കടലും കായലും സംഗമിക്കുന്ന മനോഹരചിത്രത്തിന് സാക്ഷിയാകണമെങ്കിൽ നേരെ തോട്ടപ്പള്ളി ബീച്ചിലേക്ക് പോകാം.മൂന്നു പുണ്യ നദികൾ അറബിക്കടലുമായി സംഗമിക്കുന്ന അപൂർവ്വകാഴ്ച കാണാം.പമ്പയും,അച്ഛൻകോവിലാറും,മണിമലയാറും ഇവിടെയെത്തി അറബിക്കടലിനെ പുൽകുന്നു.പടിഞ്ഞാറ് കടലും,കിഴക്ക് അപ്പർ കുട്ടനാടൻ പാടശേഖരങ്ങളും..ഇതാണ് തോട്ടപ്പള്ളി..
ആലപ്പുഴ കൊല്ലം റൂട്ടിൽ ദേശീയപാത 47 നോട് ചേർന്നാണ് ഈ മനോഹര സംഗമമഭൂമി.ആലപ്പുഴ പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ മാത്രം ദൂരം. 420 മീറ്റർ ദൂരം വരുന്ന ആറുപതിറ്റാണ്ടോളം പഴക്കമുള്ള തോട്ടപ്പള്ളി സ്പിൽവേയ്ക്കു ഇരുവശത്തുമായാണ് കടലും കായലും.സ്പിൽവേ പാലത്തിലൂടെ കടന്നു പോകുന്ന യാത്രികർക്കും ഇരുവശത്തും പ്രകൃതിയുടെ വേറിട്ട ഭാവങ്ങൾ ദൃശ്യമാകുന്നു.ഒരു വശത്ത് തിരയുടെ അലയൊളികളെങ്കിൽ മറുവശത്ത് ശാന്തമായ കായലോളങ്ങൾ. കുട്ടനാടൻ കാഴ്ചകൾ ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾ നഷ്ടപ്പെടുത്താൻ പാടില്ലാത്ത കാഴ്ചയാണ് തോട്ടപ്പള്ളിയിലേത്.വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നും കുട്ടനാടിനെ രക്ഷിക്കുവാനായി കടൽത്തീരത്തെ പൊഴി മുറിക്കുന്നതോടെയാണ് കടൽ കായൽ സംഗമത്തിന്റെ അലയടികൾ കാണാൻ കഴിയുക.നിലവിൽ പൊഴി തുറന്നതോടെ ഇവിടേക്ക് സഞ്ചാരികളും കൂടുതലായി എത്തിത്തുടങ്ങി.
പൊഴി മുറിച്ചതോടെ മൺതിട്ടകളുടെ പൊക്കം കൂടിയതായി അനുഭവപ്പെടുന്നു. കരയിൽ നിന്ന് തിരയ്ക്കു മുകളിൽ കാൽ നീട്ടിയിരിക്കാം.ബാൽക്കണിയിലിരുന്ന് കടൽക്കാഴ്ച്ച കാണുന്ന പ്രതീതി…
കടലും കണ്ട് കപ്പലണ്ടിയും കൊറിച്ച് മടങ്ങുമ്പോൾ കൈ നിറയെ മത്സ്യം വേണമെങ്കിൽ അതുമാവാം.ധാരാളം മത്സ്യത്തൊഴിലാളികളും,തദ്ദേശിയരും വല വീശാനെത്തുന്നു.പ്രധാന തുറമുഖമായ തോട്ടപ്പള്ളി ഹാർബറും കൈയെത്തും ദൂരത്തുണ്ട്.കാറ്റാടിച്ചെടികളാൽ സമ്പന്നമായ പ്രദേശം വിവാഹ ഫോട്ടാേഗ്രഫിയുടെ പ്രധാന ലൊക്കേഷൻ കൂടിയാണ്.
എറണാകുളം -തിരുവനന്തപുരം റൂട്ടിലെ യാത്രകൾക്ക് ആലപ്പുഴ വഴി പോകുന്നവർക്ക് അൽപനേരമിറങ്ങി മനം കുളിർപ്പിക്കാനുള്ള കാഴ്ചകളുണ്ട് തോട്ടപ്പള്ളിയിൽ.കുട്ടികൾക്കായി ചെറിയ പാർക്കും ബീച്ചിനോട് ചേർന്നുണ്ട്.തോട്ടപ്പള്ളി ഹാർബറിലേക്കെത്തിയാൽ മത്സ്യയാനങ്ങൾ കരയ്ക്കെത്തിക്കുന്നതും ലേല കച്ചവടവുമൊക്കെ കാണാം. കരിമണൽ ധാതുക്കളാൽ സമ്പന്നമായത് കൊണ്ട് മറ്റു കടൽത്തീരങ്ങളിൽ നിന്ന് വ്യത്യസ്തമായി കറുത്ത മണലാണിവിടെ.സൂര്യാസ്തമയം കാണാനാണ് ഇവിടെ സഞ്ചാരികളിൽ അധികവുമെത്തുന്നത്.തോട്ടപ്പള്ളിക്കടുത്ത് തൃക്കുന്നപ്പുഴ ഗ്രാമത്തിലാണ് പല്ലന കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്.ഉത്സവ സീസണിൽ നടത്തുന്ന തോട്ടപ്പള്ളി ബീച്ച് ഫെസ്റ്റ് കാണാൻ ധാരാളം പേർ വർഷംതോറുമിവിടെ എത്തുന്നു.