ടി20 ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ നാലാമത്തെ സെഞ്ച്വറിയെന്ന റെക്കോര്‍ഡിന് ഉടമയായി ഓസീസ് താരം സീന്‍ ആബട്ട് (110). ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ബ്ലാസ്റ്റ് മത്സരത്തില്‍ സറേക്ക് വേണ്ടിയാണ് ആബട്ട് 34 പന്തില്‍ നിന്നും സെഞ്ച്വറി തികച്ചത്.
സറേ താരത്തിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തില്‍ ഓവലില്‍ നടന്ന മത്സരത്തില്‍ കെന്റിനെ 41 റണ്‍സിന് തോല്‍പ്പിക്കാനും അവര്‍ക്കായി. 2013 ഐ.പി.എല്ലില്‍ പൂനെ വാരിയേഴ്‌സിനെതിരെ ആര്‍.സി.ബിക്ക് വേണ്ടി ക്രിസ് ഗെയ്ല്‍ നേടിയ 30 പന്തില്‍ നിന്നുള്ള സെഞ്ച്വറിയാണ് ഈ വിഭാഗത്തിലെ ഫാസ്റ്റസ്റ്റ് സെഞ്ച്വറി.
രണ്ടാം സ്ഥാനത്ത് 32 പന്തില്‍ നിന്ന് ഇന്ത്യന്‍ താരം റിഷബ് പന്ത് നേടിയ ശതകമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെയാണ് പന്ത് സെക്കന്റ് ഫാസ്റ്റസ്റ്റ് സെഞ്ച്വറി നേടിയത്.
2018ല്‍ ആഫ്രിക്ക ടി20 കപ്പില്‍ വിഹാന്‍ ലുബ്ബേ നേടിയ 33 പന്തിലെ സെഞ്ച്വറിയാണ് മൂന്നാമത്തെ ഫാസ്റ്റസ്റ്റ് ശതകം. നോര്‍ത്ത് വെസ്റ്റ്-ലിംബോപ്പോ മത്സരത്തിലായിരുന്നു ഈ പ്രകടനം.
ശനിയാഴ്ച നടന്ന മത്സരത്തിലെ സെഞ്ച്വറി പ്രകടനത്തോടെ മുന്‍ ഓസീസ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് നേടിയ റെക്കോര്‍ഡിന് ഒപ്പമെത്താനും സീന്‍ ആബട്ടിനായി. സൈമണ്ട്‌സിനൊപ്പം തന്നെ വിലയിരുത്തേണ്ട കാര്യമില്ലെന്നും എന്നാല്‍ മികച്ച രീതിയില്‍ ബാറ്റ് വീശാനായെന്നതില്‍ സന്തോഷമുണ്ടെന്നും ആബട്ട് ക്രിക്കറ്റ്.ഡോം.എയുവിനോട് പറഞ്ഞു.
ആവേശപ്പോരില്‍ നാല് ഫോറും 11 സിക്‌സറുകളും സഹിതമാണ് സീന്‍ ആബട്ട് റെക്കോഡ് പട്ടികയിലേക്ക് നടന്നുകയറിയത്. 41 പന്തില്‍ നിന്നാണ് ഓസീസ് താരം 110 റണ്‍സെടുത്തത്.