ബെംഗളൂരു: മാളില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍ സ്വാതന്ത്ര്യ സമരസേനാനികളോടൊപ്പം ഹിന്ദുത്വ നേതാവ് സവര്‍ക്കറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയതില്‍ രോഷാകുലനായി യുവാവ്. മഹാത്മാഗാന്ധിയും ചന്ദ്രശേഖര്‍ ആസാദും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പമാണ് സവര്‍ക്കറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശിവമോഗ്ഗയിലെ ബി.എച്ച് റോഡിലെ സിറ്റി സെന്റര്‍ മാളിലാണ് സംഭവം.
പ്രദര്‍ശനത്തില്‍ സവര്‍ക്കറിന്റെ ഫോട്ടോ കണ്ടതോടെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സവര്‍ക്കര്‍ സ്വാതന്ത്യസമര സേനാനിയല്ലെന്നും മറിച്ച് ദേശദ്രോഹിയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സ്വാതന്ത്ര സമര കാലത്ത് നിരവധി മുസ്‌ലിങ്ങള്‍ രാജ്യത്തിന് വേണ്ടി ബലി നല്‍കിയിട്ടുണ്ടെന്നും അവരുടെയൊന്നും ചിത്രങ്ങള്‍ എവിടേയും പ്രദര്‍ശിപ്പിച്ചു കണ്ടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
സ്വാതന്ത്ര സമരസേനാനികളുടെ ചിത്രപ്രദര്‍ശനത്തില്‍ നിന്ന് സവര്‍ക്കറിന്റെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ മാളിന് പുറത്ത് ധര്‍ണ നടത്തിയതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിന് പിന്നാലെ പ്രദേശത്ത് വര്‍ഗീയ കലാപ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളെന്ന് ന്യൂസ്18 റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.