| Tuesday, 31st July 2018, 4:24 pm

'അടുത്ത അഭിമന്യൂമാരായി നിങ്ങളെ മാറ്റും' ; കോളേജ് മാഗസിന്‍ കത്തിച്ചത് ചോദ്യം ചെയ്ത എസ്.എഫ്.ഐക്കാരോട് എസ്.ഡി.പിഐ- കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറം പാലേമാട് കോളേജില്‍ “അഭിമന്യൂ” എന്ന പേരില്‍ കോളേജ് യൂണിയന്‍ പുറത്തിറക്കിയ മാഗസിന്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടുറോഡില്‍ കത്തിച്ചത് ചോദ്യം ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകരോട് ഭീഷണിമുഴക്കി എസ്.ഡി.പി.ഐ- കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍.

പ്രതികരിക്കാനാണ് ഭാവമെങ്കില്‍ അടുത്ത അഭിമന്യൂമാരായി നിങ്ങള്‍ മാറുമെന്നായിരുന്നു എസ്.ഡി.പി.ഐയുടേയും കാമ്പസ് ഫ്രണ്ടിന്റേയും പ്രവര്‍ത്തകരുടെ ഭീഷണിയെന്ന് പാലേമാട് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഷിബില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“ഇന്നലെയാണ് ഞങ്ങള്‍ മാഗസിന്റെ പ്രകാശനം നടത്തിയത്. അഭിമന്യൂ എന്നായിരുന്നു ഞങ്ങള്‍ മാഗസിന് പേരിട്ടത്. ഇന്ന് രാവിലെ കുട്ടികള്‍ക്കെല്ലാവര്‍ക്കും അത് വിതരണം ചെയ്യുകയും ചെയ്തു. അതിന് ശേഷം ഇന്ന് രാവിലെ കോളേജില്‍ എത്തിയ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും പിന്നെ പുറത്തുള്ള എസ്.ഡി.പി.ഐക്കാരും കോളേജിലേക്ക് കയറുന്ന വഴിയില്‍ വെച്ച് മാഗസിന്‍ പരസ്യമായി കത്തിക്കുകയായിരുന്നു.


കൊന്നിട്ടും തീരാത്ത പക; അഭിമന്യൂവിന്റെ പേരില്‍ പുറത്തിറക്കിയ പാലേമാട് കോളേജ് മാഗസിന്‍ കാമ്പസ് ഫ്രണ്ടുകാര്‍ നടുറോഡില്‍ കത്തിച്ചു


ഇത് ചോദ്യം ചെയ്തപ്പോള്‍ അടുത്ത അഭിമന്യൂമാരായി നിങ്ങള്‍ മാറും എന്ന രീതിയിലായിരുന്നു അവരുടെ പ്രതികരണ”മെന്നും പാലേമങ്ങാട് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഷിബില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അഭിമന്യൂ എന്ന പേരില്‍ മാഗസിന്‍ ഇറക്കാന്‍ പോകുന്നു എന്നറിഞ്ഞതുമുതല്‍ അവര്‍ പല രീതിയിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. മാനേജുമെന്റുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളെല്ലാം ഉണ്ടായിക്കിയെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഇന്നലെയാണ് മാഗസിന്‍ പ്രകാശനം ചെയ്യാന്‍ കഴിഞ്ഞത്. അതില്‍ പ്രതിഷേധിച്ചാണ് അവര്‍ മാഗസിന്‍ കത്തിച്ചത്.

കോളേജിലെ കാമ്പസ് ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥികളും പുറത്തുനിന്നുള്ള എന്‍.ഡി.എഫുകാരുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കോളേജില്‍ എട്ടോ പത്തോ പ്രവര്‍ത്തകരേ കാമ്പസ് ഫ്രണ്ടിന്റേതായുള്ളൂ. പക്ഷേ ആ സാന്നിധ്യം അവര്‍ ശക്തമായി തന്നെ അറിയിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് യൂണിയന്‍ കമ്മിറ്റിയൊക്കെ കോളേജിലുണ്ട്.

സംഭവത്തില്‍ എടക്കര പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഷിബില്‍ പറഞ്ഞു. മാഗസിന്‍ കത്തിച്ച സംഭവത്തിലും വധഭീഷണി മുഴക്കിയ സംഭവത്തിലുമാണ് പരാതി നല്‍കിയത്. കോളേജിലെ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനായ തൗഫീഖാണ് മാഗസിന്‍ കത്തിക്കുന്നതിന് നേതൃത്വം നല്‍കിയതെന്നും ഷിബില്‍ പറഞ്ഞു. കാമ്പസ് ഫ്രണ്ടിന്റെ നടപടിക്കെതിരെ കോളേജില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more