കോഴിക്കോട്: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മുമായി ധാരണയുണ്ടെന്ന മുസ്‌ലിം ലീഗ് ആരോപണം തള്ളി എസ്.ഡി.പി.ഐ. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.
‘ലീഗും ആര്‍.എസ്.എസും തമ്മില്‍ ധാരണയുണ്ടെന്ന പ്രചാരണങ്ങളുണ്ട്. ഇതിനെ പ്രതിരോധിക്കാനാണ് മജീദിന്റെ ആരോപണം. സി.പി.ഐ.എമ്മിന് സമാനമായി വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് വോട്ട് നേടുക എന്ന ദുഷ്ടലാക്കാണ് ലീഗും സ്വീകരിക്കുന്നത്’, ഫൈസി പറഞ്ഞു.
ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനമാണിത്. കെ.പി.എ മജീദ് പറഞ്ഞ 62 തദ്ദേശസ്ഥാപനങ്ങളുടെ വിവരങ്ങള്‍ അവര്‍ തന്നെ വ്യക്തമാക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫിന് ധാരണയുണ്ടെങ്കില്‍ അത് ആണത്തത്തോടെ പ്രഖ്യാപിക്കുകയാണ് വേണ്ടത്. അല്ലാതെ അതിനോട് തൂക്കം ഒപ്പിക്കാന്‍ എസ്.ഡി.പി.ഐ-സി.പി.ഐ.എം ധാരണയുണ്ടെന്ന് പറയരുതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എം സ്ഥാനാര്‍ഥികളെ പിന്തുണക്കാന്‍ നിര്‍ദേശം നല്‍കുക എന്നത് തങ്ങളുടെ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തുന്നതിന് തുല്യമാണ്. അതേസമയം, നാദാപുരത്ത് ഒരു വാര്‍ഡില്‍ എല്‍.ഡി.എഫ് നിര്‍ത്തിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ എസ്.ഡി.പി.ഐ പിന്തുണക്കുന്നുണ്ട്.
സ്ഥാനാര്‍ത്ഥി കത്ത് നല്‍കി പിന്തുണ തേടിയതിന്റെ അടിസ്ഥാനത്തിലാണത്. പാര്‍ട്ടിക്ക് അവിടെ സ്വന്തമായി മത്സരിക്കാന്‍ ശക്തിയില്ല. കൂടാതെ സ്ഥാനാര്‍ഥി ഒരു പാര്‍ട്ടിയുടെയും ആളല്ലാത്തതിനാലാണ് പിന്തുണക്കുന്നതെന്നും അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.
നേരത്തെ സംസ്ഥാനത്ത് പലയിടത്തും സി.പി.ഐ.എം-എസ്.ഡി.പി.ഐ ധാരണയുണ്ടെന്ന് കെ.പി.എ മജീദ് പറഞ്ഞിരുന്നു.
‘കണ്ണൂരിലെ സി.പി.ഐ.എം നേതാക്കളാണ് പുതിയ നീക്കത്തിന് നേതൃത്വം വഹിച്ചത്. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് സി.പി.ഐ.എം ഇത്തരമൊരു നീക്കം നടത്തിയത്’, മജീദ് പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ് നടത്തിയത് രഹസ്യ ഇടപാടല്ല. മുന്നണിക്ക് പുറത്തുള്ള കക്ഷികളുമായി നീക്കുപോക്കുണ്ടെന്ന് തെരഞ്ഞെടുപ്പിന് മുന്നേതന്നെ യു.ഡി.എഫ് വ്യക്തമാക്കിയിരുന്നുവെന്നും മജീദ് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക