എറണാകുളം: എറണാകുളത്ത് മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിനെ കുത്തിക്കൊന്ന സംഭവത്തില്‍ ന്യായീകരണവുമായി എസ്.ഡി.പി.ഐ.
രാഷ്ട്രീയ പാര്‍ട്ടിയുടെ വാലായി പ്രവര്‍ത്തിക്കുന്ന എസ്.എഫ്.ഐ പോലെയുളള വിദ്യാര്‍ത്ഥി സംഘടനകള്‍ മറ്റുളള ചെറു സംഘങ്ങള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുമ്പോള്‍ ഉണ്ടാകുന്ന ചില പ്രതികരണങ്ങളായിട്ടാണ് ഇതിനെ മനസിലാക്കുന്നതെന്നായിരുന്നു എസ്.ഡി.പി.ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലിയുടെ പ്രതികരണം. ക്യാംപസ് ഫ്രണ്ട് എസ്.ഡി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടന അല്ലെന്നും ഷൗക്കത്തലി പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
എസ്.ഡി.പി.ഐ ഒരു അക്രമത്തെയും അനുകൂലിക്കുന്നില്ല. ഒരു അക്രമത്തിനും പ്രോത്സാഹനം നല്‍കുന്നില്ല. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായാല്‍ പാര്‍ട്ടി ചട്ടങ്ങള്‍ അനുസരിച്ച് അവര്‍ക്കെതിരെ നടപടി എടുക്കും.
കുത്തിക്കൊലയും അക്രമവും ഒന്നും മഹാരാജാസില്‍ പുതിയ സംഭവമല്ല. ഹോസ്റ്റലില്‍നിന്നും കഴിഞ്ഞ നാളുകളില്‍ ഇരുമ്പുവടിയും വടിവാളും കത്തിയുമൊക്കെ പിടികൂടിയിരുന്നു. വാര്‍ക്കപ്പണിക്കുളള സാധനങ്ങളാണെന്നാണ് അന്ന് എസ്.എഫ്.ഐ നല്‍കിയ വിശദീകരണം. അടുത്തിടെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചു. ഇങ്ങനെയുളള നിരവധി അക്രമസംഭവങ്ങള്‍ക്ക് എസ്എഫ്ഐ ഇതിന് മുന്‍പും നേതൃത്വം നല്‍കിയിട്ടുണ്ടെന്നുമായിരുന്നു ഷൗക്കത്തലിയുടെ ന്യായം.
രാത്രി 12:30ഓടെ ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന അഭിമന്യുവിനെയും അര്‍ജുനെയും ക്യാംപസ് ഫ്രണ്ട്-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.
ഇന്ന് കോളെജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരുന്ന ദിവസമാണ്. ഇതിനായി വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ടുളള പോസ്റ്ററുകളും ചുവരെഴുത്തുകളും തയ്യാറാക്കുന്നതിനെ ചൊല്ലി ഞായറാഴ്ച രാത്രി ക്യാംപസ് ഫ്രണ്ട്-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെയുളള ആക്രമണം.