| Tuesday, 3rd October 2017, 2:17 pm

താന്‍ നേരത്തെ പ്രകടപ്പിച്ച അഭിപ്രായത്തില്‍ കോടതിയും എത്തിയിരിക്കുന്നു: ദിലീപിന് ജാമ്യം ലഭിച്ചതില്‍ സെബാസ്റ്റ്യന്‍ പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ദിലീപിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സെബാസ്റ്റിയന്‍ പോള്‍. ദിലീപിന് ജാമ്യം അനുവദിക്കണമെന്ന് നേരത്തെ തന്നെ താന്‍ അഭിപ്രായപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമി ന്യൂസിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അറസ്റ്റു ചെയ്തു ഒരാളെ അന്തമായി തടവില്‍ പാര്‍പ്പിക്കുകയെന്നതില്‍ നിന്നുമാറി മൂന്നാം തവണയെങ്കിലും കോടതി ദിലീപിന് ജാമ്യം അനുവദിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിന്റെ ജാമ്യവുമായി ബന്ധപ്പെട്ട് താന്‍ നേരത്തെ പ്രകടിപ്പിച്ച അഭിപ്രായത്തിലേക്ക് കോടതിയും എത്തിയിരിക്കുകയാണ്. “ഏതൊരു പ്രതിക്കും കിട്ടേണ്ട നിയമത്തിന്റെ ആനുകൂല്യം ദിലീപിനും കിട്ടിയിരിക്കുന്നു.” അദ്ദേഹം പറഞ്ഞു.

തനിക്ക് ഇക്കാര്യത്തില്‍ ഫാന്‍സുകാരെപ്പോലെ അമിത ആവേശമൊന്നുമില്ല. നിയമപ്രകാരം ഒരുപ്രതിക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ ലഭിക്കണമെന്നാണ് താന്‍ അഭിപ്രായപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.


Must Read: ദിലീപിന്റെ പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കണം; ജാമ്യവ്യവസ്ഥയിങ്ങനെ


ഈ കേസിന്റെ അന്വേഷണം ഏറെക്കുറിയെന്നല്ല ഏതാണ്ട് മുഴുവനായി പൂര്‍ത്തിയായിക്കഴിഞ്ഞെന്ന് കോടതിക്ക് അറിയാം. അതിനാലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. അതുകൊണ്ട് ഇനിയും ദിലീപിന് ജാമ്യം നിഷേധിക്കുന്നതില്‍ കാര്യമില്ല. ജാമ്യത്തില്‍ ഇറങ്ങിയും ദിലീപിന് വിചാരണ നേരിടാമെന്നും അദ്ദേഹം പറഞ്ഞു.

ജാമ്യം അനുവദിച്ച് പ്രോസിക്യൂഷന് ലഭിച്ച തിരിച്ചടിയാണെന്ന് കരുതുന്നില്ല. അവരുടെ ആവശ്യം ഏതാണ്ട് പൂര്‍ത്തിയായിരിക്കുന്നു. നടിയുടെ ചിത്രം പകര്‍ത്താന്‍ ഉപയോഗിച്ചെന്ന് പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതുവരെ ദിലീപിനെ തടവില്‍ ഇടുകയെന്നതിനോട് യോജിക്കുന്നില്ല. മൊബൈല്‍ ഫോണിനുവേണ്ടിയുള്ള അന്വേഷണം ഇനിയും തുടരാമല്ലോയെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിനെ ന്യായീകരിച്ച് സെബാസ്റ്റ്യന്‍ പോള്‍ നേരത്തെ സൗത്ത് ലൈവില്‍ ലേഖനം എഴുതിയിരുന്നു. “സഹാനുഭൂതി കുറ്റമല്ല; ദിലീപിനുവേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം” എന്ന തലക്കെട്ടിലായിരുന്നു സെബ്സ്റ്റിയന്‍ പോളിന്റെ ലേഖനം.

നടി ചൂണ്ടിക്കാട്ടിയ പ്രതികള്‍ ജയിലിലുണ്ടെന്നും അവര്‍ക്കെതിരെ തെളിവുകള്‍ ശക്തമാക്കി പരമാവധി ശിക്ഷ ഉറപ്പിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടതെന്ന് ലേഖനത്തില്‍ ദിലീപിനെ ന്യായീകരിച്ച് കൊണ്ട് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞിരുന്നു. ആക്രമണത്തില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യരാണെന്നും എന്നാല്‍ ഇതിന്റെ അടിസ്ഥാനമെന്തെന്ന് മഞ്ജു വെളിപ്പെടുത്തിയിട്ടില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ കുറ്റപ്പെടുത്തിയിരുന്നു.

ലേഖനത്തില്‍ ദിലീപിനെ മഅ്ദനിയുമായും സക്കറിയയുമായും താരതമ്യപ്പെടുത്തുന്ന സെബാസ്റ്റ്യന്‍ പോള്‍ ജയിലില്‍ ദീലീപിനെ സന്ദര്‍ശിച്ച ജയറാമിനെയും പിന്തുണച്ച് സംസാരിച്ച ഗണേശിന്റെ നടപടിയെയും സദ്പ്രവര്‍ത്തിയായി വിലയിരുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more