കോഴിക്കോട്: ആലപ്പുഴയില്‍ എസ്.ഡി.പി.ഐ. നേതാവ് കെ.എസ്. ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ ഹിന്ദു ഐക്യവേദി നേതാവ്
വത്സന്‍ തില്ലങ്കേരിയെന്ന് എസ്.ഡി.പി.ഐ. ഇന്നലെ ആലപ്പുഴയിലെത്തിയ വത്സന്‍ തില്ലങ്കേരി കൊല ആസൂത്രണം ചെയ്തെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്മാന്‍ ആരോപിച്ചു.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെയും പിന്നാക്ക ജനവിഭാഗങ്ങളെയും ഭയപ്പെടുത്തിയും കൊലപ്പെടുത്തിയും ഒരു സവര്‍ണസാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമമാണ് ആര്‍.എസ്.എസ് നടത്തുന്നത്. ഇതിനെതിരെ നിയമപരമായും ജനാധിപത്യപരമായും നേരിടുന്ന എസ്.ഡി.പി.ഐയോടുള്ള എതിര്‍പ്പാണ് കൊലപാതകത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. സാധാരണ ജനങ്ങളെ ആക്രമിച്ച് ഭയപ്പെടുത്തി കൊണ്ട് ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധം കേരളത്തില്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും പി.കെ. ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴയില്‍ ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും മണിക്കൂറുകളുടെ ഇടവേളയിലാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം രാത്രിയാണ് എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നു ഷാനിന് വെട്ടേറ്റത്.
ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു.
ടീപോയി അടക്കമുള്ള സാധനങ്ങള്‍ തല്ലപൊട്ടിക്കുന്ന ശബ്ദം കേട്ട് ഹാളിലേക്കെത്തിയ രഞ്ജിത്തിന്റെ ഭാര്യയുടേയും അമ്മയുടേയും മകളുടേയും മുന്നിലിട്ടാണ് വെട്ടിയത്.
ആലപ്പുഴ നഗരത്തിന് സമീപം സക്കറിയ ബസാറിലെ വെള്ളക്കിണറിനടുത്തായിരുന്നു സംഭവം. വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.