കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്തു അധികാരിക്കും സഹോദരനും എതിരെ ദുരിതാശ്വാസ സാമഗ്രികള്‍ മോഷ്ടിച്ചെന്നാരോപിച്ച് പൊലീസ് കേസ് ഫയല്‍ ചെയ്തു. കാന്തി മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗം രത്നദീപ് മന്നയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മോഷണത്തിനായി ബി.ജെ.പി നേതാക്കള്‍ കേന്ദ്ര സേനയെ ഉപയോഗിച്ചതായും പരാതിയില്‍ പറയുന്നു.
സുവേന്തു അധികാരിയുടെയും അദ്ദേഹത്തിന്റെ സഹോദരന്‍ മുന്‍ മുനിസിപ്പല്‍ ചീഫായ സൗമേന്തു അധികാരിയുടെയും നിര്‍ദേശപ്രകാരം കാന്തി മുനിസിപ്പാലിറ്റിക്ക് കീഴിലെ ലക്ഷക്കണക്കിന് രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍ ചിലര്‍ ബലപ്രയോഗത്തിലൂടെ പൂട്ടുകള്‍ തുറന്ന് മോഷ്ടിച്ചു എന്നാണ് ജൂണ്‍ ഒന്നിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
സുവേന്തു അധികാരിയുടെ അടുത്ത സഹായിയെ വഞ്ചനാക്കേസില്‍ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്ത ദിവസമാണ് പുതിയ കേസ് ഫയല്‍ ചെയ്തത്. 2019 ല്‍ ജലസേചന, ജലപാത മന്ത്രാലയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരാളെ വഞ്ചിച്ചുവെന്നാരോപിച്ചാണ് സുവേന്തു അധികാരിയുടെ സഹായി രാഖല്‍ ബേരയെ അറസ്റ്റ് ചെയ്തത്. രണ്ട് ലക്ഷം രൂപ നല്‍കിയെങ്കിലും ജോലി വാഗ്ദാനം ചെയ്തിട്ടില്ലെന്ന് പരാതിക്കാരന്‍ ആരോപിച്ചിരുന്നു.