കമലിനോട് രാജ്യം വിടാന്‍ പറയാന്‍ ബി.ജെ.പിക്ക് ആരാണ് അധികാരം നല്‍കിയത്: സെബാസ്റ്റ്യന്‍ പോള്‍
Daily News
കമലിനോട് രാജ്യം വിടാന്‍ പറയാന്‍ ബി.ജെ.പിക്ക് ആരാണ് അധികാരം നല്‍കിയത്: സെബാസ്റ്റ്യന്‍ പോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th January 2017, 9:43 am

sebastian


ദേശീയതയുടെ മൊത്തവ്യാപാരികളാവാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.  ദേശീയത തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റുമായി ജീവിക്കേണ്ടി വരുന്നത് ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഗതികേടാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.


കോഴിക്കോട്: സംവിധായകന്‍ കമലിനോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ബി.ജെ.പിക്ക് ആരാണ് അധികാരം നല്‍കിയതെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍. എന്‍. രാധാകൃഷ്ണന്‍ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായപ്രകടനമല്ലെന്നും മറിച്ച് ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും വികാരമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

കമലിന്റെ പേര് കമാലുദ്ദീനാണെന്ന് സംഘപരിവാര്‍ കണ്ടെത്തിയിരിക്കുകയാണ്. വ്യക്തമായ ലക്ഷ്യങ്ങള്‍ വെച്ചാണ് കമലിനും എം.ടിക്കുമെതിരെ സംഘപരിവാര്‍ രംഗത്തു വന്നതെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ഭരണഘടനയനുസരിച്ച് ജീവിക്കുന്ന ഒരു ജനതയെ നിര്‍വീര്യമാക്കുന്നതിനാണ് സംഘപരിവാര്‍ ഇത്തരം വികാരപ്രകടനങ്ങള്‍ നടത്തുന്നതെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഇത്തരം പ്രസ്താവനകളെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ദേശീയത മുന്‍നിര്‍ത്തിയുള്ള അക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ദേശീയതയുടെ മൊത്തവ്യാപാരികളാവാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.  ദേശീയത തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റുമായി ജീവിക്കേണ്ടി വരുന്നത് ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഗതികേടാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.


Read more: കമലിനെതിരായ അക്രമണം വളര്‍ന്നു വരുന്ന ഫാസിസത്തിന്റെ ലക്ഷണം: കവി സച്ചിദാനന്ദന്‍


നോട്ടു നിരോധനം മോദിയുടെ വാട്ടര്‍ലൂ ആയിരിക്കുകയാണെന്ന് സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. ഇതില്‍ നിന്നും കരകയറാന്‍ മോദിക്കാവില്ല. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ദുരിതക്കയത്തിലെത്തിച്ചിട്ട് പോലും പ്രതികരിക്കാന്‍ മോദി തയ്യാറായിട്ടില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

മോദി പ്രധാനമന്ത്രി എന്ന പദവിയുടെ മൂല്യം തകര്‍ത്തിരിക്കുകയാണ്. ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് മോദിയെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

കോഴിക്കോട് കോണ്‍ഗ്രസ്. എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Read more: ഈ ഭക്ഷണം കഴിച്ച് 10 മണിക്കൂര്‍ ജോലിയെടുക്കാന്‍ കഴിയുമോ ? സൈന്യത്തിലെ അഴിമതി തുറന്നു പറഞ്ഞ് ബി.എസ്.എഫ് ജവാന്റെ ഫേസ്ബുക്ക് വീഡിയോ