കേരളത്തിലെ സിറ്റിങ് എം.പിമാരില്‍ ഇത്തവണ മത്സരിക്കാത്തത് ആറ് എം.പിമാര്‍. പി. കരുണാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍,സി.എന്‍. ജയദേവന്‍,കെ.വി തോമസ്, ജോസ് കെ മാണി, കെ.സി വേണുഗോപാല്‍ എന്നിവര്‍ക്കാണ് സീറ്റ് നിഷേധിക്കപ്പെടുകയോ സ്വയം പിന്മാറുകയോ ചെയ്തിട്ടുള്ളത്. അന്തരിച്ച നേതാവായ എം.ഐ ഷാനവാസാണ് മറ്റൊരു എം.പി
മൂന്നു തവണ കാസര്‍ഗോഡ് എം.പിയായിരുന്ന പി. കരുണാകരന് പകരം പി സതീഷ് ചന്ദ്രനെയാണ് സി.പി.ഐ.എം മത്സരിപ്പിക്കുന്നത്. താന്‍ മത്സരരംഗത്തേക്കില്ലെന്ന് പി. കരുണാകരന്‍ തന്നെയായിരുന്നു പാര്‍ട്ടിയെ അറിയിച്ചത്. പി. കരുണാകരനാണ് സി.പി.ഐ.എം സിറ്റിങ് എം.പിമാരില്‍ ഇത്തവണ മത്സരിക്കാത്തത്. സതീഷ് ചന്ദ്രന് വേണ്ടിയുള്ള പ്രചരണരംഗത്തടക്കം സജീവമാണ് പി കരുണാകരനിപ്പോള്‍. തൃശൂരില്‍ സീറ്റ് നിഷേധിച്ചതിന്റെ സി.എന്‍ ജയദേവന്‍ പ്രതിഷേധിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം തന്നെ അത് പിന്നീട് നിഷേധിച്ചിരുന്നു. ദേശീയ നേതൃത്വത്തില്‍ ചുമതലകളുള്ളതാണ് കെ.സി വേണുഗോപാല്‍ പിന്‍വാങ്ങാന്‍ കാരണമെങ്കില്‍ രാജ്യസഭാ എം.പിയായതിനാലാണ് ജോസ് കെ മാണി ഇത്തവണ മത്സരിക്കാത്തത്. കെ.പി.സി.സി അദ്ധ്യക്ഷനായത് കൊണ്ട് മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സീറ്റില്ലാത്തതിന്റെ പേരില്‍ കോണ്‍ഗ്രസിനോട് കൊമ്പ് കോര്‍ക്കുകയാണ് കെ.വി തോമസ്. രണ്ടും മൂന്നും തവണ മാത്രം മത്സരിച്ച എം.പിമാര്‍ സ്വയം പിന്മാറുമ്പോഴാണ് 35 വര്‍ഷം എം.പിയായിരുന്ന കെ.വി തോമസ് സീറ്റില്ലാത്തതിന്റെ പേരില്‍ പാര്‍ട്ടിയോട് യുദ്ധം ചെയ്യുന്നതും പുറത്തുപോകുമെന്ന് ഭീഷണി മുഴക്കുന്നതും.
സീറ്റ് കിട്ടാത്തതിന്റെ പേരില്‍ കെ.വി തോമസ് ബി.ജെ.പിയിലേക്കടക്കം പോവുമെന്ന ഭീഷണിയാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. അനുനയിപ്പിക്കാനായി ഇന്ന് കെ.വി തോമസിനെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എ.ഐ.സി.സി ഭാരവാഹിത്വം, യു.ഡി.എഫ് കണ്‍വീനര്‍ പദവി, ഹൈബി ഈഡന്റെ നിയമസഭാ സീറ്റ് എന്നിവയെല്ലാം വാഗ്ദാനം ചെയ്‌തെങ്കിലും ചെന്നിത്തലയോട് അദ്ദേഹം പൊട്ടിത്തെറിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏഴ് തവണ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ എം.പിയായിരുന്നയാളാണ് ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ ബി.ജെ.പിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് തനിക്ക് ബി.ജെ.പിയിലും സി.പി.ഐ.എമ്മിലും സുഹൃത്തുക്കളുണ്ടെന്ന് പറഞ്ഞത്.
ഇത്തവണ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ പ്രചാരണവും ചുവരെഴുത്തുമെല്ലാം കെ.വി തോമസ് ആരംഭിച്ചിരുന്നു. മത്സരിക്കാന്‍ പാര്‍ട്ടി അവസരം തരുമെന്നും വിജയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് പ്രചാരണം തുടങ്ങി തിരിച്ചടി നേരിട്ട ഇതേ അവസ്ഥയായിരുന്നു 2009 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡന്. അന്ന് കെ.വി തോമസായിരുന്നു വില്ലന്‍. രാഹുല്‍ബ്രിഗേഡില്‍പ്പെട്ട ഹൈബി സ്ഥാനാര്‍ത്ഥിയാവുമെന്ന് ജനങ്ങളും പാര്‍ട്ടിയും മാധ്യമങ്ങളുമെല്ലാം ഉറപ്പിക്കുകയും ഹൈബി പ്രചാരണം തുടങ്ങുകയും ചെയ്‌തെങ്കിലും അവസാന നിമിഷം പേര് വന്നപ്പോള്‍ കെ.വി തോമസ് സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു.
ഇപ്പോള്‍ കെ.വി തോമസിനോട് കോണ്‍ഗ്രസ് സംസ്ഥാന, ദേശീയനേതൃത്വങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും എറണാകുളം സീറ്റ് ഇനി തിരിച്ച് കിട്ടാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ മുമ്പൊരിക്കല്‍ യൂത്ത് കോണ്‍ഗ്രസിന് ജയസാധ്യതയുള്ള അഞ്ച് സീറ്റുകളെങ്കിലും കൊടുക്കണമെന്ന തന്റെ പഴയ പ്രസ്താവനയില്‍ ആശ്വാസം കൊള്ളാനെ അദ്ദേഹത്തിന് സാധിക്കുകയുള്ളൂ.