കൊച്ചി: ഇരട്ട കൊലപാതകത്തിന് പിന്നാലെ ആലപ്പുഴ ജില്ലയില്‍ പൊലീസ് തങ്ങളെ വേട്ടയാടുകയാണെന്ന് എസ്.ഡി.പി.ഐ. സംഭവ ദിവസം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
പൊലീസിന്റെ നരനായാട്ടാണ് ജില്ലയില്‍ നടക്കുന്നത്. ഷാനിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ചേര്‍ത്തല, വയലാര്‍ ഭാഗങ്ങളിലുള്ള നിരവധി എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞിട്ടും പൊലീസ് നോക്കുകുത്തിയാവുകയായിരുന്നു. നിക്ഷ്പക്ഷമായി അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായാല്‍ അതുമായി പാര്‍ട്ടി സഹകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
പക്ഷപാതപരമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. ഷാനിന്റെ മരണത്തിന് ശേഷം അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം പകരം 50ഓളം ആര്‍.എസ്.എസ് നേതാക്കള്‍ക്ക് സുരക്ഷയൊരുക്കുകയായിരുന്നുവെന്ന് ഐ.ജി ഹര്‍ഷിത അട്ടല്ലൂരി തന്നെ പറഞ്ഞതാണെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി സാലിമിനെ പൊലീസ് ക്രൂരമായി മര്‍ദിച്ച് നട്ടെല്ലിന് പരിക്കേല്‍പ്പിച്ചു. ഫിറോസ് എന്ന പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത ഉടനെ ജീപ്പില്‍ വെച്ച് മര്‍ദിച്ചു. ആലപ്പുഴ ഡിവൈ.എസ്.പി ഓഫിസിലെ സി.സി.ടി.വിയില്‍ പതിയാത്ത രീതിയില്‍ മാറ്റി നിര്‍ത്തി ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചു. രാജേഷ് എന്ന പൊലീസുകാരന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനവും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചെന്നും നേതാക്കള്‍ പറഞ്ഞു.