സിംബാബ്‌വേക്കായി വെടിക്കെട്ട് പ്രകടനം തുടര്‍ന്ന് സൂപ്പര്‍ താരം സീന്‍ വില്യംസ്. ഐ.സി.സി ഏകദിന വേള്‍ഡ് കപ്പ് ക്വാളിഫയറില്‍ വീണ്ടും സെഞ്ച്വറി തികച്ചാണ് 36ാം വയസിലും സീന്‍ വില്യംസ് ഷെവ്‌റോണ്‍സിന്റെ ബാറ്റിങ് നിരയില്‍ കരുത്താകുന്നത്.
കഴിഞ്ഞ ദിവസം ക്യൂന്‍സ് പാര്‍ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 103 പന്തില്‍ നിന്നും 14 ബൗണ്ടറിയുടെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ 142 റണ്‍സാണ് താരം നേടിയത്. ക്വാളിഫയര്‍ ഘട്ടത്തില്‍ താരത്തിന്റെ മൂന്നാം സെഞ്ച്വറിയാണിത്.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ നേപ്പാളിനെതിരെ സെഞ്ച്വറി (102*) തികച്ച സീന്‍ വില്യംസ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ അമേരിക്കക്കെതിരെയും സെഞ്ച്വറി (174) പൂര്‍ത്തിയാക്കിയിരുന്നു.
നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ സെഞ്ച്വറിയുടെ പ്രതീതി സൃഷ്ടിച്ച ശേഷമായിരുന്നു താരത്തിന്റെ മടക്കം. തൊണ്ണൂറിന്റെ ചതിക്കുഴിയില്‍ പെട്ടുപോയ വില്യംസ് 92 റണ്‍സാണ് ഹോളണ്ടിനെതിരെ നേടിയത്.
ക്വാളിഫയര്‍ ഘട്ടത്തില്‍ ഇതുവരെ കളിച്ച അഞ്ച് മത്സരത്തില്‍ നിന്നുമായി 532 റണ്‍സാണ് സീന്‍ വില്യംസ് തന്റെ പേരിലാക്കിയത്. 148.60 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലും 133 എന്ന തകര്‍പ്പന്‍ ശരാശരിയിലുമാണ് താരം റണ്ണടിച്ചുകൂട്ടിയത്.
ക്വാളിഫയറിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഏറ്റവുമധികം റണ്‍ നേടിയതും സീന്‍ വില്യംസ് തന്നെയായിരുന്നു. രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 390 റണ്‍സാണ് താരം നേടിയത്. 130 ശരാശരിയിലും 152.94 എന്ന പ്രഹരശേഷിയിലുമാണ് ക്വാളിഫയറിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ താരം പൂര്‍ത്തിയാക്കിയത്.
ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് മുമ്പുള്ള സന്നാഹ മത്സരത്തിലും സീന്‍ വില്യംസ് കരുത്ത് കാട്ടിയിരുന്നു. തകാഷിങ്ക ക്രിക്കറ്റ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒമാനെതിരെ 53 പന്തില്‍ നിന്നും 64 റണ്‍സടിച്ച വില്യംസ് രണ്ടാം സന്നാഹ മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡിനെതിരെ 23 പന്തില്‍ നിന്നും പുറത്താകാതെ 33 റണ്‍സും സ്വന്തമാക്കിയിരുന്നു.
സീന്‍ വില്യംസും സിംബാബ്‌വേയും ഇതേ പ്രകടനം തന്നെ ആവര്‍ത്തിക്കുകയാണെങ്കില്‍ ഷെവ്‌റോണ്‍സ് ലോകകപ്പിനുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. മുന്‍ ലോക ചാമ്പ്യന്‍മാരെയടക്കം മലര്‍ത്തിയടിച്ചെത്തുന്ന ഷെവ്‌റോണ്‍സ് ലോകകപ്പില്‍ ഏതൊരു വലിയ ടീമിനെയും അട്ടിമറിക്കാന്‍ പോന്നവരാണ്.
കഴിഞ്ഞ ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പിച്ച് തങ്ങളുടെ കരുത്ത് വെളിവാക്കിയ സിംബാബ്‌വേ ഇന്ത്യന്‍ മണ്ണിലും ആ നേട്ടം ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
സിംബാബ്‌വേയുടെ ഈ കുതിപ്പില്‍ ക്രിക്കറ്റ് ആരാധകരെല്ലാം തന്നെ ഹാപ്പിയാണ്. ആന്‍ഡി ഫ്‌ളവറും ഗ്രാന്‍ഡ് ഫ്‌ളവറും ബ്രണ്ടന്‍ ടെയ്‌ലറും അലിസ്റ്റര്‍ കാംപ്‌ബെല്ലും ഹെന്റി ഒലാങ്കയുമടക്കമുള്ള മഹാരഥന്‍മാര്‍ കൈപിടിച്ചുനടത്തിയ സിംബാബ്‌വന്‍ ക്രിക്കറ്റിന്റെ തിരിച്ചുവരവാണ് ഈ തലമുറയിലെ താരങ്ങളിലൂടെ സംഭവിക്കുന്നത്.
Content Highlight: Sean Williams incredible performance in ICC World Cup Qualifiers