കോഴിക്കോട്: കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് ശിക്ഷ നല്‍കുന്ന കോടതി വിധി അങ്ങേയറ്റം അസ്വീകാര്യമാണെന്ന് മുന്‍ എം.പി സെബാസ്റ്റിയന്‍ പോള്‍.
പ്രശാന്ത് ഭൂഷണ് നല്‍കിയ ശിക്ഷ ഒരു രൂപയാണെങ്കിലും മൂന്ന് മാസം തടവാണെങ്കിലും പ്രതീകാത്മകമായ മറ്റേതെങ്കിലും രൂപത്തിലാണെങ്കിലും ഈ വിഷയത്തില്‍ സുപ്രീംകോടതി നല്‍കുന്ന ശിക്ഷ അങ്ങേയറ്റം അസ്വീകാര്യമാണെന്നാണ് വിധിക്ക് പിന്നാലെ സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിച്ചത്.
” വാസ്തവത്തില്‍ പ്രധാനപ്പെട്ട കാര്യം പ്രശാന്ത് ഭൂഷണെ കോടതി ശിക്ഷിച്ചു എന്നുള്ളതാണ്. ഒരു രൂപ എന്നതല്ല ശിക്ഷ വാസ്തവത്തില്‍ മൂന്ന് മാസം തടവ് അല്ലെങ്കില്‍ അഭിഭാഷകവൃത്തിയില്‍ നിന്ന് മൂന്നു വര്‍ഷത്തെ വിലക്ക് അങ്ങനൊയൊരു ശിക്ഷ നല്‍കാനുള്ള അവകാശം കോടതിക്കുണ്ടോ എന്ന കാര്യത്തില്‍ തന്നെ സംശയമുണ്ട്. കാരണം കോടതിയലക്ഷ്യ നിയമമനുസരിച്ചാണ് ശിക്ഷിക്കേണ്ടതെങ്കില്‍ കോടതിയലക്ഷ്യ നിയമം അനുസരിച്ച് ആറ് മാസം വരെ തടവ് ശിക്ഷ എന്നല്ലാതെ മൂന്നുവര്‍ഷത്തെ അഭിഭാഷകവൃത്തിയില്‍ നിന്ന് വിലക്ക് എന്നു പറയുമ്പോള്‍ ഏറ്റവും കഠിനമായ, ക്രൂരമായ, ഗുരുതരമായ ശിക്ഷ തന്നെയാണ് സുപ്രീംകോടതി പ്രശാന്ത് ഭൂഷണ് നല്‍കിയിരിക്കുന്നത്. അത് വേണമെങ്കില്‍ ഞങ്ങള്‍ നടപ്പാക്കാതിരിക്കാം നിങ്ങള്‍ ഒരു രൂപ അടച്ചോളൂ എന്ന് പറയുന്നത് വാസ്തവത്തില്‍ സുപ്രീംകോടതി തന്നെ പരിഹാസ്യമാവുകയാണ്,” അദ്ദേഹം പറഞ്ഞു.
ഇത്ര ഗൗരവത്തോടെ സുപ്രീംകോടതി ഒരു കേസ് കെട്ടിപ്പൊക്കി കൊണ്ടുവരികയും അന്റോര്‍ണി ജനറലിന്റെ ഇടപെടലുണ്ടായിട്ടുകൂടി ഒരു വിട്ടുവീഴ്ചയില്ലാതെ നിലപാട് സ്വീകരിക്കുകയും ചെയ്തതിനു ശഷം ഈ രീതിയിലാണോ അത് അവസാനിപ്പിക്കേണ്ടതെന്ന ചോദ്യം അവശേഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയുടെ ചിന്തയിലും മനോഭാവത്തിലും വലിയതോതിലുള്ള മാറ്റം ആവശ്യപ്പെടുന്ന പുതിയ ചര്‍ച്ചയിലേക്ക് ഈ ശിക്ഷ വഴി തെളിയിക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശാന്ത് ഭൂഷണെതിരെ ചുമത്തിയ കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി ഇന്ന് ശിക്ഷ വിധിച്ചിരുന്നു.
ഒരു രൂപ പിഴ ശിക്ഷയാണ് ഭൂഷണ് വിധിച്ചത്. പ്രശാന്ത് ഭൂഷണ്‍ ഒരു രൂപയടക്കാന്‍ തയ്യാറായില്ലെങ്കില് മൂന്ന് മാസം ജയിലില്‍ കഴിയേണ്ടി വരും. കൂടാതെ പ്രാക്ടീസില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് അദ്ദേഹത്തെ വിലക്കുകയും ചെയ്യും. സെപ്റ്റംബര്‍ 15 നകം പിഴയായ ഒരു രൂപ അടയ്ക്കാനാണ് കോടതി പറഞ്ഞിരിക്കുന്നത്.
ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചെന്നാരോപിച്ചായിരുന്നു പ്രശാന്ത് ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.
പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതും ആണെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.
ആഗസ്റ്റ് ഇരുപതിന് സുപ്രീംകോടതിയില്‍ നടന്ന വാദത്തില്‍ പാരമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ ഭൂഷണോട് കോടതി ആവശ്യപ്പെടുകയും എന്നാല്‍ താന്‍ കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ തീരുമാനം പുനരാലോചിക്കാന്‍ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി സമയം നല്‍കി.
എന്നാല്‍ താന്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ചുകൊണ്ട് ആത്മാര്‍ത്ഥമല്ലാത്ത ക്ഷമ ചോദിക്കുന്നത് തന്റെ മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പ്രശാന്ത് ഭൂഷണ്‍ മൂന്നംഗ ബെഞ്ചിനെ അറിയിച്ചിച്ചു.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ബി.ജെ.പി നേതാവിന്റ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിക്കുന്നുവെന്നും മാസ്‌കും ഹെല്‍മെറ്റും ധരിച്ചിട്ടില്ലെന്നുമായിരുന്നു ജൂണ്‍ 29 ന് പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്. ഇതിന് പുറമെ സുപ്രീം കോടതിയെ വിമര്‍ശിച്ച് ജൂണ്‍ 27 നും അദ്ദേഹം മറ്റൊരു ട്വീറ്റിട്ടിരുന്നു.
ഔദ്യോഗിക അടിയന്തരാവസ്ഥ ഇല്ലാത്തപ്പോള്‍ തന്നെ കഴിഞ്ഞ ആറ് വര്‍ഷം രാജ്യത്ത് എങ്ങനെ ജനാധിപത്യം നശിപ്പിക്കപ്പെട്ടെന്ന് ഭാവിയില്‍ പരിശോധിക്കുന്ന ചരിത്രകാരന്‍മാര്‍, ഈ നശീകരണത്തില്‍ സുപ്രീം കോടതിയുടെ പങ്കും അതില്‍ തന്നെ നാല് മുന്‍ ചീഫ് ജസ്റ്റിസുമാരുടെ പങ്കും പ്രത്യേകമായി അടയാളപ്പെടുത്തുമെന്നുമായിരുന്നു ട്വീറ്റ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
sebastian paul on supre court punishment aganist prashant bhushan