| Thursday, 29th June 2023, 5:08 pm

ആരുണ്ട് ഈ കറുത്ത കുതിരയെ പിടിച്ചുകെട്ടാന്‍? 🔥 മൂന്നാം സെഞ്ച്വറിയുമായി വില്യംസ് 🔥 ഇതാ സിംബാബ്‌വേയുടെ തിരിച്ചുവരവ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകിദന ലോകകപ്പ് ക്വാളിഫയറിന്റെ സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ ഒമാനെതിരെ പടുകൂറ്റന്‍ സ്‌കോറുമായി സിംബാബ്‌വേ. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സാണ് ഷെവ്‌റോണ്‍സ് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ ആദ്യ വിക്കറ്റില്‍ 46 റണ്‍സ് പടുത്തുയര്‍ത്തിയിരുന്നു. 40 പന്തില്‍ നിന്നും 25 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിനിന്റെ വിക്കറ്റാണ് ഷെവ്‌റോണ്‍സിന് ആദ്യം നഷ്ടമായത്.

വണ്‍ ഡൗണായി സീന്‍ വില്യം ഇറങ്ങിയതോടെ ആരാധകര്‍ ആവേശത്തിലായി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ടീമിനെ തോളിലേറ്റിയ വില്യംസ് ഈ മത്സരത്തിലും അത് ആവര്‍ത്തിക്കുമെന്ന് അവര്‍ക്കുറപ്പായിരുന്നു.

എന്നാല്‍ വില്യംസിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ അനുവദിക്കാതെ ഓപ്പണര്‍ ജോയ്‌ലോര്‍ഡ് ഗുംബിയെയും ഒമാന്‍ മടക്കി. ടീം സ്‌കോര്‍ 48ല്‍ നില്‍ക്കവെയായിരുന്നു ഗുംബിയുടെ മടക്കം.

രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും സീന്‍ വില്യംസ് മറുവശത്ത് ആത്മവിശ്വാസത്തോടെ ബാറ്റ് വീശി. പിന്നാലെയെത്തിയ വെസ്‌ലി മധേവരെ (26 പന്തില്‍ 23) സിക്കന്ദര്‍ റാസ (49 പന്തില്‍ 42), റയാന്‍ ബേള്‍ (12 പന്തില്‍ 13) എന്നിവരെ കൂട്ടുപിടിച്ച് വില്യംസ് സ്‌കോര്‍ ഉയര്‍ത്തി.

ഒടുവില്‍ ടീം സ്‌കോര്‍ 276ല്‍ നില്‍ക്കവെ ആറാം വിക്കറ്റായി സീന്‍ വില്യംസലിനെ ഷെവ്‌റോണ്‍സിന് നഷ്ടമായി. 103 പന്തില്‍ നിന്നും 14 ബൗണ്ടറിയുടെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ 142 റണ്‍സാണ് താരം നേടിയത്.

ക്വാളിഫയറില്‍ താരത്തിന്റെ മൂന്നാം സെഞ്ച്വറിയാണിത്. ആദ്യ മത്സരത്തില്‍ നേപ്പാളിനെതിരെ സെഞ്ച്വറി തികച്ച വില്യംസ് അമേരിക്കക്കെതിരെയും സെഞ്ച്വറി നേട്ടം ആവര്‍ത്തിച്ചു.

ക്വാളിഫയറിലെ അഞ്ച് മത്സരത്തില്‍ നിന്നുമായി 532 റണ്‍സാണ് താരം നേടിയത്. 148.60 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലും 133 എന്ന മികച്ച ആവറേജിലുമാണ് താരം റണ്‍സടിച്ചുകൂട്ടിയത്.

വില്യംസ് പുറത്തായെങ്കിലും ലൂക് ജോങ്‌വേ ലോവര്‍ ഓര്‍ഡറിനെ ഒപ്പം കൂട്ടി സ്‌കോര്‍ ഉയര്‍ത്തി. 28 പന്തില്‍ നിന്നും നാല് ബൗണ്ടറിയുടെ അകമ്പടിയോടെ പുറത്താകാതെ 43 റണ്‍സാണ് താരം നേടിയത്.

ഒമാനായി ഫയാസ് ബട്ട് 79 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബിലാല്‍ ഖാന്‍, കലീമുള്ള, സീഷന്‍ മഖ്‌സൂദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlight: Sean Williams hits yet another century in ICC World Cup Qualifier

Latest Stories

We use cookies to give you the best possible experience. Learn more