മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ മഹാ അഘാഡി സഖ്യത്തിലെ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി. 288 സീറ്റുകളില്‍ സഖ്യകക്ഷികളായ ശരദ് പവാറിന്റെ എന്‍.സി.പിയും ഉദ്ദവ് താക്കറെയുടെ ശിവസേവനയും കോണ്‍ഗ്രസും 85 സീറ്റുകള്‍ വീതം പങ്കിടും. ബാക്കി വരുന്ന 33 സീറ്റുകള്‍ എം.വി.എ സഖ്യകക്ഷികള്‍ക്കും ചെറു സഖ്യകക്ഷികള്‍ക്കുമായി വീതിക്കും.
എന്‍.സി.പി ശരദ് പവാര്‍ വിഭാഗം നേതാവ് സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍, മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പഠോലെ, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ബാലാസാഹേബ് എന്നീ നേതാക്കളാണ് സീറ്റ് വിഭജന വിഷയത്തില്‍ തീരുമാനമായ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സഖ്യകക്ഷി നേതാക്കള്‍ എല്ലാവരം എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെക്കണ്ടെന്നും കാര്യങ്ങള്‍ തീരുമാനിച്ചെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റൗട്ട് പ്രതികരിച്ചു.
തീരുമാനമായ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിക്കുമെന്നും തീരുമാനമാകാത്തവയുടെ കാര്യം പിന്നീട് പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്.
‘288 സീറ്റുകളില്‍ 255 സീറ്റുകള്‍ മഹാ അഘാഡി സഖ്യം സ്വന്തമാക്കിയിട്ടുണ്ട്, ബാക്കിയുള്ള 33 സീറ്റുകളുടെ തീരുമാനം ഉടന്‍ ഉണ്ടാകും. സഖ്യകക്ഷികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും,’ സഞ്ജയ് റൗട്ട് പറഞ്ഞു.
എന്നാല്‍ സീറ്റ് വിഭജന ചര്‍ച്ചയില്‍ ശിവസേന 65 സീറ്റുകളില്‍ തങ്ങളുടെ അവകാശവാദം ആദ്യം തന്നെ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട ചെയ്തു. ഇവര്‍ക്ക് പുറമെ പെസന്റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ട്ടി പോലുള്ള ചെറു കക്ഷികളും സങ്കോള പോലുള്ള ചില സീറ്റുകളില്‍ അവകാശം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെപ്പറ്റി മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ തിരുത്തലുകള്‍ വരുത്തുമെന്നാണ് റൗട്ട് പ്രതികരിച്ചത്.
തെരഞ്ഞെടുപ്പില്‍ ശിവസേന (ഉദ്ധവ്) 100 സീറ്റില്‍ താഴെ മത്സരിക്കില്ലെന്ന് നേരത്തെ തന്നെ റൗട്ട് പറഞ്ഞിരുന്നു. കൂടുതല്‍ സീറ്റുകള്‍ ശിവസേനയ്ക്ക് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി അതൃപ്തി അറിയിക്കുകയായിരുന്നു. ഇത് ശിവസേനയും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാക്കിയതായാണ് സൂചന.
Content Highlight: seat division completed in Maharashtra says Maha Vikas Aghadi (MVA) alliance