കൊച്ചി: യു.പി.എ സര്‍ക്കാരിനെതിരെ വെളിപ്പെടുത്തലുമായി ഇടതു സ്വതന്ത്ര എം.പിയായിരുന്ന സെബാസ്റ്റ്യന്‍ പോള്‍. 2008ല്‍ പ്രണബ് മുഖര്‍ജിയുടെ ദൂതന്മാര്‍ വീട്ടിലെത്തി കോടികള്‍ വാഗ്ദാനം ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍.
മന്‍മോഹന്‍ സിങ് സര്‍ക്കാരിന് വോട്ട് ചെയ്യാന്‍ ദൂതന്മാര്‍ 25 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞത്. അമേരിക്കയുമായി ചേര്‍ന്ന് ആണവകരാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതിന് പിന്നാലെ ഇടതുപാര്‍ട്ടികള്‍ ഒന്നാം യു.പി.എ സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചിരുന്നു.
തുടര്‍ന്ന് അധികാരം നിലനിര്‍ത്തണമെങ്കില്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടണമെന്ന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ നിര്‍ദേശിക്കുകയായിരുന്നു. എം.പിമാരുടെ എണ്ണം തികയ്ക്കുന്നതിനായാണ് ദൂതന്മാര്‍ തന്നെ തേടി എത്തിയതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് വെളിപ്പെടുത്തല്‍.
പ്രകാശ് കാരാട്ടായിരുന്നു സി.പി.ഐ.എമ്മിന്റെ അന്നത്തെ ദേശീയ ജനറല്‍ സെക്രട്ടറി. കോണ്‍ഗ്രസിന്റെ തലപ്പത്ത് പ്രണബ് മുഖര്‍ജി, വയലാര്‍ രവി, അമര്‍ സിങ്, അഹമ്മദ് പട്ടേല്‍ എന്നിവരുമായിരുന്നു. ഈ സമയത്താണ് പ്രണബ് മുഖര്‍ജിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് രണ്ട് ദൂതന്മാര്‍ ദല്‍ഹിയിലെ തന്റെ വീട്ടിലെത്തിയതെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
ആ നീക്കം അവിശ്വസനീയമായി തോന്നിയെന്നും അദ്ദേഹം പറയുന്നു. അവരുടെ ആവശ്യം നിരസിച്ചതിലും പണം കൈപ്പറ്റാതിരുന്നതിലും ഇപ്പോഴും ഖേദിക്കുന്നില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കി. അവസരങ്ങളുടെ കാര്യത്തില്‍ താന്‍ പലപ്പോഴും പ്രതിസന്ധി നേരിട്ടുണ്ടെങ്കിലും നഷ്ടബോധമില്ലെന്നും അദ്ദേഹം പറഞ്ഞു.
25 കോടി വാങ്ങാന്‍ താന്‍ തയ്യാറായിരുന്നെങ്കിൽ ആ നീക്കം, സി.പി.ഐ.എമ്മിനും പ്രകാശ് കാരാട്ടിനും എതിരായി പോയേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.