|

കെട്ടിവെച്ച കാശു പോലും കിട്ടാതെ എസ്.ഡി.പി.ഐ; തെരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്ത് മണ്ഡലങ്ങളില്‍ മത്സരിച്ച എസ്.ഡി.പി.ഐ സംസ്ഥാനത്ത് കാഴ്ച വെച്ചത് ദയനീയ പ്രകടനം. 2014ല്‍ നസ്‌റുദ്ദീന്‍ എളമരത്തിലൂടെ 47853 വോട്ട് നേടിയ വമ്പിച്ച പ്രകടനം പുറത്തെടുത്ത മലപ്പുറത്ത് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്
അബ്ദുല്‍ മജീദ് ഫൈസിക്ക് നേടാനായത് 19095 വോട്ട് മാത്രം.

ആദ്യം മുതലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയ പൊന്നാനിയില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെ.സി നസീര്‍ 18114 വോട്ട് മാത്രമാണ് സ്വന്തമാക്കിയത്. 2014ല്‍ 26,640 വോട്ട് നേടിയിരുന്നു. ഹാദിയ വിഷയത്തില്‍ സജീവമായി ഇടപെട്ട നസീര്‍ വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.

മലപ്പുറം, പാലക്കാട്, ആറ്റിങ്ങല്‍, ആലപ്പുഴ, ചാലക്കുടി, കണ്ണൂര്‍, വടകര, പൊന്നാനി, വയനാട്, എറണാകുളം എന്നീ മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും മറ്റ് മണ്ഡലങ്ങളില്‍ മുന്നണികളെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു

കണ്ണൂര്‍, വയനാട്, വടകര, പാലക്കാട്,ചാലക്കുടി, ആറ്റിങ്ങല്‍ എറണാകുളം തുടങ്ങിയ മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും പ്രകടനം ദയനീയമായിരുന്നു. കണ്ണൂരില്‍ അബ്ദുല്‍ ജബ്ബാര്‍ 8139 വോട്ടാണ് നേടിയത്. കഴിഞ്ഞ തവണ 19,170 വോട്ടായിരുന്നു സ്വന്തമാക്കിയത്.

കഴിഞ്ഞ തവണ 15000ത്തിലധികം വോട്ട് നേടിയ വടകരയില്‍ മുസ്തഫ കോമേരിക്ക് നേടാനായത് 5541 വോട്ട് മാത്രമാണ്. എസ്.ഡി.പി.ഐ സ്വന്തമാക്കിയത്. 2014ല്‍ 10000ത്തിലധികം വോട്ട് നേടിയ വയനാട്ടില്‍ ഇക്കുറി 5379 വോട്ടിലൊതുങ്ങി. പാലക്കാട് 5749 വോട്ട് നേടിയത്.

നേരത്തേ കൊണ്ടോട്ടിയില്‍ നടന്ന മുസ്ലിം ലീഗ്-എസ്.ഡി.പി.ഐ കൂടിക്കാഴ്ച വന്‍ വിവാദമായിരുന്നു. എസ്.ഡി.പി.ഐയുമായി ഒരു സഹകരണവുമില്ലെന്നും അവരുടെ വോട്ട് വേണ്ടെന്നും ലീഗ് നേതൃത്വം ആവര്‍ത്തിക്കുന്നതിനിടയിലായിരുന്നു കൂടികാഴ്ച. എന്നാല്‍ ആരോപണം പിന്നീട് ലീഗ് നിഷേധിച്ചിരുന്നു.