സിംബാബ്‌വേയുടെ ലങ്കന്‍ പര്യടനത്തിലെ ടി-20 പരമ്പരയില്‍ സൂപ്പര്‍ താരം ഷോണ്‍ വില്യംസ് (Sean Williams) മടങ്ങിയെത്തുന്നു. ജനുവരി 14ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്കുള്ള സ്‌ക്വാഡിലേക്കാണ് താരം മടങ്ങിയെത്തുന്നത്.
പരിക്കിന് പിന്നാലെ നേരത്തെ പ്രഖ്യാപിച്ച ടി-20 സ്‌ക്വാഡില്‍ ഇടം നേടാന്‍ ഷോണ്‍ വില്യംസിന് സാധിച്ചിരുന്നില്ല. ക്രെയ്ഗ് ഇര്‍വിന്‍ അടക്കമുള്ളവര്‍ ടീമിന്റെ ഭാഗമായപ്പോഴും മിസ്റ്റര്‍ ഡിപ്പന്‍ഡബിള്‍ വില്യംസിന്റെ അഭാവം ആരാധകരെ നിരാശരാക്കിയിരുന്നു.
എന്നാല്‍ സൂപ്പര്‍ താരം ടീമിലേക്ക് മടങ്ങിയെത്തുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രമുഖ കായിക മാധ്യമമായ ക്രിക്ട്രാക്കറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വില്യംസ് എത്തുന്നതോടെ ഷെവ്‌റോണ്‍സ് നിര കൂടുതല്‍ കരുത്താര്‍ജിക്കുമെന്നുറപ്പാണ്. നിര്‍ണായക ഘട്ടങ്ങളില്‍ ടീമിനെ താങ്ങി നിര്‍ത്തുന്ന വില്യംസിന്റെ പരിചയസമ്പന്നതയെ മറികടക്കാന്‍ ലങ്കന്‍ ലയണ്‍സ് ഏറെ പാടുപെടേണ്ടി വരും.
കഴിഞ്ഞ ദിവസം അവസാനിച്ച ഏകദിന പരമ്പരയില്‍ സന്ദര്‍ശകര്‍ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0നാണ് ലങ്ക വിജയിച്ചത്. മഴ മൂലം പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിക്കുകയും ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ലങ്ക വിജയിക്കുകയുമായിരുന്നു. എന്നാല്‍ ടി-20യില്‍ ഇതേ രീതിയില്‍ വിജയിക്കാന്‍ ആതിഥേയര്‍ ഏറെ പാടുപെടേണ്ടി വരും.
ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് ടി-20 പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്. ഏകദിന പരമ്പരയിലെ തോല്‍വി മറക്കാന്‍ ടി-20 പരമ്പര വിജയിക്കാന്‍ തന്നെയാണ് സിംബാബ്‌വേ ഒരുങ്ങുന്നത്.
ശ്രീലങ്ക – സിംബാബ്‌വേ ടി-20 പരമ്പരയുടെ ഷെഡ്യൂള്‍
ആദ്യ മത്സരം – ജനുവരി 14 – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ
രണ്ടാം മത്സരം – ജനുവരി 16 – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ
അവസാന മത്സരം – ജനുവരി 18 – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ
സിംബാബ്‌വേ ടി-20 സ്‌ക്വാഡ്
ബ്രയന്‍ ബെന്നറ്റ്, ക്രെയ്ഗ് ഇര്‍വിന്‍, മിട്ടണ്‍ ഷുംബ, ടിനാഷെ കമുന്‍ഹുകാംവേ, റയാന്‍ ബേള്‍, ഷോണ്‍ വില്യംസ്, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ടോണി മുന്യോംഗ, ക്ലൈവ് മദാന്‍ദെ, (വിക്കറ്റ് കീപ്പര്‍), ജോയ്‌ലോര്‍ഡ് ഗുംബി (വിക്കറ്റ് കീപ്പര്‍), ഐന്‍സ്‌ലി എന്‍ഡ്‌ലോവു, ബ്ലെസ്സിങ് മുസരബാനി, കാള്‍ മുംബ, ലൂക് ജോങ്‌വേ, റിച്ചാര്‍ഡ് എന്‍ഗരാവ, വെല്ലിങ്ടണ്‍ മസകദാസ.
ശ്രീലങ്ക ടി-20 സ്‌ക്വാഡ്
ചരിത് അസലങ്ക, പാതും നിസങ്ക, സധീര സമരവിക്രമ, ഏയ്ഞ്ചലോ മാത്യൂസ്, ദാസുന്‍ ഷണക, ധനഞ്ജയ ഡി സില്‍വ, കാമിന്ദു മെന്‍ഡിസ്, വാനിന്ദു ഹസരങ്ക (ക്യാപ്റ്റന്‍), കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശാല്‍ പെരേര (വിക്കറ്റ് കീപ്പര്‍), അകില ധനഞ്ജയ, ദില്‍ഷന്‍ മധുശങ്ക, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, മതീശ പതിരാന, നുവാന്‍ തുഷാര.
Content Highlight: Sean Williams added to Zimbabwe’s T20 squad against Sri Lanka