| Friday, 3rd September 2021, 1:31 pm

വയനാട് സ്വദേശികളായ കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തി കര്‍ണാടക; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: വയനാട് സ്വദേശികളായ കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തി കര്‍ണാടക. കൃഷിയാവശ്യങ്ങള്‍ക്കായി അതിര്‍ത്തി കടന്ന മലയാളി കര്‍ഷകരുടെ ദേഹത്താണ് കര്‍ണാടക സര്‍ക്കാര്‍ സീല്‍ പതിച്ചത്. വയനാട് മാനന്തവാടി സ്വദേശികളായ രണ്ട് പേരുടെ ശരീരത്തിലാണ് കഴിഞ്ഞ ദിവസം സീല്‍ പതിപ്പിച്ചത്.

ബാവലി ചെക് പോസ്റ്റില്‍ വെച്ചായിരുന്നു സംഭവം. അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് സീല്‍ പതിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. വോട്ടിങ് സമയത്ത് ഉപയോഗിക്കുന്ന തരത്തിലുള്ള മഷി ഉപയോഗിച്ചാണ് സീല്‍ പതിപ്പിച്ചിരിക്കുന്നത്.

ചാപ്പ കുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അഭ്യര്‍ഥിച്ച് മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു കേരള മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ കര്‍ഷകര്‍ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

കര്‍ഷകരെ തടഞ്ഞുനിര്‍ത്തി ചാപ്പക്കുത്തുകയായിരുന്നെന്നും രണ്ട് ദിവസമായി ഇത് തുടരുന്നെന്നും എം.എല്‍.എ കേളു പറഞ്ഞു. ഇതിനെതിരെ ചില പ്രതിഷേധങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. ചില അനിഷ്ടസംഭവങ്ങളും ഉണ്ടായിരുന്നു. ഇതൊരു പ്രാകൃതരീതിയാണ്.

ആര്‍.ടി.പി.സി.ആര്‍ എടുത്ത ആളുകളെ പോലും കടത്തിവിടാത്ത സ്ഥിതി നേരത്തെ തന്നെ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് അവര്‍ പുതിയ രീതി അവലംബിച്ചത്. കേരളത്തില്‍ നിന്നുള്ളവരെ അങ്ങോട്ട് കടത്തിവിടുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് അറിയുന്നത്. ഇത്തരത്തില്‍ പ്രാകൃതമായ നിലപാട് കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കുന്നത് തെറ്റായ രീതിയാണ്. നിയമപരമായി തന്നെ ഇതിനെ നേരിടണമെന്നാണ് കരുതുന്നത്, എം.എല്‍.എ പറഞ്ഞു.

പടിഞ്ഞാറെത്തറ സ്വദേശി ഹുസൈന്‍ അടക്കമുള്ളവരുടെ ദേഹത്താണ് ചാപ്പ കുത്തിയത്. രണ്ട് വാക്‌സിനും എടുത്ത ആളാണ് താനെന്നും സര്‍ട്ടിഫിക്കറ്റ് കാണിച്ചപ്പോള്‍ അത് പോരെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നും തുടര്‍ന്ന് താന്‍ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചപ്പോള്‍ അവര്‍ അതും അംഗീകരിക്കാതെ ദേഹത്ത് ചാപ്പകുത്തുകയായിരുന്നെന്നും ഹുസെന്‍ പറഞ്ഞു.

” ചാപ്പ കുത്തുന്നതിനെ ഞാന്‍ എതിര്‍ത്തിരുന്നു. രണ്ട് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇന്ത്യയില്‍ എവിടേയും പോകാമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്. അഭയാര്‍ത്ഥികളെപ്പോലെ ചാപ്പ കുത്തിവിടുന്ന അവസ്ഥയാണ് ഇത്. ഇതില്‍ നടപടിയുണ്ടാകണം. ഇത്തരത്തില്‍ ചാപ്പ കുത്തി വിടുന്നതില്‍ മാനസിക പ്രയാസമുണ്ട്.” ഹുസൈന്‍ പറഞ്ഞു.

വിഷയത്തില്‍ രേഖാമൂലം പരാതി നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more