കോഴിക്കോട്: സംസ്ഥാനത്തെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇരിപ്പിടവും മറ്റ് ആവശ്യ സൗകര്യങ്ങളും ഉറപ്പ് വരുത്തുമെന്ന് സംസ്ഥാന തൊഴില്‍-വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി.
കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമകള്‍ ഇരിപ്പിടം, കുട, കുടിവെള്ളം തുടങ്ങിയ ആവശ്യ സംവിധാനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഒരു സര്‍ക്കുലറും തൊഴില്‍ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ തുടങ്ങിയ പ്രധാന പാതകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും സെക്യൂരിറ്റി ജീവനക്കാര്‍ സ്ഥാപനത്തിലേക്ക് കസ്റ്റമേഴ്‌സിനെ എത്തിക്കുന്നതിനായി മണിക്കുറുകളോളം വെയിലത്ത് നിന്ന് ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇരിപ്പിടം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തൊഴില്‍ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്.
വെയിലത്തും ദുഷ്‌കരമായ കാലാവസ്ഥയിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് സുരക്ഷാമാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഡേ/നൈറ്റ് റിഫ്ളക്ടീവ് കോട്ടുകള്‍, തൊപ്പി, കുടകള്‍, കുടിവെള്ളം, സുരക്ഷാകണ്ണടകള്‍ എന്നിവ തൊഴിലുടമകള്‍ നല്‍കണം. തൊഴിലുടമകള്‍ ഈ നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണമെന്നും തൊഴില്‍ വകുപ്പിന്റെ നിര്‍ദേശമുണ്ട്.
ഇതിനായി ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മേഖല കേന്ദ്രീകരിച്ച് സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ നടത്തണമെന്ന് മന്ത്രി പറഞ്ഞു. ഇവര്‍ക്ക് മിനിമം വേതനം, ഓവര്‍ടൈം വേതനം, അര്‍ഹമായ ലീവുകള്‍, തൊഴില്‍പരമായ മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.
ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനം വേതന സുരക്ഷാ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. നിയമലംഘനങ്ങള്‍ കണ്ടെത്തിയാലും സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലും തൊഴിലുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും.
Content Highlight: Seating and other facilities will be ensured for security persons in the state: V. Sivankutty