| Thursday, 12th July 2018, 11:57 pm

അഭിമന്യുവിന്റെ പിതാവിനെയും അധ്യാപികയെയും അപമാനിച്ച എസ്.ഡി.പി.ഐ പ്രവര്‍ത്തകനെതിരെ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: ക്യാപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ പിതാവിനെയും മഹാരാജാസിലെ അദ്ധ്യാപികയെയും അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ച എസ്.ഡി.പി.ഐ പ്രവര്‍ത്തകനെതിരെ കേസെടുത്തു. കാസര്‍കോട് മുട്ടത്തൊടിയിലെ ബഷീറിനെതിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്.

ഡി.വൈ.എഫ്.ഐ കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി സുഭാഷ് പാടി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. അഭിമന്യുവിന്റെ വീട്ടിലെത്തിയ അദ്ധ്യാപികയോട് സങ്കടം വിവരിക്കുന്ന മനോഹരന്റെ ഫോട്ടോയ്ക്കൊപ്പം അശ്ലീലച്ചുവയോടെ കുറിപ്പ് ചേര്‍ത്താണ് ബഷീര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

പ്രിന്‍സിപ്പല്‍ ഡോ. കെ എന്‍ കൃഷ്ണകുമാര്‍, എം ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കറ്റംഗം ഡോ. എം എസ് മുരളി, അസി. പ്രൊഫസര്‍മാരായ ഡോ. പി എ ജാനിഷ്, ഡോ. കെ എസ് സുനീഷ്, നീന ജോര്‍ജ്, എ എം ജോര്‍ജ് എന്നിവരാണ് അഭിമന്യുവിന്റെ വീട് സംന്ദര്‍ശിക്കുന്ന സംഘത്തിലുണ്ടായിരുന്നത്. അധ്യാപകരും അനധ്യാപകരും സ്വരൂപിച്ച 5,40,000 രൂപയുടെ ചെക്ക് അഭിമന്യുവിന്റെ പിതാവ് മനോഹരന് പ്രിന്‍സിപ്പല്‍ കൈമാറിയിരുന്നു.

We use cookies to give you the best possible experience. Learn more