|

റഡാറില്‍ ലഭിച്ചത് ശ്വാസമെടുക്കുന്നതിന്റെ സൂചന; ജീവന്റെ തുടിപ്പ് തേടി രാത്രിയിലും തിരച്ചില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പറ്റ: മുണ്ടക്കൈയില്‍ തെര്‍മല്‍ റഡാറില്‍ സിഗ്നല്‍ ലഭിച്ച ഭാഗത്ത് തിരച്ചില്‍ ഊര്‍ജിതമാക്കി ദൗത്യ സംഘം. മുണ്ടക്കൈ അങ്ങാടിയിലെ തകര്‍ന്നു വീഴാറായ കെട്ടിടത്തിനടിയില്‍ നിന്നാണ് സിഗന്ല്‍ ലഭിച്ചിട്ടുള്ളത്. റഡാറില്‍ ലഭിച്ചത് ശ്വാസമെടുക്കുന്നതിന്റെ സൂചനകളാണെന്നതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ നിര്‍ത്തണമെന്ന് തീരുമാനിച്ച തിരച്ചില്‍ വീണ്ടും പുനരാരംഭിച്ചത്.

നിലവില്‍ സിഗ്നല്‍ ലഭിച്ച് പ്രദേശം മാത്രം കേന്ദ്രീകരിച്ചാണ് ഊര്‍ജിത തിരച്ചില്‍ നടക്കുന്നത്. പ്രദേശത്ത് കുടൂതല്‍ വെളിച്ചവും സജ്ജീകരിച്ചിട്ടുണ്ട്. സിഗ്നല്‍ ലഭിച്ച പ്രദേശത്തിനടുത്ത് നിന്നും ആളുകളെ പരമാവധി മാറ്റിയാണ് തിരച്ചില്‍ നടത്തുന്നത്. യന്ത്രങ്ങളും പരമാവധി മാറ്റിയിട്ടുണ്ട്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന്റെ പരിമിതികളും പ്രതിസന്ധികളും മുന്‍കൂട്ടികണ്ടാണ് മനുഷ്യ സഹായത്തോടെ തിരച്ചില്‍ പുനരാരംഭിച്ചത്.

നേരത്തെ സിഗ്നല്‍ ലഭിച്ചിടത്ത് ആദ്യം ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ തിരച്ചില്‍ നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സിഗ്നലിന്റെ പ്രത്യേകത കാരണം ദൗത്യ സംഘത്തോട് അവിടെ തുടരാന്‍ നിര്‍ദേശിക്കുകയും കൂടൂതല്‍ സജ്ജീകരങ്ങള്‍ ഒരുക്കുകയായിരുന്നു. ഒരുവേള തിരച്ചില്‍ നിര്‍ത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെയും കളക്ടറുടെയും നിര്‍ദേശവും തിരച്ചില്‍ വീണ്ടും തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

ആവശ്യമെങ്കില്‍ കെട്ടിടം പൊളിച്ചും തിരച്ചില്‍ തുടരാനാണ് തീരുമാനം. ഒരു ഘട്ടത്തില്‍ ജെ.സി.ബി ഉള്‍പ്പടെയുള്ളവ ഉപയോഗിക്കുന്നത് കെട്ടിടം പൊളിഞ്ഞുവീണ് കൂടുതല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് വിലയിരുത്തിയിരുന്നു. എന്നാല്‍ നിലവില്‍ കൂടുതല്‍ വേഗതക്കായി ജെ.സി.ബികള്‍ കൂടി ഉപയോഗിച്ചുള്ള തിരച്ചിലുകളാണ് നടക്കുന്നത്.

updating…

content highlights: Searching for life even at night, the radar detected a breath signal