മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണയോടെ എസ്.ഡി.പി.ഐ അംഗം പഞ്ചായത്ത് പ്രസിഡന്റായി. ടി. ഇസ്മയിലിനെ പ്രസിഡന്റായും ബി.ജെ.പിയുടെ പുഷ്പാവതി ഷെട്ടിയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.
മഞ്ചേശ്വരം അതിരിടുന്ന തലപ്പാടി പഞ്ചായത്തില്‍ 24 അംഗങ്ങളില്‍ ബി.ജെ.പി 13, എസ്.ഡി.പി.ഐ 10, കോണ്‍ഗ്രസ് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
എന്നാല്‍ കോണ്‍ഗ്രസ് അംഗം വൈഭവ് ഷെട്ടി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. എസ്.ഡി.പി.ഐയുടെ ഡി.ബി. ഹബീബ ഉംറക്ക് പോയതിനാല്‍ അവര്‍ക്കും ഹാജരാകാന്‍ സാധിച്ചില്ല.
പ്രസിഡന്റ് സ്ഥാനത്തക്ക് ഇസ്മയിലും ബി.ജെ.പി അംഗം സത്യരാജും തമ്മിലാണ് മത്സരിച്ചത്. ഇരുവര്‍ക്കും 11 വീതം വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പ് നടത്തുകയായിരുന്നു. നറുക്കെടുപ്പില്‍ ഇസ്മയില്‍ വിജയിക്കുകയായിരുന്നു. വനിത ബണ്ട്‌സ് വിഭാഗത്തിന് സംവരണം ചെയ്ത വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആ വിഭാഗം അംഗങ്ങള്‍ മത്സരിക്കാന്‍ ഇല്ലാത്തതിനാല്‍ പുഷ്പാവതി ഷെട്ടിയെ ഏകകണ്‌ഠേന തെരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം രഹസ്യ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഫയാസ്, മുഹമ്മദ് എന്നീ അംഗങ്ങളുടെ പിന്തുണ ഇസ്മയിലിന് ലഭിച്ചെന്ന് കരുതുന്നതായി എസ്.ഡി.പി.ഐ ജനപ്രതിനിധികളുടെ കര്‍ണാടക ചുമതല വഹിക്കുന്ന നവാസ് ഉള്ളാള്‍ പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
content highlights: SDPI panchayat president with BJP support in Thalappadi, Karnataka