|

ഇതായിരുന്നു അഭിമന്യുവിന്റെ രാഷ്ട്രീയം; ജാര്‍ഖണ്ഡിലെ മുസ്‌ലിം ജനതയ്‌ക്കെതിരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് കൊണ്ടുള്ള പോസ്റ്റ് വൈറലാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ക്യാംപസ് ഫ്രണ്ട്-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ മഹാരാജാസിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ജാര്‍ഖണ്ഡിലെ കൊദേര്‍മ ജില്ലയില്‍ നോമ്പുതുറ സമയത്ത് പള്ളി ആക്രമിച്ച് കലാപത്തിന് ശ്രമിച്ചവര്‍ക്കെതിരെ പ്രതിഷേധിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് അഭിമന്യു കഴിഞ്ഞ മാസമിട്ട സ്റ്റാറ്റസാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

“നോമ്പുതുറ വേളയില്‍ പള്ളി ആക്രമിക്കുകയും മുസ്‌ലിം ജനതയ്‌ക്കെതിരെ അക്രമം അഴിച്ചുവിടുകയും ചെയ്തു. ജാര്‍ഖണ്ഡിലെ കൊദേര്‍മ ജില്ലയില്‍ നോമ്പുതുറ സമയത്ത് ജനക്കൂട്ടം പള്ളി ആക്രമിച്ചു. മുസ്‌ലിം വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായതോടെ അവര്‍ അര്‍ധരാത്രി വീട്ടില്‍ നിന്ന് പലായനം ചെയ്തു. രക്ഷപ്പെട്ട് കലക്ട്രേറ്റില്‍ അഭയം തേടിയവരെ തിരഞ്ഞ് വീണ്ടും അക്രമികളെത്തി. ഇവരെ പോലീസ് പിടികൂടി. ഇതിന് പ്രതികാരമായി പോലീസുകാരെ അക്രമി സംഘം തടവിലാക്കി. അറസ്റ്റ് ചെയ്തവരെ വിട്ടയച്ചില്ലെങ്കില്‍ പോലീസുകാരെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി. ഒടുവില്‍ അറസ്റ്റ് ചെയ്തവരെ പോലീസ് വിട്ടയച്ചു. പള്ളികളും വീടുകളും ആക്രമിച്ചവര്‍ മുസ്‌ലിംകളെ ക്രൂരമായി മര്‍ദ്ദിച്ചു. നിരവധി പേര്‍ ആശുപത്രിയിലാണ്. തിരിച്ചുവന്നാല്‍ കൊന്നുകളയുമെന്നാണ് ഭീഷണി. പ്രധിഷേധിക്കുക” എന്നായിരുന്നു പോസ്റ്റ്.

ഇതായിരുന്നു അഭിമന്യുവിന്റെ രാഷ്ട്രീയം എന്ന് പറഞ്ഞ് കൊണ്ട് നിരവധി പേരാണ് ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും പോസ്റ്റും ഷെയര്‍ ചെയ്യുന്നത്. ദളിത് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് അഭിമന്യു ഇട്ട സ്റ്റാറ്റസും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

അഭിമന്യുവിന്റെ മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ കൊലയാളികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയ്ക്കകത്തും പുറത്തും വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.

Image may contain: 1 person, smiling, standing

തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്. മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20ഓളം വരുന്ന സംഘം കോളേജിലേക്ക് ആതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം. അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു. കെമിസ്ട്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഭിമന്യൂ.

വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറെ പിന്നിലുള്ള ഇടുക്കിയിലെ വട്ടവട പഞ്ചായത്തില്‍ നിന്നും സാഹചര്യങ്ങളോട് പടവെട്ടിയാണ് അഭിമന്യു മഹാരാജാസിലെത്തിയത്. വട്ടവടയിലെ കൊട്ടക്കമ്പൂരാണ് അഭിമന്യുവിന്റെ ഊര്.

Image may contain: 6 people, people standing, outdoor and nature

മഹാരാജാസിലെ എന്‍.എസ്.എസ് സ്‌കീമിന്റെ സെക്രട്ടറി കൂടിയാണ് പഠനത്തില്‍ മോശമല്ലാത്ത അഭിമന്യു. ഇടുക്കി മേഖലയില്‍ നിന്നും സി.പി.ഐ.എം സംഘടനാ നേതൃത്വത്തിലെത്താന്‍ കഴിവുള്ള ആളായിരുന്നു അഭിമന്യുവെന്ന് പാര്‍ട്ടിയുടെ ജില്ലാ നേതൃത്വവും വ്യക്തമാക്കുന്നുണ്ട്. എസ്.എഫ്.ഐയുടെ ഇടുക്കി ജില്ലാ കമ്മറ്റിയില്‍ അംഗം കൂടിയാണ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി.