| Wednesday, 13th September 2023, 12:56 pm

ബാറ്റര്‍ പോലും തലയില്‍ കൈവെച്ച് നില്‍ക്കണമെങ്കില്‍ എന്താവും അവിടെ സംഭവിച്ചത്; കയ്യടിച്ച് ക്രിക്കറ്റ് ലോകം; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാം ഏകദിനത്തില്‍ ഷോണ്‍ അബോട്ട് നേടിയ ക്യാച്ചാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം മാര്‍കോ യാന്‍സനെ പുറത്താക്കാന്‍ ബൗണ്ടറി ലൈനിന് സമീപത്ത് നിന്നും എടുത്ത ക്യാച്ചാണ് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയത്.

പ്രോട്ടീസ് ഇന്നിങ്‌സിന്റെ 47ാം ഓവരിലെ രണ്ടാം പന്തിലാണ് ആ തകര്‍പ്പന്‍ ക്യാച്ച് പിറന്നത്. നഥാന്‍ എല്ലിസിന്റെ പന്തില്‍ ഷോട്ട് കളിച്ച യാന്‍സന്‍ അത് സിക്‌സറെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ പാഞ്ഞടുത്ത അബോട്ട് കൃത്യമായി ഡൈവ് ചെയ്യുകയും ഒറ്റക്കയ്യില്‍ ക്യാച്ച് കംപ്ലീറ്റ് ചെയ്യുകയുമായിരുന്നു.

ആ ക്യാച്ച് കണ്ട് തലയില്‍ കൈവെച്ച് നില്‍ക്കാന്‍ മാത്രമായിരുന്നു യാന്‍സന് സാധിച്ചത്. അബോട്ടിന്റെ പ്രകടനം കണ്ട കമന്റേറ്റര്‍മാരും ആവേശത്തിലായിരുന്നു. ആ ക്യാച്ചിന്റെ വീഡിയോ കാണാം.

അതേസമയം, ഓസീസിനെ 111 റണ്‍സിന് തോല്‍പിച്ച സൗത്ത് ആഫ്രിക്ക പരമ്പര സജീവമാക്കി നിര്‍ത്തിയിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഓസീസ് വിജയിച്ചിരുന്നു. മൂന്നാം മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് പ്രോട്ടീസ് കളത്തിലിറങ്ങിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും ക്യാപ്റ്റന്‍ തെംബ ബാവുമയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 146 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

77 പന്തില്‍ 82 റണ്‍സ് നേടിയ ഡി കോക്കിന്റെ വിക്കറ്റാണ് പ്രോട്ടീസിന് ആദ്യം നഷ്ടമായത്. ട്രാവിസ് ഹെഡിന്റെ പന്തില്‍ ഡേവിഡ് വാര്‍ണറിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ബാവുമയെയും പ്രോട്ടീസിന് നഷ്ടമായി. 62 പന്തില്‍ നിന്നും 57 റണ്‍സുമായാണ് ബാവുമ പുറത്തായത്.

മൂന്നാം നമ്പറില്‍ ഇറങ്ങിയ റീസ ഹെന്‍ഡ്രിക്‌സ് 45 പന്തില്‍ നിന്നും 39 റണ്‍സ് നേടി പുറത്തായപ്പോള്‍ 74 പന്തില്‍ പുറത്താകാതെ 102 റണ്‍സടിച്ച് ഏയ്ഡന്‍ മര്‍ക്രം സ്‌കോറിങ്ങില്‍ കരുത്തായി. നാല് സിക്‌സറും ഒമ്പത് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു മര്‍ക്രമിന്റെ ഇന്നിങ്‌സ്. 137.84 എന്ന സ്‌ട്രൈക്ക് റേറ്റായിരുന്നു മര്‍ക്രമിനുണ്ടായിരുന്നത്.

16 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറുമായി 32 റണ്‍സ് നേടിയ മാര്‍കോ യാന്‍സെന്‍ സ്‌കോറിങ്ങിന് വേഗം കൂട്ടി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സാണ് ആതിഥേയര്‍ നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മികച്ച തുടക്കം ലഭിച്ചങ്കിലും പോകെപ്പോകെ ആ മൊമെന്റം നഷ്ടമാവുകയായിരുന്നു. 56 പന്തില്‍ 78 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറാണ് ടോപ് സ്‌കോറര്‍.

ഒടുവില്‍ 34.3 ഓവറില്‍ ഓസീസ് ഓള്‍ ഔട്ടാവുകയായിരുന്നു.

സൗത്ത് ആഫ്രിക്കക്കായി ജെറാള്‍ഡ് കോട്‌സി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കേശവ് മഹാരാജും തബ്രിയാസ് ഷംസിയും രണ്ട് വിക്കറ്റ് വീതം നേടി. ഡേവിഡ് വാര്‍ണര്‍ റണ്‍ ഔട്ടായപ്പോള്‍ സിസാന്‍ഡ മഗാലയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

സെപ്റ്റംബര്‍ 15നാണ് പരമ്പരയിലെ നാലാം ഏകദിനം. സെഞ്ചൂറിയനാണ് വേദി.

Content highlight: Sean Abbot’s brilliant catch to dismiss Marco Jensen

We use cookies to give you the best possible experience. Learn more