Advertisement
national news
'കോര്‍പറേറ്റ് കമ്പനി എന്ന നിലക്കാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്'; എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി തസ്‌ലിം റഹ്‌മാനി രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 08, 11:50 am
Monday, 8th November 2021, 5:20 pm

കോഴിക്കോട്: എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി തസ്‌ലിം റഹ്‌മാനി പാര്‍ട്ടി പ്രാഥമികാംഗത്വമടക്കമുള്ള സ്ഥാനങ്ങള്‍ രാജിവെച്ചു.

രാജി പാര്‍ട്ടിക്ക് നല്‍കിയതായും അത് സ്വീകരിച്ചെന്നും അദ്ദേഹം ഫേസ്ബുക്കില്‍ അറിയിച്ചു. കൂടാതെ, ദേശീയ പ്രസിഡന്റിന് അയച്ച കത്തും അദ്ദേഹം പുറത്തുവിട്ടു.

രാഷ്ട്രീയ പാര്‍ട്ടി എന്നതിനേക്കാള്‍ കോര്‍പറേറ്റ് കമ്പനി എന്ന നിലക്കാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കത്തില്‍ കുറ്റപ്പെടുത്തി.

പൊതുസമൂഹത്തെ തുറന്ന രീതിയില്‍ സമീപിക്കാനും ഫലം നേടുന്നതിനുമായി ഒരു രാഷ്ട്രീയ സംസ്‌കാരവും പെരുമാറ്റവും സ്വീകരിക്കുന്നതിന് നയങ്ങള്‍ മാറ്റാന്‍ ഞാന്‍ പലതവണ ശ്രമിക്കുകയും വാദിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്ന രാഷ്ട്രീയ സ്വഭാവം സൃഷ്ടിക്കാനോ, അനുകൂലമായ തെരഞ്ഞെടുപ്പ് നയം രൂപപ്പെടുത്താനോ, പൊതു-മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാന്‍ പാര്‍ട്ടി മുഖങ്ങളെ പ്രോത്സാഹിപ്പിക്കാനോ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സമീപനം വിലപ്പെട്ട സമയവും സമുദായത്തന്റെ വിഭവങ്ങളും നഷ്ടപ്പെടുത്തുകയേ ചെയ്യൂവെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

അംഗത്വമടക്കം രാജിവെച്ചെങ്കിലും എസ്.ഡി.പി.ഐയുടെ ആശയത്തെയും പ്രവര്‍ത്തനത്തെയും താന്‍ ആദരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: SDPI National Secretary Taslim Rahmani has resigned from his post, including party primary membership.