മുങ്ങല്‍ കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരുണ്ട്. കടുക്ക പെറുക്കാനും മത്സ്യബന്ധനത്തിനും പോയി ശ്വാസം മുട്ടുവോളം ഇവര്‍ മുങ്ങും. ഇത് തൊഴില്‍മാര്‍ഗം. പിന്നെ ഇവര്‍ മുങ്ങുന്നത് ജീവന്‍ രക്ഷിക്കാനാണ്, അല്ലെങ്കില്‍ ജീവന്‍ ഒഴിഞ്ഞ ശരീരങ്ങള്‍ കരയില്‍ എത്തിക്കാന്‍. സ്വന്തം ജീവന്‍ പണയം വെച്ചുകൊണ്ടാണ് ഇവര്‍ ഈ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.
42 വയസ്സായ ബൈജു 20 വര്‍ഷത്തോളമായി ഈ രംഗത്തുണ്ട്. നാലു വര്‍ഷം മുന്‍പെ നാദാപുരം വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട് മരിച്ച ഒരു കുട്ടിയുടെ ശരീരം പുറത്തെടുക്കാന്‍ പോയത് ഇവര്‍ ഇപ്പോഴും ഓര്‍ക്കുന്നു. “വില്ലേജ് ഓഫീസില്‍ നിന്നാണ് നമ്മളെ വിളിച്ചത്. തിരികക്കയം വെള്ളച്ചാട്ടം മഴക്കാലത്ത് വളരെ ശക്തമാണ്. “അപകടസാധ്യത ഏറെയുള്ള ഇവിടെ നിന്ന് ശരീരം പുറത്തെടുക്കുക ഒരു വെല്ലുവിളിയായിരുന്നു,” ഷാഫി പറയുന്നു. ഇരുവരും ഗോധീശ്വരം ഭാഗത്ത് കടുക്ക പെറുക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടവരാണ്.
ഗോധീശ്വരത്ത് നിന്നുള്ള ഹംസക്കോയക്ക് 40 വയസ്സായി. അപകടം കൂടുതലാണെങ്കിലും മുങ്ങുന്നതിലൂടെ സ്വയംതൊഴില്‍ ലഭിക്കുന്നെന്നും ആരുടേയും കീഴില്‍ ജോലി ചെയ്യേണ്ട അവസ്ഥ വരുന്നില്ലെന്നും ഹംസക്കോയ പറയുന്നു. വരുമാനം തികയാതെ വരുമ്പോള്‍ കേറ്ററിംങ് ജോലിക്കും ഹംസക്കോയ പോകുന്നുണ്ട്.
കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് പ്രധാനമായും മുങ്ങല്‍ വിദഗ്ദര്‍ നമ്മളെ സഹായിക്കാറുള്ളതെന്നാണ് ഹംസ പറയുന്നത്. മീഞ്ചന്ത ഫയര്‍ സ്റ്റേഷന്‍ ലീഡിങ് ഫയര്‍മാന്നാണ് ഇദ്ദേഹം.
പത്ത് വര്‍ഷം മുന്നെ കോഴിക്കോട് ഭാഗത്ത് പൂനൂര്‍ പുഴ കവിഞ്ഞൊഴുകി വലിയൊരു വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ ഒരുപാട് ജീവനുകള്‍ രക്ഷിച്ചിരുന്നതായി ഹംസ പറയുന്നു. അവര്‍ പ്രത്യേകിച്ച് ഉപകരണം ഒന്നും തന്നെ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഓഖിയില്‍ നമ്മള്‍ അറുപതോളം ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്, കൂടാതെ പത്തോളം ശരീരങ്ങളും കണ്ടെത്തിയെന്നാണ് ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ കടല്‍ രക്ഷകനായ ഷൈജു പറയുന്നത്. മുന്‍പ് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന ചിലര്‍ ഇപ്പോള്‍ ദിവസവേതനത്തിന്റെ അടിസ്ഥാനത്തില്‍ ഫിഷറീസ് ഡിപ്പാര്‍ട്മെന്റില്‍ രക്ഷ പ്രവര്‍ത്തകരായി പ്രവര്‍ത്തിക്കുന്നുണ്ട്.
ബേപ്പൂര്‍ ഫീഷറീസ് ഡിപ്പാര്‍ടമെന്റില്‍ ഒമ്പത് കടല്‍ര രക്ഷാപ്രവര്‍ത്തകരുണ്ടായിരുന്നു. 30 ദിവസവും ജീവന്‍ പണയം വെച്ച് ജോലി എടുക്കുന്ന ഇവര്‍ക്ക് മാസത്തില്‍ 18,400 രൂപ മാത്രമാണ് ശമ്പളം. ഇതില്‍ നിന്നുള്ള വരുമാനം കൊണ്ട് കുടുംബം പുലര്‍ത്താന്‍ പറ്റാത്തതു കൊണ്ട് മിക്കവരും തിരിച്ച് മത്സ്യബന്ധനത്തിലേക്ക് പോയി.
ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ നിലവില്‍ മൂന്ന് പേരാണ് കടല്‍ രക്ഷകരായിട്ടുള്ളത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ നിന്ന് ഫിഷറീസ് മുഖാന്തരം ഇവര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. “കടലിലാണ് പ്രധാനമായും നമ്മള്‍ ഇടപെടാറ്, മഴക്കാലങ്ങളില്‍ പുഴയിലും മറ്റും അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ നമ്മള്‍ പോവാറുണ്ട്,” ഷൈജു പറയുന്നു.
ഓഖി വരുന്നതിന് ഒരു മാസം മുന്‍പ് ബോട്ടില്‍ നിന്ന് കടലിലേക്ക് വീണ രണ്ടു പേരെ സംഭവം നടന്ന രാത്രി തന്നെ കടലില്‍ പോയി രക്ഷപ്പെടുത്തിയത് ഇവരാണ്. അടിസ്ഥാന സുരക്ഷാ സാമഗ്രികളായിട്ട് ലൈഫ് ജാക്കറ്റും ലൈഫ് ബോയിയും മാത്രമെ ഇവര്‍ക്ക് നല്‍കിയിട്ടുള്ളൂ.
ഏഴു വര്‍ഷം മുന്‍പെ ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് പേരെ അത്ഭുതകരമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. വള്ളം മറിഞ്ഞു കെട്ടി കിടക്കുകയായിരുന്നു. മരിച്ചാലും ശരീരം കിട്ടണം എന്ന് വിചാരിച്ച അവര്‍ ശരീരം ബോട്ടിനോട് ബന്ധിച്ച് കിടക്കുകയായിരുന്നു. അവരെ നമുക്ക് ജീവനോടെ കരയിലെത്തിക്കാന്‍ സാധിച്ചു. – ഷൈജു ഓര്‍ക്കുന്നു. “സ്ഥിരനിയമനം നടത്താനുള്ള എന്തെങ്കിലും നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന,” ഷൈജു പറയുന്നു.
വിളിച്ചാല്‍ ഉടന്‍ തന്നെ അവര്‍ വരുമെന്നാണ് മുങ്ങല്‍ വിദഗ്ദരെ കുറിച്ച് അയ്യൂബ് ഖാന്‍ പറയുന്നത്. പൊന്നാനി ഫയര്‍ സ്റ്റേഷനിലെ ലീഡിങ് ഫയര്‍മാനാണ് ഇദ്ദേഹം. ഫയര്‍ സര്‍വീസിന്റെ ഒരു പ്രവര്‍ത്തനം കമ്മ്യൂണിറ്റി റെസ്‌ക്യൂ വോളണ്ടിയര്‍ എന്നൊരു പദ്ധതി നടപ്പിലാക്കലാണ്. ഈ പദ്ധതി പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തി ആരംഭിച്ചിട്ടില്ല. പ്രാദേശികമായിട്ട് തല്‍പരരായിട്ടുള്ള ആളുകള്‍ക്ക് പ്രാഥമിക പരിശീലനം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഏതൊരു സ്ഥലത്തും ഒരു ദുരന്തം ഉണ്ടായാല്‍ ഏറ്റവും ആദ്യം ഇടപെടുന്നത് പ്രാദേശികമായിട്ടുള്ള ആളുകളായിരിക്കും. പരിശീലനം ലഭിക്കുമ്പോള്‍ കൂടുതല്‍ സുരക്ഷിതമായ രീതിയില്‍ ഇടപെടാന്‍ അവര്‍ സജ്ജമാകുന്നു. പ്രതിഫലമേതും പ്രതീക്ഷിക്കാതെയാണ് മുങ്ങല്‍ വിദഗ്ദര്‍ ഈ സേവനം അനുഷ്ഠിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിയമിച്ച കടല്‍ രക്ഷകര്‍ക്കു പോലും ന്യായമായ വേതനം ലഭിക്കുന്നില്ല. കൃത്യമായ പരിശീലനവും സുരക്ഷാ ഉപകരണങ്ങളും നല്‍കി ഇവരുടെ സുരക്ഷാ ഉറപ്പു വരുത്തുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.