ആത്മകഥ പുറത്തിറങ്ങുന്നത്.
2008 ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ആഭ്യന്തര മന്ത്രി പി. ചിദംബരം അവതരിപ്പിച്ച യു.എ.പി.എ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുന്നതിന് സി.പി.ഐ.എം വിപ്പ് നല്‍കി.
പ്രതിപക്ഷം ഒന്നടങ്കം ഭരണപക്ഷത്തെ പിന്തുണയ്ക്കുന്ന ആ അസുലഭ മുഹൂര്‍ത്തത്തിന് സാക്ഷിയോ പങ്കാളിയോ ആവേണ്ടതില്ലെന്ന് താന്‍ തീരുമാനിച്ചുവെന്ന് അദ്ദേഹം പറയുന്നു.
സി.പി.ഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്തയും സഭയിലേക്കു പ്രവേശിക്കാതെ സെന്‍ട്രല്‍ ഹാളില്‍ തന്നെയിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.
‘ഇതിന് ബസുദേവ് ആചാര്യയില്‍നിന്ന് എനിക്കൊരു കത്തുകിട്ടി. 2008 ഡിസംബര്‍ 17ന് സഭയില്‍ നടന്ന വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതിന് കാരണം വിശദീകരിക്കാനായിരുന്നു ആവശ്യം,’ സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു.
സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിര്‍ദേശമനുസരിച്ചാണ് കത്തെന്നും 2009 ജനുവരി 15ന് ബസുദേവ് ആചാര്യ നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നുവെന്നും പുസ്തകത്തിലുണ്ട്.
1997ല്‍ നടന്ന എറണാകുളം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ആന്റണി ഐസക്കിനെ പരാജയപ്പെടുത്തിയാണ് ഇടത് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യന്‍ പോള്‍ ആദ്യമായി ലോക്സഭയിലെത്തിയത്.
പിന്നീട് 2003-ല്‍ പതിമൂന്നാം ലോക്സഭയിലേക്കും ഉപതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. 2004-ല്‍ നടന്ന പതിനാലാം ലോക്സഭാ തെരഞ്ഞെടുപ്പിലും സെബാസ്റ്റ്യന്‍ പോള്‍ എറണാകുളത്തു നിന്ന് വിജയിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Sebastian Paul reveals CPIM support UAPA Amendment