തിരുവനന്തപുരം: മുസ്‌ലിം ലീഗ് സമൂഹത്തില്‍ വര്‍ഗീയതയുടെ നിറം പടര്‍ത്താന്‍ നോക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വഖഫ് വിഷയത്തില്‍ ഇതാണ് സംഭവിക്കുന്നതെന്നും മഖ്യമന്ത്രി പറഞ്ഞു. പാറപ്രത്ത് സി.പി.ഐ.എം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വഖഫ് നിയമന പ്രശ്‌നത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല. അതുകൊണ്ടാണ് പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. സമസ്തയിലെ രണ്ട് വിഭാഗവും മുജാഹിദിലെ ഒരു വിഭാഗവും ഇതിനെ അംഗീകരിച്ചു. ലീഗിന് മാത്രമാണ് ഇത് അംഗീകരിക്കാന്‍ കഴിയാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫിലെ ഒന്നാം പാര്‍ട്ടിയെന്നാണ് ഇപ്പോള്‍ ലീഗ് കരുതുന്നത്. എന്നാല്‍ കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കീഴില്‍ മുസ്‌ലിം ലീഗിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. ലീഗിന്റെ സമ്മേളനങ്ങളിലുണ്ടാകുന്ന ആള്‍ക്കൂട്ടം സ്വയംഭൂവായി ഉണ്ടാകുന്നതാണെന്നും സമ്മേളനത്തില്‍ തന്റെ അച്ഛന്റെ പേര് വലിച്ചിഴച്ചെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്നു. കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും നോക്കി ആക്രമിക്കുന്നു. സംഘപരിവാറിനെ നേരിടാന്‍ അവര്‍ മതിയെന്ന് ന്യൂനപക്ഷ വിഭാഗത്തിലെ തീവ്രവാദികള്‍ കരുതുന്നു. തങ്ങള്‍ എന്തൊക്കെയോ ചെയ്തു കളയും എന്നാണ് എസ്.ഡി.പി.ഐ കരുതുന്നത്. എസ്.ഡി.പി.ഐ യും ആര്‍.എസ്.എസും പരസ്പരം വളമാകുന്നു. വലിയ രീതിയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയെ നേരിടുന്നതില്‍ പ്രാദേശിക പാര്‍ട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അതിനൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാകും. കണ്ണൂരില്‍ ചേരാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനമിപ്പോള്‍ വേണ്ടെന്ന് പ്രതിപക്ഷം പറയുന്നു. ഇപ്പോള്‍ വേണ്ടെങ്കില്‍ പിന്നെ എപ്പോഴാണ് വികസനം വേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഒരു നാടിനെ ഇന്നില്‍ തളച്ചിടാന്‍ നോക്കരുത്. വരുന്ന തലുമറയുടെ ശാപമുണ്ടാക്കാന്‍ ഇടയാക്കരുത്. കേരളത്തിലെ ജനങ്ങളുടെ ഇച്ഛാശക്തിക്കു മുന്നില്‍ മഹാമാരിക്കുപോലും അടിയറവ് പറയേണ്ടിവന്നു. എതിര്‍പ്പുണ്ടെന്ന് കരുതി കെ റെയിലില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബോര്‍ഡ് നിയമനം സംബന്ധിച്ച് സര്‍ക്കാരിന് പ്രത്യേക നിര്‍ബന്ധ ബുദ്ധിയില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
വിശദമായ ചര്‍ച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുമെന്നും പി.എസ്.സിക്ക് നിയമനം വിടുന്നതിലൂടെ മുസ്‌ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത്തരം ആശങ്കകള്‍ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
കഴിഞ്ഞ നവംബര്‍ 9 നാണ് സംസ്ഥാനത്തെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള ബില്‍ നിയമസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു.
എന്നാല്‍ ഇതിനിടയില്‍ മുസ്‌ലിം ലീഗ് കോഴിക്കോട് വഖഫ് സംരക്ഷണറാലി സംഘടിപ്പിക്കുകയായിരുന്നു. പരിപാടിയ്ക്കിടെ ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷപരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.
വഖഫ് സംരക്ഷണ റാലിക്ക് മുന്നോടിയായുള്ള പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലീഗ് അധിക്ഷേപ മുദ്രാവാക്യമുയര്‍ന്നിരുന്നു. ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം, ഓര്‍ത്തു കളിച്ചോ.. സൂക്ഷിച്ചോ, സമുദായത്തിന് നേരെ വന്നാല്‍ പച്ചക്ക് കത്തിക്കും തുടങ്ങിയവയാണ് ലീഗ് റാലിയിലുണ്ടായിരുന്ന മുദ്രാവാക്യങ്ങള്‍. കെ.ടി. ജലീലിനെതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യമുയര്‍ത്തിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.