ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റലിയുടെ നാവികര്‍ക്കതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അന്വേഷണം തുടങ്ങാന്‍ വൈകുന്നതായി
വാര്‍ത്ത. കേസ് രേഖകള്‍ പരിഭാഷപ്പെടുത്താനും സാക്ഷികളെ വിസ്തരിക്കാനുമെടുക്കുന്ന കാലതാമസമാണ് ഇതിന് കാരണമായി പറയുന്നത്.[]
നിലവില്‍ പ്രധാനപ്പെട്ട പല രേഖകളും മലയാളത്തിലും ഇറ്റാലിയനിലുമാണുള്ളത്. കേരളത്തിലാണ് സംഭവം നടന്നതെന്നതിനാല്‍ എഫ്.ഐ.ആര്‍. രേഖപ്പെടുത്തിയിരിക്കുന്നത് മലയാളത്തിലാണ്.
ഇറ്റലിയുടെ നാവികര്‍ സഞ്ചരിച്ചിരുന്ന “എന്റിക ലെക്‌സി” എന്ന കപ്പലിലെ ലോഗ് ബുക്ക് വിവരങ്ങള്‍, സാക്ഷിമൊഴികള്‍ എന്നിവയും ഇറ്റാലിയനിലോ മലയാളത്തിലോ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ സമയമെടുക്കുമെന്ന് ആഭ്യന്തരമന്ത്രാലയവക്താക്കള്‍ അറിയിച്ചു.
കപ്പലിലുണ്ടയിരുന്ന എല്ലാവരെയും സാക്ഷികളെന്ന നിലയില്‍ ചോദ്യംചെയ്യണമെന്ന് എന്‍.ഐ.എ. അന്വേഷണത്തിന് അനുമതിനല്‍കവെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതോടെ അന്ന് കപ്പലിലുണ്ടായിരുന്ന മുഴുവന്‍ പേരെയും വിളിച്ചുവരുത്താനുള്ള നടപടികളും എന്‍.ഐ.എക്ക് സ്വീകരിക്കേണ്ടിവന്നു. ഇതിന് അഞ്ചാഴ്ചത്തെ സമയവും അനുവദിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ നയതന്ത്ര തലത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുന്നതും അന്വേഷണം തുടങ്ങുന്നതിന് കാലതാമസമുണ്ടാക്കും.
ഇതിനിടെ വധശിക്ഷ ലഭിക്കുന്ന “സുവ” നിയമം ഒഴിവാക്കി കേസ് അന്വേഷിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍നിന്നുള്ള സമ്മര്‍ദം എന്‍.ഐ.എക്ക് മേലുണ്ട്. കേസില്‍ വധശിക്ഷ ഉണ്ടാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇറ്റലിക്ക് ഉറപ്പുകൊടുത്തിരുന്നു. ഇതുസംബന്ധിച്ച ആശയക്കുഴപ്പവും പരിഹരിക്കണം.
കഴിഞ്ഞവര്‍ഷം ഫിബ്രവരിയിലാണ് കൊല്ലം നീണ്ടകരയില്‍നിന്ന് മീന്‍ പിടിക്കാന്‍പോയ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നത്. ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോറെ ജിറോണ്‍, മാസിമിലിയാനൊ ലത്തോറെ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.