| Tuesday, 14th November 2023, 4:08 pm

ഏറ്റവും വലിയ നുണയനെ തിരയുമ്പോള്‍ പ്രധാനമന്ത്രിയുടെ മുഖം ഓര്‍മ വരുന്നു ; ബാഗേല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: രാജ്യത്തെ ഏറ്റവും വലിയ നുണയനെ തിരഞ്ഞാല്‍ മോദിയുടെ മുഖം ഓര്‍മ വരുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. കഴിഞ്ഞ ദിവസം മോദി നടത്തിയ പരാമര്‍ശങ്ങക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി ഛത്തീസ്ഗഢില്‍ വന്ന് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ബാഗേല്‍ പറഞ്ഞു. മോദി ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിക്കുമ്പോള്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രി മോദി ഛത്തീസ്ഗഢില്‍ വന്ന് ആരോപണങ്ങള്‍ ഉന്നയിച്ച് എന്നെ അധിക്ഷേപിക്കുന്നു. ഞാനും ഒ.ബി.സിയില്‍ നിന്നാണ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മോദി ഒ.ബി.സി നിയമത്തില്‍ ഭേദഗതി വരുത്തി. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും. എന്തുകൊണ്ടാണ് ജാതി സെന്‍സസ് നടത്താത്തത്? എന്തിനെയാണ് നിങ്ങള്‍ ഭയപ്പെടുന്നത്? വിമര്‍ശനങ്ങള്‍ ഉയരുന്നത് ഏതെങ്കിലും ഒരു വ്യക്തിക്ക് നേരെയല്ല മറിച്ച് പ്രധാനമന്ത്രി പദത്തിന് നേരെയാണ്,’ ബാഗേല്‍ എ.എന്‍.ഐയോട് പറഞ്ഞു.

ആദ്യഘട്ട വോട്ടെടുപ്പ് കോണ്‍ഗ്രസിന്റെ നുണകളുടെ ബലൂണ്‍ തകര്‍ത്തെന്നും സംസ്ഥാനത്തെ ജനങ്ങള്‍ പാര്‍ട്ടിയെ പാഠം പഠിപ്പിക്കും എന്നും കഴിഞ്ഞ ദിവസം റാലിയില്‍ പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു.

ഏറ്റവും വലിയ നുണയനെ തിരഞ്ഞാല്‍ പ്രധാനമന്ത്രി മോദിയുടെ മുഖം തെളിഞ്ഞുവരുമെന്നാണ് ഇതിനോട് ബാഗേല്‍ പ്രതികരിച്ചത്.

‘ഏറ്റവും വലിയ നുണയനെ തിരഞ്ഞാല്‍ പ്രധാനമന്ത്രി മോദിയുടെ മുഖം തെളിഞ്ഞുവരും.ഇതെല്ലാം നവംബര്‍ 17 വരെ തുടരും. ഇതെല്ലാം ആസ്വദിക്കണം. നിങ്ങള്‍ക്ക് പോരാടാന്‍ കഴിയാതെ വരുമ്പോള്‍ ഇ.ഡിയെ മുന്നില്‍ നിര്‍ത്തുന്നു. അല്ലാതെ ഗൂഢാലോചനക്കാര്‍ക്ക് മറ്റെന്താണ് ചെയ്യാന്‍ കഴിയുക? ഞാന്‍ ഛത്തീസ്ഗഢില്‍ നിന്നും അരി വാങ്ങി എന്ന് മോദി ആരോപിക്കുന്നു. നുണ പറയുകയാണെന്ന് ജനങ്ങള്‍ക്കറിയാം’, ബാഗേല്‍ പറഞ്ഞു.

ഛത്തീസ്ഗഢിലെ 90 മണ്ഡലങ്ങളിലെ 20 എണ്ണത്തില്‍ നവബര്‍ 7 ന് തെരഞ്ഞെടുപ്പ് നടന്നു. ബാക്കി 70 മണ്ഡലങ്ങളില്‍ വംബര്‍ 17 ന് തെരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ മൂന്നിനാണ് ഫലപ്രഖ്യാപനം.

Content highkight : Search for biggest liar, PM’s face comes up’- Bhupesh Baghel

We use cookies to give you the best possible experience. Learn more