കടല്‍ക്കൊല: കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് സുപ്രീം കോടതി
India
കടല്‍ക്കൊല: കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th January 2013, 9:00 am

ന്യൂദല്‍ഹി: കടലില്‍ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസില്‍ കേസെടുക്കാന്‍ കേരളപോലീസിന് അധികാരമില്ലെന്ന് സുപ്രീം കോടതി. കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ ഹരജിയിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.

വെടിവെപ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലല്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. മാരിടൈം നിയമമനുസരിച്ച് വിചാരണ നടത്തണമെന്നും ഇതിനായി ദല്‍ഹിയില്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.[]

അതേസമയം, കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന നാവികരുടെ ആവശ്യം കോടതി തള്ളി. ഇവര്‍ക്കെതിരായുള്ള കേസ് നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു.

സംഭവം നടന്നത് 20.5 നോട്ടിക്കല്‍ മൈല്‍ ദൂരത്താണെന്നും 12.5 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ വെടിവെയ്പ്പ് നടന്നാല്‍ മാത്രമേ കേരളത്തിന് കേസെടുക്കാന്‍ അധികാരമുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.
2012 ഫെബ്രുവരി 15 ന് നീണ്ടകരയില്‍ നിന്നു മല്‍സ്യബന്ധനത്തിന് പോയ ബോട്ടിന് നേരേ ഇറ്റാലിയന്‍ കപ്പല്‍ എന്‍ട്രിക്കാ ലെക്‌സിയില്‍ നിന്ന് വെടിവയ്പുണ്ടാകുകയായിരുന്നു. നീണ്ടകര തുറമുഖത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ ആലപ്പുഴ തോട്ടപ്പള്ളി കടലിലായിരുന്നു സംഭവം.

വെടിവെപ്പില്‍ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (ജലസ്റ്റിന്‍ 50), കളിയാക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ ഐസക് സേവ്യറിന്റെ മകന്‍ അജീഷ് ബിങ്കി (21) എന്നിവര്‍ മരിക്കുകയും ചെയ്തിരുന്നു.

കടല്‍ക്കൊള്ളക്കാര്‍ എന്ന് ധരിച്ചാണ് വെടിയുതിര്‍ത്തത് എന്നായിരുന്നു ഇറ്റലിയുടെ വാദം. ഇറ്റാലിയന്‍ നാവികരായ ലത്തോറ മാസിമിലിയോന, സാല്‍വത്തോറ ജിറോണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

കേസില്‍ പിടിയിലായ നാവികര്‍  കേസെടുക്കാന്‍ കേരളത്തിന് അവകാശമില്ലെന്ന് കാണിച്ച് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അന്താരാഷ്ട്ര കപ്പല്‍ ചാലിലാണ് സംഭവം നടന്നതെന്നും അതിനാല്‍ തന്നെ ഇന്ത്യന്‍ നിയമം ബാധകമല്ലെന്നും  റോമിലെ സൈനിക കോടതിക്കാണ് അതിനുള്ള അധികാരമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നാവികര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കേസ് തള്ളണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ നാവികര്‍ സമര്‍പ്പിച്ച ഹരജി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമര്‍പ്പിച്ചത്. ഡിസംബര്‍ 22ന് നാവികര്‍ക്ക് ക്രിസ്മസ് ആഘോഷിക്കുന്നതിനായി ഇറ്റലിയിലേക്ക് പോകാന്‍ ഹൈക്കോടതി അനുവദിച്ചിരുന്നു.

കേരളസര്‍ക്കാറിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി. ഹരജിയില്‍ കേരള സര്‍ക്കാറില്‍ നിന്നും വിരുദ്ധമായ നിലപാടായിരുന്നു കേന്ദ്രസര്‍ക്കാര്‍ എടുത്തത്.