| Friday, 5th March 2021, 8:25 pm

ഡി.എം.കെയുമായി സീറ്റ് ധാരണയായി;തമിഴ്‌നാട്ടില്‍ സി.പി.ഐ ആറ് സീറ്റില്‍ മത്സരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.എം.കെയുമായി സി.പി.ഐ സീറ്റ് ധാരണയായി. സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളിലാണ് സി.പി.ഐ മത്സരിക്കുക.

സീറ്റുകള്‍ സംബന്ധിച്ച് ഡി.എം.കെയും സി.പി.ഐയും ധാരണാപത്രത്തില്‍ ഒപ്പിട്ടു. സഖ്യം തമിഴ്‌നാട്ടില്‍ ചരിത്ര വിജയമായിരിക്കും നേടുകയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ആര്‍.മുത്തരശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ഡി.എം.കെയുമായി സഖ്യം തുടരുമെന്ന് സി.പി.ഐ.എം വ്യക്തമാക്കിയിരുന്നു. 12 സീറ്റുകളാണ് സി.പി.ഐ.എം ചോദിക്കുന്നത്. അതേസമയം 35 മുതല്‍ 40 സീറ്റ് വരെയാണ് കോണ്‍ഗ്രസ് ഡി.എം.കെ നേതൃത്വത്തിനോട് ചോദിച്ചത്.

എന്നാല്‍ 40 സീറ്റ് നല്‍കാനാവില്ലെന്ന് ഡി.എം.കെ നിലപാട് എടുക്കുകയായിരുന്നു. കോണ്‍ഗ്രസ് 30 സീറ്റെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 22 സീറ്റാണ് ഡി.എം.കെ വാഗ്ദാനം ചെയ്തിരിക്കുന്നത്. 24 സീറ്റിലേക്ക് അവസാനവട്ട ചര്‍ച്ച എത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

നേരത്തെ ഉമ്മന്‍ചാണ്ടിയും വീരപ്പ മൊയ്ലിയും പങ്കെടുത്ത ചര്‍ച്ചയില്‍ 20 സീറ്റായിരുന്നു കോണ്‍ഗ്രസിന് നല്‍കുമെന്ന് ഡി.എം.കെ അറിയിച്ചിരുന്നത്.

2016 ല്‍ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് എട്ട് സീറ്റിലാണ് വിജയിക്കാനായത്. ബീഹാര്‍ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന് അധികം സീറ്റ് നല്‍കുന്നതില്‍ നിന്ന് ഡി.എം.കെയെ പിറകോട്ടടിപ്പിക്കുന്നത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 39 സീറ്റില്‍ 38ലും വിജയിക്കാനായി എന്ന ആത്മവിശ്വാസം ഡി.എം.കെയ്ക്കുണ്ട്. 2006 ല്‍ 48 സീറ്റിലും 2011 ല്‍ 63 സീറ്റിലുമാണ് കോണ്‍ഗ്രസ് തമിഴ്നാട്ടില്‍ ഡി.എം.കെ സഖ്യത്തില്‍ മത്സരിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Seat agreement with DMK; CPI to contest six seats in Tamil Nadu

We use cookies to give you the best possible experience. Learn more