ഫില്‍പ്പ് ഹ്യൂഗ്‌സിന്റെ മരണശേഷം ബൗണ്‍സര്‍ എറിഞ്ഞ് സീന്‍ അബോട്ടിന്റെ തിരിച്ചുവരവ്
Daily News
ഫില്‍പ്പ് ഹ്യൂഗ്‌സിന്റെ മരണശേഷം ബൗണ്‍സര്‍ എറിഞ്ഞ് സീന്‍ അബോട്ടിന്റെ തിരിച്ചുവരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th December 2014, 11:55 am

abott സിഡ്‌നി: ക്രിക്കറ്റ് താരം ഫില്‍പ്പ് ഹ്യൂഗ്‌സിന്റെ മരണം തീര്‍ത്ത ആഘാതം മറികടന്ന് ന്യൂ സൈത്ത് വെയില്‍സ് ബൗളര്‍ സീന്‍ അബോട്ട് തിരിച്ചെത്തി. അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയ അതേ ഗ്രൗണ്ടില്‍ ചൊവ്വാഴ്ച ആദ്യ പന്തെറിഞ്ഞത് സീന്‍ അബോട്ടാണ്.

ക്യൂന്‍സ്‌ലാന്റും ഷെഫീല്‍ഡ് ഷീല്‍ഡും തമ്മിലായിരുന്നു മത്സരം. ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനുള്ള പന്ത്രണ്ടു പേരിലൊരാളായാണ് സീന്‍ അബോട്ടിനെ ഉള്‍പ്പെടുത്തിയത്.

ഒരു മാസം മുമ്പ് സീന്‍ അബോട്ടെറിഞ്ഞ ബൗണ്‍സറാണ് ഫില്‍പ്പ് ഹ്യൂഗ്‌സിന്റെ മരണത്തിന് കാരണമായത്. ഹ്യൂഗ്‌സിന്റെ മരണത്തിനുശേഷം മാനസികമായി തളര്‍ന്ന അബോട്ട് നിരവധി തവണ കൗണ്‍സിലിങ്ങിന് വിധേയനായിരുന്നു.

സീന്‍ അബോട്ട് ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ഏറെ ക്ലേശിക്കേണ്ടിവരുമെന്ന ഭീതിയുണ്ടായിരുന്നു. എന്നാല്‍ അബോട്ടിന് ഗ്രൗണ്ടില്‍ വന്‍ പ്രോത്സാഹനമാണ് ലഭിച്ചത്.

നവംബര്‍ 27നാണ് 25കാരനായ ഫില്‍പ്പ് ഹ്യൂഗ്‌സ് മരിച്ചത്. അബോട്ടിന്റെ ബോളില്‍ തലയ്‌ക്കേറ്റ പരുക്കാണ് ഹ്യൂഗ്‌സിനെ മരണത്തിലേക്ക് നയിച്ചത്.

മരിക്കുന്നതിനു മുമ്പ് ആശുപത്രിയിലെത്തി അബോട്ട് ഹ്യൂഗ്‌സിനെ കണ്ടിരുന്നു. ഹ്യൂഗ്‌സിന്റെ മരണശേഷം ഓസ്‌ട്രേലിയന്‍ ടീം ഗ്രൗണ്ടിലിറങ്ങുന്നത് ഇന്നാണ്.