| Monday, 21st May 2018, 3:04 pm

നബിയെ ഡിങ്കനോട് ഉപമിച്ചു; യുവാവിനെതിരെ പ്രതിഷേധവുമായി എസ്.ഡി.പി.ഐ; തലവെട്ടി പടച്ചോനിട്ട് കൊടുക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം

ജിന്‍സി ടി എം

കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയെ ഡിങ്കനോട് ഉപമിച്ചതിന്റെ പേരില്‍ യുവാവിനെതിരെ കൊലവിളിയുമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം. മുഹമ്മദ് നബിയെ കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡിങ്കനോട് ഉപമിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെ.ടി നിഷാന്തിനെതിരെയാണ് ഭീഷണിയുയരുന്നത്.

റംസാന്‍ വ്രതാനുഷ്ടാനത്തെ പരിഹസിച്ചും നബിയെ ഡിങ്കനോട് ഉപമിച്ചും നിഷാന്ത് ഫേസ്ബുക്കിലിട്ട കുറിപ്പാണ് ഇവരെ പ്രകോപിപ്പിച്ചത്. ഫേസ്ബുക്ക് കുറിപ്പിനു പിന്നാലെ നിഷാന്തിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു. കൂടാതെ ഇയാള്‍ക്കെതിരെ എസ്.ഡി.പി.ഐ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ഇതുപ്രകാരം മണ്ണഞ്ചേരി പൊലീസ് 153 എ പ്രകാരം നിശാന്തിനെതിരെ കേസെടുത്തിരുന്നു. ഇതിനു പുറമേയാണ് ഇയാള്‍ക്കെതിരെ കൊലവിളിയുമായി ഫേസ്ബുക്കില്‍ ചിലര്‍ രംഗത്തെത്തിയത്.

കെ.ടി നിശാന്തിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നടത്തിയ പ്രതിഷേധ പ്രകടനം

“അവന്റെ തലവെട്ടി പടച്ചോനിട്ട് കൊടുക്കണം” എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ ആഹ്വാനം ചെയ്തത്. “ഇവനെയൊക്കെയെന്തിനാ ഇങ്ങനെ വിടുന്നേ, നിയമത്തിനു മുമ്പില്‍പോലും എത്തിക്കരുത്, ചതച്ചുകളയണം” എന്നാണ് മറ്റൊരു ആഹ്വാനം.

അവന്റെ വലത് കൈ എടുത്തേക്ക് എന്നാണ് ഒരാളുടെ ആഹ്വാനം. “പൊലീസില്‍ എന്തിനാണ് പറയുന്നത്? നിയമം കയ്യിലെടുത്തൂടെ? വലതു കൈ എടുത്തേക്ക് പിന്നെ അവനൊരിക്കലും ഫേസ്ബുക്കില്‍ എഴുതൂല” എന്നാണ് യാസര്‍ അറഫാത്ത് കൊട്ടിലങ്ങാട് ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം നിഷാന്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ സ്വതന്ത്ര ചിന്തകര്‍ രംഗത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വിവാദമായ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ഇവര്‍ പിന്തുണ അറിയിക്കുന്നത്. അതേസമയം നിഷാന്ത് ഇപ്പോള്‍ ഒളിവിലാണ്.

കെ.ടി നിഷാന്തിന്റെ വിവാദമായ ഫേസ്ബുക്ക് കുറിപ്പ്:

പ്രീയ ഡിങ്ക മത വിശ്വാസികളെ…

നാളെ ഡിംസാന്‍ നോയമ്പ് ആരംഭിക്കുകയാണ്. കരുണാമയനും സര്‍വ്വ ശക്തനുമായ ഡിങ്കന്‍(സ) ഒരു ദിവസം തട്ടിന്‍ പുറത്തു കൂടെ അലയുന്ന സമയത്ത് ഒരു എലിപ്പെട്ടിയില്‍ പെട്ടു.. ആ എലിപ്പെട്ടിയില്‍ ഒരു മാസക്കാലം ഒരു നേരം തേങ്ങാക്കൊത്ത് മാത്രം തിന്നു കൊണ്ട് സര്‍വ്വ വ്യാപിയും സര്‍വ്വ ശക്തനുമായ ഡിങ്കന്‍ (സ) കഴിച്ചുകൂട്ടിയ മാസമാണ് പരിശുദ്ധ ഡിംസാന്‍ മാസം.. ആ ത്യാഗത്തിന്റേയും, സഹനത്തിന്റേയും, സഹോദര്യത്തിന്റേയും മാസമായി കണ്ട് ആണ് ഡിങ്ക മത വിശ്വാസികള്‍ ഡിംസാന്‍ നോമ്പ് ആരംഭിച്ചത്. മാസം തുടങ്ങി തേങ്ങാപ്പൂള്‍ ആകാശത്ത് ദര്‍ശിക്കുന്ന ദിവസമാണ് ഡിംസാന്‍ പെരുനാള്‍ ലോകമെമ്പാടും കൊണ്ടാടുന്നത്.

കൊലവിളി ആഹ്വാനം നടത്തിക്കൊണ്ടുള്ള പോസ്റ്റുകളില്‍ ഒന്ന്‌

ഈ ഡിംസാനെ അനുകരിച്ച് ചില മതക്കാര്‍ രാവിലെ തന്നെ ബീഫും പൊറോട്ടയും വെട്ടി വിഴുങ്ങി. വൈകുന്നേരം വരെ ആഹാരം കഴിക്കാതിരുന്ന ശേഷം ചിക്കന്‍ ബിരിയാനി കൂടി അടിച്ചു കയറി തലകുത്തി നില്‍ക്കുന്ന നിലയില്‍ ചില ആചാരങ്ങള്‍ നടത്തുന്നത് കണ്ടില്ലെന്ന് നടിക്കണം.. പ്രത്യേകിച്ച് മായാവി മതക്കാ. അനുകരണങ്ങളില്‍ ഒന്നും തന്നെ ഡിങ്ക വിശ്വാസികള്‍ ഈ പുണ്യമാസത്തില്‍ വീഴാതെ.. ഒരു കൊത്ത് തേങ്ങ കഴിച്ചോ ഒരു മൂട് കപ്പ കഴിച്ചോ ഈ പരിശുദ്ധ മാസം ഡിങ്ക വചനങ്ങള്‍ ഉദ്ധരിച്ചും, പരംപൊരുളായ പരിശുദ്ധ ബാലമംഗളത്തിന്റെ ലക്കങ്ങള്‍ വായിച്ചും, പങ്കില നാഥ സന്നിധിയില്‍ എത്തിച്ചേരുന്നതിനുള്ള പ്രാര്‍ഥനയില്‍ മുഴുകണമെന്ന് ലോകനാഥനായ ഡിങ്കന്‍ (സ) ന്റെ പേരില്‍ അഭ്യര്‍ഥിക്കുന്നു.

മാസങ്ങളുടെ നായകനെന്ന പ്രശസ്ത ഡിങ്ക പ്രവാചകന്‍ കപീഷ് (സ)പ വിശേഷിച്ച വിശുദ്ധ ഡിംസാനിന്റെ ഓരോ നിമിഷവും അനര്‍ഘവും അമൂല്യവുമാണ്. സ്വഛന്ദമായ ശരീരേച്ഛകള്‍ക്ക് കീഴ്‌പെട്ട് മനുഷ്യന്‍ അനേകം തെറ്റുകള്‍ക്ക് വശംവദനാകുന്നുണ്ട്. കറുത്തുപോയ ഇത്തരം ഹൃദയങ്ങളെ ആത്മീയതയുടെ തെളിനീരില്‍ കഴുകിയെടുക്കുമ്പോള്‍ ഹൃദയം സംശുദ്ധമാകുന്നു.

സുകൃതങ്ങള്‍ ആവാഹിക്കാന്‍ അതുമൂലം മനുഷ്യന്‍ പര്യപ്തനാവുകയാണ്. ആ ആത്മീയ പരിവേഷം സര്‍വരോടും ഗുണകാംഷ പകരുമെന്നതില്‍ സന്ദേഹമില്ല. പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ പിതാവെന്നറയിപ്പെടുന്ന മാര്‍ക്‌സ് സുക്കര്‍ബര്‍ഗ്ഗ് , വൈദ്യശാസ്ത്ര രംഗത്ത് ഭൂവന പ്രശസ്തയായ മിയാ ഖലീഫ , എന്നിവര്‍ രോഗശമനത്തിന് ഡിംസാന്‍ വൃതമാണ് നിര്‍ദേശിച്ചിരുന്നത്.

സുപ്രസിദ്ധ ഗ്രീക്ക് ചിന്തകന്‍ സ്റ്റീവ് വോ പറഞ്ഞത് ഭക്ഷണം ലഘുവാക്കുക, എന്നാല്‍ രോഗങ്ങളില്‍ നിന്ന് മുക്തി നേടാം” എന്നായിരുന്നു. ആരോഗ്യ സംരക്ഷണത്തിന് ഡിംസാന്‍ നോമ്പ് ഏറെ സഹായകമാണെന്ന്. ആഗോളതലത്തില്‍ നടന്ന ആരോഗ്യ സംരക്ഷണ ചര്‍ച്ചകളില്‍ പോലും (സാന്‍ഫ്രാന്‍സിക്കോയില്‍) ഇത് അംഗീകരിക്കപ്പെട്ടതാണ്.

ഡിംസാന്‍ നിലാവ് തേങ്ങാക്കൊത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത് വരെ നോമ്പ് തുടരണമെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു..

ഈ വിഷയത്തില്‍ പ്രതികരണമാരാഞ്ഞ് എസ്.ഡി.പി.ഐ പ്രാദേശിക നേതൃത്വവുമായി ഡൂള്‍ന്യൂസ് ബന്ധപ്പെട്ടെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരണം ലഭിച്ചിട്ടില്ല. പ്രാദേശിക നേതൃത്വത്തിന്റെ പ്രതികരണം ലഭിക്കുന്ന മുറയ്ക്ക് വാര്‍ത്തയ്‌ക്കൊപ്പം ചേര്‍ക്കുന്നതായിരിക്കും.

ജിന്‍സി ടി എം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more