കോഴിക്കോട്: രാഷ്ട്രീയത്തില്‍ കോര്‍പ്പറേറ്റ് വല്‍ക്കരണം എത്രത്തോളം സാധ്യമാകുമെന്നതിന്റെ ഉദാഹരണമാണ് ട്വന്റി-20 എന്ന് മുന്‍ എം.പി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കോര്‍പ്പറേറ്റുകള്‍ പണ്ടൊക്കെ ജനപ്രതിനിധികളെ വിലക്കെടുക്കുന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു. ഇപ്പോള്‍ അതിന് പകരം ഈ മുതലാളിമാര്‍ തന്നെ എം.പിമാരാകുന്നു, എം.എല്‍.എമാരാകുന്നു, മന്ത്രിമാരാകുന്നു’, സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കൂടിയാണ് ഇവര്‍ മുന്നോട്ടുപോകുന്നത് എന്ന് പറയുമ്പോഴും നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തിന് അത് എത്രത്തോളം ഗുണപരമാകുമെന്ന് കൂടി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ രീതിയിലാണോ നമ്മുടെ രാഷ്ട്രീയം മുന്നോട്ടുപോകേണ്ടത്. ചില മുന്നേറ്റങ്ങളുടെ ഫലമായി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രൂപപ്പെടാറുണ്ട്. ആം ആദ്മി പാര്‍ട്ടി അത്തരമൊരു ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായുണ്ടായതാണ്.
ട്വന്റി-20 ഇപ്പോഴും ഒരു രാഷ്ട്രീയപാര്‍ട്ടിയാണെന്ന് പറയാന്‍ പറ്റില്ല. അതൊരു കോര്‍പ്പറേറ്റ് ചാരിറ്റി പ്രസ്ഥാനം എന്നതിനപ്പുറത്തേക്ക് അതിനൊരു രാഷ്ട്രീയ സ്വഭാവവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘രാഷ്ട്രീയത്തിലെ കോര്‍പ്പറേറ്റ് വല്‍ക്കരണം എത്രത്തോളം സാധ്യമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് സാബുവും സഹപ്രവര്‍ത്തകരും. അത് ആ രീതിയില്‍ പോകുമ്പോഴുണ്ടാകാനിടയുള്ള അപകടത്തെക്കുറിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ കൂടി പഠിക്കേണ്ടിയിരിക്കുന്നു’, സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
ഇത് താല്‍ക്കാലികമാണ് എന്ന് പറയാന്‍ നിവൃത്തിയില്ലാത്ത സാഹചര്യം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് കൊണ്ട് എന്ത് പ്രത്യാഘാതമാണുണ്ടാകാന്‍ പോകുന്നതെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ കൂടി പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തവണ കിഴക്കമ്പലത്തിനു പുറമേ മഴുവന്നൂര്‍, ഐക്കരനാട്, കുന്നത്തുനാട് എന്നീ ഗ്രാമപ്പഞ്ചായത്തുകളാണു ട്വന്റി-20 നേടിയത്. വെങ്ങോല പഞ്ചായത്തില്‍ 23ല്‍ 10 വാര്‍ഡുകളില്‍ ജയിച്ച് വലിയ ഒറ്റക്കക്ഷിയായി. ഐക്കരനാട് പഞ്ചായത്തില്‍ 14 ല്‍ 14 വാര്‍ഡും നേടിയാണു ജയം.